ന്യൂദൽഹി : കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം ശക്തമായ തീരുമാനവുമായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ). ഒരു സാഹചര്യത്തിലും ഇന്ത്യ പാകിസ്ഥാനുമായി ദ്വിരാഷ്ട്ര പരമ്പര കളിക്കില്ലെന്ന് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വ്യക്തമാക്കി.
“ഞങ്ങൾ പാകിസ്ഥാനുമായി ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കില്ല. ഇരകളോടൊപ്പം നിൽക്കുകയും ഭീകരാക്രമണത്തെ അപലപിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ സർക്കാർ എന്ത് പറഞ്ഞാലും ഞങ്ങൾ അത് ചെയ്യും.” – അദ്ദേഹം പറഞ്ഞു.
കൂടാതെ ” ഭാവിയിലും പാകിസ്ഥാനുമായി ഞങ്ങൾ ദ്വിരാഷ്ട്ര പരമ്പരകൾ കളിക്കില്ല. പക്ഷേ ഐസിസി വേദികളിൽ അത് ഐസിസിയുടെ കാര്യമായതിനാൽ ഞങ്ങൾ കളിക്കും. പാകിസ്ഥാൻ ചെയ്തത് എന്തെല്ലാമാണെന്ന് ഐസിസിക്കും അറിയാം. ” – സ്പോർട്സ് തക്കിനോട് സംസാരിക്കവേ അദ്ദേഹം കൂട്ടിച്ചേർത്തു. രാജീവ് ശുക്ലയ്ക്ക് പുറമെ ഭീകരാക്രമണത്തിൽ ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയയും ദുഃഖം രേഖപ്പെടുത്തി.
2012-13 സീസണിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഒരു പരമ്പര കളിച്ചത്. പിന്നീട് പാകിസ്ഥാൻ ടീം ട്വൻ്റി20 പരമ്പരയ്ക്കായി ഇന്ത്യയിലെത്തിയിരുന്നു. 2008 ലാണ് ഇന്ത്യൻ ടീം അവസാനമായി പാകിസ്ഥാൻ സന്ദർശിച്ചത്. അന്ന് ടീം ഇന്ത്യ ഏഷ്യാ കപ്പിൽ പങ്കെടുത്തിരുന്നു. 2005-06 ന് ശേഷം ഇന്ത്യൻ ടീം ദ്വിരാഷ്ട്ര പരമ്പരയ്ക്കായി പാകിസ്ഥാൻ സന്ദർശിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: