തിരുവനന്തപുരം :കുടിവെള്ള കണക്ഷന് വിച്ഛേദിച്ചത് സംബന്ധിച്ച് അന്വേഷിക്കാന്‍ ജല അതോറിറ്റി പോങ്ങുംമൂട് ഓഫീസിലെത്തിയ ഉപഭോക്താവിനെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍നടപടി തിരുവനന്തപുരം സിറ്റി ജില്ലാ പൊലീസ് മേധാവിക്ക് തീരുമാനിക്കാമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ്.
തനിക്ക് പരാതിയില്ലെന്നും ആര്‍ക്കും പരാതി നല്‍കിയിട്ടില്ലെന്നും മര്‍ദ്ദനമേറ്റ ഉപഭോക്താവ് സജി പൊലീസിന് മൊഴി നല്‍കിയതായി കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കമ്മീഷന് സിറ്റിംഗില്‍ നേരിട്ട് ഹാജരായി മൊഴി നല്കി.സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് വേണ്ടിയാണ് കഴക്കൂട്ടം സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ കമ്മീഷന് സിറ്റിംഗില്‍ ഹാജരായത്.
ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന് ഉത്തരവ്. സജി മെഡിക്കല്‍ കോളേജ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ക്ക് നല്കിയ മൊഴിയുടെ പകര്‍പ്പും അസിസ്റ്റന്റ് കമ്മീഷണര്‍ ഹാജരാക്കി.
അതിനിടെ,ജല അതോറിറ്റി പോങ്ങുംമൂട് സെക്ഷനിലെ ആരോപണ വിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍വീസ് ചട്ടങ്ങള്‍ പ്രകാരം ജല അതോറിറ്റി സ്വീകരിച്ച സസ്പെന്ഷന് ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ നിയമവും ചട്ടവും അനുസരിച്ച് എത്രയും വേഗം പൂര്‍ത്തിയാക്കി നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ജല അതോറിറ്റി ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദ്ദേശം നല്കി.
ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലാര്‍ക്ക് എന്നിവരെ സസ്പെന്റ് ചെയ്തതായി ജല അതോറിറ്റി ദക്ഷിണ മേഖലാ ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.യു.ഡി, എല്‍.ഡി ക്ലര്‍ക്കുമാരെ സ്ഥലം മാറ്റി. സര്‍ക്കാര്‍ ഓഫീസിലെത്തിയ വ്യക്തിക്ക് മര്‍ദ്ദനമേറ്റെന്ന പരാതി ക്രമസമാധാന വിഷയമായതിനാലാണ് ജില്ലാ പൊലീസ് മേധാവിയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന് അന്വേഷണ റിപ്പോര്‍ട്ട് വാങ്ങിയത്.
പത്രവാര്‍ത്ത പ്രകാരം സ്വമേധയാ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുക്കുകയായിരുന്നു.അയിരൂപാറ സ്വദേശി സനല്‍ കുമാര്‍ എന്നയാളും ഈ വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: