പി.ഡി ജോണ്‍ അഥവാ ജെ.പി. ഡോസ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന ജോണ്‍ പ്രഭുഡോസാണ് ഫിയാക്കോണയിലെ മറ്റൊരാള്‍. 2002 ല്‍ പി.ഡി ജോണ്‍ എന്ന പേരില്‍ ഇദ്ദേഹം ഗുജറാത്തില്‍ സന്ദര്‍ശനം നടത്തി. ഫിയാകോണയ്ക്ക് പുറമേ മറ്റ് സംഘടനകളിലും ഇയാള്‍ അംഗമായിരുന്നു. 2014 മാര്‍ച്ചില്‍ ഫിയാകോണയുടെ പ്രസിഡന്റായ ജോണ്‍ പിന്നീട് 2019 ല്‍ ചെയര്മാന് സ്ഥാനം ഏറ്റെടുത്തു. 2000 ത്തിന്റെ തുടക്കം മുതല്‍ മറ്റൊരു ക്രിസ്ത്യന്‍ സംഘടനയായ ‘പോളിസി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിലീജിയന്‍ ആന്‍ഡ് സ്റ്റേറ്റി’ല്‍ ഇദ്ദേഹം സജീവമായിരുന്നു. അമേരിക്കയുടെ ഇറാഖ് യുദ്ധത്തിന് ശേഷം ബുഷ് ഭരണകൂടം അയച്ച ഒരു സംഘത്തെ നയിച്ചത് ഇദ്ദേഹമാണ്. പാക് ജമാ അത്തിന്റെ അമേരിക്കന്‍ പ്രവാസി സംഘടനയായ ഐഎഎംസിയുമായും ഇദ്ദേഹം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അതിന്റെ വാര്‍ഷിക കണ്‍വെന്‍ഷനുകളിലും പങ്കെടുത്തിട്ടുണ്ട്. ഐഎംസി-യുഎസ്എ മൂന്നാം വാര്‍ഷിക കണ്‍വെന്‍ഷനിലെ പ്രഭാഷകരില്‍ ഒരാളായിരുന്നു. നിലവില്‍ ഫിയാകോണ വഴി ഐഎഎംസിയുടെ പ്രധാന പങ്കാളികളിലൊരാളാണ് ഇയാള്‍. മനുഷ്യാവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും പേരില്‍ ഭാരതത്തിനെതിരായ യുഎസ് നയങ്ങളെ സ്വാധീനിക്കാന്‍ പ്രചാരണം നടത്തുന്ന ഒരു ഗ്രൂപ്പിന് ഇവര്‍ ഒരുമിച്ച് രൂപം നല്‍കിയിരുന്നു.
റവ. പീറ്റര്‍ കുക്കും ഇസ്ലാമിക ശക്തികളും
ഫിയാക്കോണയുടെ ഉപദേശക സമിതിയിലെ അംഗങ്ങളില്‍ ഒരാളാണ് റവ. പീറ്റര്‍ കുക്ക്. പാക് ജമാ അത്തിന്റെ ജെഎഫ്എ, ഐഎഎംസി എന്നിവയുടെ സഖ്യകക്ഷിയും സുവിശേഷ സംഘടനയുമായ ‘ന്യൂയോര്‍ക്ക് സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസി’ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് അദ്ദേഹം. 2021 ജൂലൈ 28 ന് യുഎസ് എംപിമാരെ പങ്കെടുപ്പിച്ചുകൊണ്ട് ഐഎഎംസി നടത്തിയ കോണ്‍ഗ്രസ്ഷണല്‍ ബ്രീഫിങ് എന്ന പരിപാടിയില്‍ പീറ്റര്‍ കുക്ക് പങ്കെടുത്തു. 2021 ഡിസംബര്‍ 9 ന് ഭാരതത്തെ ‘പ്രത്യേക ഉത്കണ്ഠയുള്ള രാജ്യമായി’ പ്രഖ്യാപിക്കുന്നതിനു പ്രേരിപ്പിക്കുന്നതിനായി ഐസിഎന്‍എ, ഫിയാക്കോണ, ജെഎഫ്എ, ഐഎഎംസി എന്നിവയുള്‍പ്പെടെയുള്ള മുസ്ലിം സംഘടനകള്‍ ചേര്‍ന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റിന് കത്തെഴുതി. ന്യൂയോര്‍ക്ക് സ്റ്റേറ്റ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്, അംനെസ്റ്റി ഇന്റര്‍നാഷണല്‍, ജെനോസൈഡ് വാച്ച്, സോറോസിന്റെ ഹിന്ദു ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് എന്നീ സംഘടനകള്‍ ചേര്‍ന്ന് 2022 ഫെബ്രുവരി 23-ന് ‘ഇന്ത്യ മുസ്ലീം സ്ത്രീകളുടെ ഹിജാബ് ധരിക്കാനുള്ള അവകാശത്തെ ആക്രമിക്കുന്നു’ എന്ന വിഷയത്തില്‍ യുഎസ് എംപിമാരെ സംഘടിപ്പിച്ചു കൊണ്ടു ഒരു ബ്രീഫിങ് ഇവര്‍ സംഘടിപ്പിക്കുകയുണ്ടായി.
വ്യാജ വിവരങ്ങള്‍ നിറഞ്ഞ ഫിയാക്കോണ റിപ്പോര്‍ട്ടുകള്‍ ഭാരതത്തിലെ ക്രൈസ്തവ പീഡനങ്ങളെ സംബന്ധിച്ചുള്ള ‘ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ’ (ഇഎഫ്ഐ) യുടെ റിപ്പോര്‍ട്ടുകള്‍ വാസ്തവരഹിതവും സ്രോതസുകളില്ലാത്ത കഥകള്‍ നിറഞ്ഞതുമാണ്. സമാനമായി ക്രൈസ്തവ പീഡനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അമേരിക്കന്‍ ഭരണകൂടം ആശ്രയിക്കുന്ന മറ്റൊരു സംഘടനയാണ് ‘ഫിയാക്കോണ’. ഇഎഫ്ഐ റിപ്പോര്‍ട്ടുകളെ പോലെ തന്നെ വ്യാജ വിവരങ്ങള്‍ നിറഞ്ഞതാണ് ഫിയാക്കോണയുടെ റിപ്പോര്‍ട്ടുകളും.
ഇഎഫ്ഐ റിപ്പോര്‍ട്ടിന്റെ തനിപ്പകര്‍പ്പ്
‘ഫിയാക്കോണ വാര്‍ഷിക റിപ്പോര്‍ട്ട് 2022: 2021 ല്‍ ഭാരതത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ രേഖാമൂലമുള്ള അക്രമ’ മെന്ന പേരില്‍ ഫിയാക്കോണ 2022 ജൂലൈ മൂന്നിന് പ്രസിദ്ധീകരിച്ച 156 പേജുള്ള വാര്‍ഷിക റിപ്പോര്‍ട്ട് തന്നെ ഇതിനൊരുദാഹരണമാണ്. ഇഎഫ്ഐ റിപ്പോര്‍ട്ടുകള്‍ വര്‍ണ്ണാഭമായ ഗ്രാഫുകളും ഡാറ്റ ചിത്രീകരണവും കൊണ്ടു ഫിയാക്കോണ കൂടുതല്‍ മനോഹരമാക്കിയെന്ന് പറയുന്നതാവും ഇവ തമ്മിലുള്ള ഏക വ്യത്യാസം. കാരണം ഇഎഫ്ഐ റിപ്പോര്‍ട്ടുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ മാത്രമാണ് ഫിയാക്കോണ റിപ്പോര്‍ട്ടിലുമുള്ളത്. ഇഎഫ്ഐ സെക്രട്ടറി ജനറല്‍ വിജയേഷ് ലാല്‍, യുസിഎഫ്, ഫിയാക്കോണ അംഗമായ ജോണ്‍ ദയാല്‍, വ്യാജ പേര് എന്ന് തോന്നിപ്പിക്കുന്ന പീറ്റര്‍ ഫ്രീഡ്രിക്ക് എന്നിവരുള്‍പ്പെടെ നിരവധി വ്യക്തികളാണ് 2022 ലെ റിപ്പോര്‍ട്ട് എഡിറ്റ് ചെയ്തത്. ലളിതമായി പറഞ്ഞാല്‍, ഫിയാക്കോണയുടെ 2022 ലെ വാര്‍ഷിക റിപ്പോര്‍ട്ട് 2021 ലെ ഇഎഫ്ഐ റിപ്പോര്‍ട്ടിന് സമാനമാണ്. പരാമര്‍ശിച്ചിരിക്കുന്ന ഒരു വിവരങ്ങള്‍ക്കും ഉറവിടമോ സ്രോതസുകളോ സമയമോ തീയതിയോ നല്‍കിയിട്ടില്ല. പല സ്ഥലങ്ങളിലും, ‘അതിക്രമം’ നടന്നുവെന്നത്തിന്റെ വിവര സ്രോതസ്സുകള്‍ക്ക് സാക്ഷി മൊഴിയെന്ന് മാത്രവും മറ്റിടങ്ങളില്‍ ഇഎഫ്ഐ റിപ്പോര്‍ട്ടില്‍ നിന്നുമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഫിയാക്കോണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നിരവധി വാര്‍ത്താ പോര്‍ട്ടലുകളിലൂടെ ആഗോളതലത്തില്‍ പ്രചരിപ്പിക്കാന്‍ സാധിച്ചു. അതുകൊണ്ടു തന്നെ റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന അക്രമ സംഖ്യകളും സംഭവങ്ങളും വാര്‍ത്തകളില്‍ വായിക്കുന്ന ഒരു സാധാരണക്കാരന് ഭാരതത്തിലെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് വിശ്വസിക്കുന്നതില്‍ അതിശയോക്തിയില്ല .
വൈരുദ്ധ്യങ്ങള്‍ നിറഞ്ഞ കണക്കുകള്‍
ഫിയാക്കോണയുടെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ അതില്‍ 25ശതമാനമെങ്കിലും ഇഎഫ്ഐ റിപ്പോര്‍ട്ടിന്റെ തനിപ്പകര്‍പ്പാണെന്ന് മനസിലാവും. ഭാരതത്തിലെ ക്രിസ്ത്യാനികള്‍ക്കെതിരായ വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ യുഎസ് ദേശീയ സുരക്ഷാ താല്‍പ്പര്യത്തിന് ഗുരുതര ഭീഷണിയാണെന്ന് പോലും ഫിയാക്കോണ ചെയര്മാന് ജോണ്‍ പ്രഭുദാസ് റിപ്പോര്‍ട്ടില്‍ പറഞ്ഞുവയ്ക്കുന്നു. 2023 ലെ റിപ്പോര്‍ട്ടിലും സമാന സാഹചര്യം കാണാന്‍ സാധിക്കും. റിപ്പോര്‍ട്ടിലെ പേജ് എട്ടില്‍ 2022 ല്‍ ഭാരതത്തില്‍ ക്രൈസ്തവര്‍ക്കെതിരെ 1198 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണക്കാക്കുന്നു. രേഖപ്പെടുത്തിയ കേസുകളാവട്ടെ നൂറായും കണക്കാക്കുന്നു. എന്നാല്‍ പേജ് ഒന്‍പതിലേക്കെത്തുമ്പോള്‍ 2022 ല്‍ റിപ്പോര്‍ട്ട് ചെയ്ത ആക്രമങ്ങള്‍ 1198 ആയി തുടരുമ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തത് ആയിരമായി മാറുകയും ഭാരതത്തിലെ സംസ്ഥാനതല പട്ടികയില്‍ 1218 ആയി മാറുകയും ചെയ്യുന്നു. 2022 ലെ റിപ്പോര്‍ട്ടിലെ പേജ് 22 അവസാനിപ്പിക്കുന്നത് 2021 ലെ ആക്രമണങ്ങളുടെ എണ്ണം 761 സംഭവങ്ങളായാണ്. എന്നാല്‍ അതില്‍ തന്നെയുള്ള സംസ്ഥാനതല പട്ടിക പ്രകാരം യഥാര്‍ത്ഥ കേസുകള്‍ 759 ആണെന്ന വൈരുദ്ധ്യവും കാണാം. മാത്രമല്ല, റിപ്പോര്‍ട്ടിലെ മൂന്നിലോന്ന് സംഭവങ്ങള്‍ക്കും സ്രോതസ്സില്ല. മൂന്നില്‍ രണ്ട് ഭാഗം റിപ്പോര്‍ട്ടുകളും ‘ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്ത്യ’യുടെ ഭാഗമായി 1998 ല്‍ സ്ഥാപിച്ച ‘റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്റെ’ റിപ്പോര്‍ട്ടില്‍ നിന്നും പകര്‍ത്തിയതാണെന്ന് മനസിലാക്കാം.
വിചിത്രമായ ക്രൈസ്തവ പീഡന ആരോപണങ്ങള്‍
സംഭവങ്ങളുടെ ആവര്‍ത്തിച്ചുള്ള രേഖപ്പെടുത്തലും ഈ റിപ്പോര്‍ട്ടുകളുടെ പ്രധാന പ്രശ്നമാണ്. ഉദാഹരണത്തിന്, 2023 ലെ ഫിയാക്കോണയുടെ റിപ്പോര്‍ട്ടില്‍ യുപിയെയും ഛത്തീസ്ഗഢിനെയും ക്രിസ്ത്യാനികള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടത്തിയ സംസ്ഥാനങ്ങളായി കാണിക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ കേസുകള്‍ ഒന്നിലധികം തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി കാണാം. യുപിയിലെ മതപരിവര്‍ത്തനത്തിനെതിരായ നിയമം ലംഘിച്ചതിന് ഒരു പാസ്റ്ററെ അസംഗഡില്‍ അറസ്റ്റ് ചെയ്തത് പത്ത് വ്യത്യസ്ത സംഭവങ്ങളായി കാണിച്ചു റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ ലഖിംപൂര്‍, റൂര്‍ക്കി, അമേഠി തുടങ്ങിയ സഥലങ്ങളില്‍ സഭകള്‍ക്ക് സംഭവിച്ചിട്ടുള്ള തടസ്സങ്ങള്‍ നാലും അഞ്ചും തവണ റിപ്പോര്‍ട്ടില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. ഛത്തീസ്ഗഢ്, രാജസ്ഥാന്, മദ്ധ്യപ്രദേശ് , ഗുജറാത്ത്, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആവര്‍ത്തിച്ച് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഒരു അതിക്രമം മൂന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അത് മൂന്ന് അതിക്രമങ്ങളായാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ മാതൃക പിന്തുടര്ന്ന്, ഉത്തരാഖണ്ഡ് മതപരിവര്‍ത്തന വിരുദ്ധ ബില്ലുമായി ബന്ധപ്പെട്ട എല്ലാ പത്രവാര്‍ത്തകളും ക്രിസ്ത്യാനികള്‍ക്കെതിരായ ഒന്നിലധികം അതിക്രമങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്. ഛത്തീസ്ഗഢിലെ സ്ഥിതി പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. അവിടുത്തെ കേസുകളില്‍ ഭൂരിഭാഗവും ഗോത്ര മേഖലകളില്‍ നിന്നുള്ളതാണ്. മതംമാറ്റത്തിനിടയില്‍ ഗോത്ര വിഭാഗങ്ങളും സുവിശേഷ മിഷനറിമാരും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് അതിക്രമങ്ങളായി നല്‍കിയിരിക്കുന്നത്. അതായത് ഒരു കുടുംബാംഗം മതം മാറ്റത്തെ എതിര്‍ത്താല്‍ അതും ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങളായി രേഖപ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ജോലി സമയത്ത് മതപരിവര്‍ത്തനം നടത്തിയതിന് ഒരു സ്വകാര്യ കമ്പനി ഒരു ക്രിസ്ത്യന്‍ സ്ത്രീയെ ജോലിയില്‍ നിന്ന് പുറത്താക്കിയതും, മഹാരാഷ്ട്രയില്‍ അനാഥാലയം നടത്തിയിരുന്ന പാസ്റ്റര്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് കേസെടുത്തതും ക്രിസ്ത്യാനികള്‍ക്കെതിരായ അതിക്രമങ്ങളായി കണക്കാക്കപ്പെടുന്നു. ഒരു വാടക വീട്ടില്‍ 20-30 പേരടങ്ങുന്ന പാസ്റ്റര്‍മാര്‍ മതപ്രസംഗം നടത്തിയതും വീട്ടുടമ എതിര്‍ത്തതും, ജര്‍മ്മനി, സ്വീഡന്, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്ന് ടൂറിസ്റ്റ് വിസയിലെത്തി മതപരിവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വിസ നിയമങ്ങള്‍ ലംഘിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ട കേസുകളും, ഛത്തീസ്ഗഢില്‍ ഭിലായ്യിലുള്ള ഒരു പാസ്റ്റര്‍ തന്നെ വശീകരിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്ന് ഒരു സ്ത്രീ ആരോപിച്ചതും ക്രൈസ്തവ പീഡനമായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫിയാക്കോണയുടെ പിന്തുണയോടെയുള്ള ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളെല്ലാം റിപ്പോര്‍ട്ടുകളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും മാത്രമല്ല പൊതു നിരത്തിലുള്ള റാലികളിലൂടെയും ക്രിസ്ത്യന്‍ പീഡനം ഭാരതത്തിലുണ്ടെന്നു വരുത്തിത്തീര്‍ക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു. 2023 ഫെബ്രുവരി 19 ന് ജന്തര്‍ മന്തറില്‍ നടന്ന ഒരു ക്രിസ്ത്യന്‍ പ്രതിഷേധം ഇപ്രകാരം ആസൂത്രണം ചെയ്തതായിരുന്നു. ‘യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറ’ത്തിന്റെ പ്രസിഡന്റ് ഡോ. മൈക്കല്‍ വില്യം, ജോണ്‍ ദയാല്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.
ക്രൈസ്തവര്‍ അക്രമിക്കപ്പെടുന്നില്ലെന്ന് സ്ഥാപിക്കുകയല്ല, മറിച്ച് ഭാരതത്തിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളാണിവിടെ ചോദ്യം ചെയ്യുന്നത്. എന്നിരുന്നാലും യൂറോപ്പിലും ചൈനയിലും പശ്ചിമേഷ്യയിലുമുള്‍പ്പടെ ലോകത്തിന്റെ മറ്റൊരു ഭാഗത്തേക്കാള്‍ സുരക്ഷിതരാണ് ഭാരതത്തിലെ ക്രൈസ്തവര്‍.
നാളെ: ആഖ്യാനങ്ങള്‍ക്ക് പിന്നില്‍ പാശ്ചാത്യ-സുവിശേഷ-ഇസ്ലാമിക കൂട്ടുകെട്ട്
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: