വി. രാധാകൃഷ്ണന്
ബിഎംഎസ് ദേശീയ സെക്രട്ടറി
ജീവിതകാലം മുഴുവന്‍ ജോലി ചെയ്ത് വിരമിച്ചതിനുശേഷം ശിഷ്ടകാലം സാമാന്യം ഭേദപ്പെട്ട ജീവിതവുമായി മുന്നോട്ടുപോകുന്നതിനുള്ള സാമ്പത്തിക സഹായമാണ് പെന്ഷന്. ലോകത്താകമാനമുള്ള എല്ലാ രാജ്യങ്ങളിലും വ്യത്യസ്ത രീതികളിലുള്ള പെന്ഷന് സമ്പ്രദായമാണ് നിലവിലുള്ളത്. വികസിത, വികസ്വര, അവികസിത രാജ്യങ്ങളില്‍ പെന്ഷന് ആനുകൂല്യങ്ങള്‍ വ്യത്യസ്ത രീതിയിയാണ് നടപ്പിലാക്കുന്നത്. അതില്‍ വലിയ അന്തരം കാണാന്‍ കഴിയും. പെന്ഷന് ഔദാര്യമല്ലെന്നും മൗലികാവകാശമാണെന്നും അന്താരാഷ്ട്ര തൊഴില്‍ സംഘടന (ഐഎല്‍ഒ) നിര്‍ദ്ദേശിക്കുകയും കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.
ഭാരതത്തില്‍ വിവിധ മേഖലകളില്‍ വ്യത്യസ്ത പെന്ഷന് സമ്പ്രദായമാണുള്ളത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ തൊഴില്‍ മേഖല, അസംഘടിത തൊഴില്‍മേഖല എന്നിങ്ങനെ പല മേഖലകളിലും പലതരത്തിലുള്ള പെന്ഷന് സമ്പ്രദായമാണ് നടപ്പിലാക്കിയിട്ടുള്ളത്. ഏകീകൃതമായ പെന്ഷന് പദ്ധതിയും, ഏറ്റവും കുറഞ്ഞ പെന്‍ഷനും ഏറ്റവും ഉയര്‍ന്ന പെന്‍ഷനും നിജപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തില്‍ വലിയ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുണ്ട്.
ഓള്‍ഡ് പെന്ഷന് സ്കീം, ന്യൂ പെന്ഷന് സ്കിം, യുണൈറ്റഡ് പെന്ഷന് സ്കീം എന്ന രീതിയില്‍ സംസ്ഥാന ജീവനക്കാര്‍ക്ക് പല പദ്ധതികള്‍ നിലവിലുണ്ട്. പഴയ പെന്ഷന് സ്കീമില്‍ അവസാനം വാങ്ങിയ ശമ്പളത്തിന്റെ 30 ശതമാനം വരെ പെന്‍ഷനായി ലഭിക്കും. പിന്നീട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈ പദ്ധതി നിര്‍ത്തലാക്കി. 2002 ജനുവരി ഒന്ന് മുതല്‍ നാഷണല്‍ പെന്ഷന് സ്കീം എന്ന പേരില്‍ പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പിലാക്കി. ഇതില്‍ ജീവനക്കാരുടെ വിഹിതം 10 ശതമാനവും സര്‍ക്കാര്‍ വിഹിതമായി 10 ശതമാനവുമാണ് അടയ്ക്കേണ്ടത്. പിന്നീട് സര്‍ക്കാര്‍ വിഹിതം 14 ശതമാനമാക്കി ഉയര്‍ത്തി. 2025 ഏപ്രില്‍ ഒന്ന് മുതല്‍ കേന്ദ്രസര്‍ക്കാര്‍ യുണൈറ്റഡ് പെന്ഷന് സ്കീം ആവിഷ്കരിച്ചു. സര്‍ക്കാര്‍ വിഹിതം 18 ശതമാനമായി ഉയര്‍ത്തി. ഈ പദ്ധതി എന്‍പിഎസില്‍ അംഗങ്ങളായ ജീവനക്കാര്‍ക്ക് ഓപ്ഷന് ആയി സ്വീകരിക്കാം. ജോലിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ എന്‍പിഎസ് വേണോ യുപിഎസ് വേണോ എന്ന് തെരഞ്ഞെടുക്കാം.
കേരളത്തില്‍ പങ്കാളിത്ത പെന്ഷന് 2013 ഏപ്രില്‍ ഒന്ന് മുതല്‍ നടപ്പിലാക്കി. ഈ പെന്ഷന് പദ്ധതിയിലേക്ക് ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വിഹിതം 10 ശതമാനം വീതമാണ്. ഈ സ്കീമില്‍ വരുന്ന ആളുകള്‍ക്ക് വിരമിക്കല്‍ പ്രായം 60 ഉം മറ്റുള്ളവര്‍ക്ക് 56 ഉം ആണ്. പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ച് പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കണമെന്നാണ് സര്‍വ്വീസ് സംഘടനകളുടെ ആവശ്യം. കേരളത്തില്‍ പങ്കാളിത്ത പെന്ഷന് നടപ്പിലാക്കുന്ന അവസരത്തില്‍ യുഡിഎഫ് സര്‍ക്കാരായിരുന്നു ഭരണത്തില്‍. പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പാക്കുന്നതിനെതിരെ സംസ്ഥാനത്ത് ജീവനക്കാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ നടന്നിരുന്നു. അന്ന് ഇടതുമുന്നണി പറഞ്ഞത് അവര്‍ അധികാരത്തില്‍ വന്നാല്‍ പഴയ പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കുമെന്നാണ്. ആ വാഗ്ദാനം ഇപ്പോഴും ജലരേഖയാണ്.
ഇപിഎഫ് , ലേബര്‍ വെല്‍ഫയര്‍, സാമൂഹ്യ സുരക്ഷ എന്നിവയാണ് മറ്റ് പെന്ഷന് പദ്ധതികള്‍. ഇതില്‍ സാമൂഹ്യ സുരക്ഷാ പെന്ഷന് നോണ്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷനാണ്. മുതിര്‍ന്ന പൗരന്മാര്, വിധവകള്‍, വികലാംഗര്‍ എന്നിവര്‍ക്ക് വരുമാനത്തിന്റെ പരിധി നിശ്ചയിച്ചിട്ടാണ് പെന്ഷന് നല്‍കുന്നത്. പ്രതിവര്‍ഷം ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ളവര്‍ക്ക് മാത്രമേ സാമൂഹ്യ പെന്ഷന് ലഭ്യമാകൂ. പ്രതിമാസം 1600 രൂപയാണ് പെന്ഷന്. ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിഹിതമുണ്ട്.
തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് ലഭിക്കുന്ന ക്ഷേമ പെന്‍ഷനാണ് മറ്റൊരു പദ്ധതി. കര്‍ഷക തൊഴിലാളികള്‍, കെട്ടിടനിര്‍മ്മാണ തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, തയ്യല്‍ തൊഴിലാളികള്‍, മോട്ടോര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെ 200-ല്‍ പരം തൊഴില്‍ മേഖലകളെ പ്രതിനിധാനം ചെയ്തുകൊണ്ടുള്ള 16 ല്‍ പരം ക്ഷേമബോര്‍ഡുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മോട്ടോര്‍, കള്ള് ചെത്ത് വ്യവസായം തുടങ്ങിയ ചില മേഖലകളില്‍ സാമാന്യം ഭേദപ്പെട്ട പെന്ഷന് നല്‍കുന്നുണ്ടെങ്കിലും ഭൂരിപക്ഷ മേഖലകളിലും ശരാശരി 1600 രൂപയാണ് പ്രതിമാസ പെന്ഷന്. ചില പെന്‍ഷനുകള്‍ തനത് ഫണ്ടില്‍നിന്നും ബാക്കി സര്‍ക്കാര്‍ സഹായത്തോടുകൂടിയുമാണ് നല്‍കുന്നത്. ക്ഷേമബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് മാത്രമേ ഈ പെന്ഷന് ലഭ്യമാകൂ. ഈ തുകയാവട്ടെ തുച്ഛവും. നിര്‍മാണ മേഖലയില്‍ ദേശീയ അടിസ്ഥാനത്തില്‍ ക്ഷേമനിധി ബോര്‍ഡ് ഉള്ളതുകൊണ്ട് സംസ്ഥാനങ്ങളിലും പല രീതിയിലാണ് പെന്ഷന് നല്‍കുന്നത്. ഏകീകൃത സ്വഭാവമില്ല.
ഇപിഎഫ് 2014 മുതല്‍ മിനിമം പെന്ഷന് 1000 രൂപയായി തീരുമാനിച്ചത് 11 വര്‍ഷം പിന്നിട്ടിട്ടും യാതൊരു വര്‍ധനവും ഉണ്ടായിട്ടില്ല. അഞ്ചരക്കോടി തൊഴിലാളികള്‍ ഇപിഎഫില്‍ അംഗങ്ങളാണ്. ഇപ്പോള്‍ 85 ലക്ഷത്തില്‍പ്പരം തൊഴിലാളികള്‍ ഇപിഎഫ് പെന്‍ഷന്‍കാരാണ്.
ഇപിഎഫ് പെന്‍ഷന്‍കാരില്‍ 40 ശതമാനം ആളുകളും മിനിമം പെന്ഷന് 1000 രൂപ വാങ്ങുന്നവരാണ്. പാര്‍ലമെന്ററി സബ് കമ്മിറ്റിയും ഇപിഎഫ് ട്രസ്റ്റ് ബോര്‍ഡും മിനിമം പെന്ഷന് വര്‍ധിപ്പിക്കണമെന്ന് നിര്‍ദ്ദേശം വച്ചെങ്കിലും ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടില്ല. 1995 ല്‍ എംപ്ലായീസ് പ്രോവിഡന്റ് ഫണ്ട് പുനരാവിഷ്കരിച്ചപ്പോള്‍ കോണ്‍ട്രിബ്യൂട്ടറി വേതനം 5000 ആയിരുന്നു. അതോടൊപ്പം മാനേജ്മെന്റിന്റെയും തൊഴിലാളികളുടേയും സമ്മതത്തോടെ മുഴുവന്‍ ശമ്പളത്തിന്റെയും വിഹിതം അടയ്ക്കാന്‍ അനുവാദം നല്‍കിയിരുന്നു. അത്തരം ആളുകള്‍ക്കാണ് ഹയര്‍ പെന്ഷന് ഓപ്ഷനുള്ളത്. പിഎഫില്‍ ശമ്പളത്തിന്റെ പൂര്‍ണവിഹിതം അടച്ചവര്‍ക്ക് മാത്രമാണ് ഹയര്‍ ഓപ്ഷന് പെന്ഷന് നല്കാന് കോടതിവിധി വന്നിട്ടുള്ളത്. അല്ലാത്തവര്‍ക്കില്ല.
ഇപിഎഫില്‍ അംഗമായ തൊഴിലാളികള്‍ക്ക് ഇപ്പോഴത്തെ കോണ്‍ട്രിബ്യൂട്ടറി വേതന പരിധി 15000 രൂപയാണ്. അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12 ശതമാനം തൊഴിലാളി വിഹിതവും 13 ശതമാനം തൊഴിലുടമ വിഹിതവുമാണ് ഇപിഎഫില്‍ അടയ്ക്കേണ്ടത്. തൊഴിലുടമയുടെ 13 ശതമാനത്തില്‍ 0.5ശതമാനം അഡ്മിനിസ്ട്രേറ്റീവ് എക്സ്പെന്സിനുവേണ്ടിയും 0.5 ശതമാനം എംപ്ലോയീസ് ഡെപ്പോസിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സിനുവേണ്ടിയും ഉപയോഗിക്കുന്നതാണ്. ഉടമ വിഹിതത്തിന്റെ ബാക്കിവരുന്ന 12 ല്‍ 8.33 ശതമാനമാണ് ഇപിഎഫ് പെന്ഷന് ഫണ്ടിലേക്ക് മാറ്റി വയ്ക്കുന്ന സംഖ്യ. 1.16 ശതമാനമാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതമായി ഇപ്പോള്‍ നല്‍കുന്നത്. ഇത് വളരെ കുറവുമാണ്. ഇതില്‍ അടിയന്തരമായി മാറ്റം വരുത്തേണ്ടതാണ്. ഒപിഎസ്, എന്‍പിഎസ്, യുപിഎസ് പദ്ധതികളില്‍ സര്‍ക്കാര്‍ വിഹിതം യഥാക്രമം 10, 14, 18.5 ശതമാനം എന്നിങ്ങനെയാണ്. തൊഴിലാളി വിഹിതത്തിന്റെ 50ശതമാനം എങ്കിലും സര്‍ക്കാര്‍ വിഹിതമായിട്ട് നല്‍കേണ്ടതാണ്. വേണമെങ്കില്‍ വിഹിതം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഷെയര്‍ ചെയ്യാം. ഇപിഎഫിലെ ഏറ്റവും ചുരുങ്ങിയ പെന്ഷന് 5000 രൂപയായി നിജപ്പെടുത്തണമെന്നാണ് ബിഎംഎസിന്റെ ആവശ്യം.
ഇപിഎഫ് പെന്ഷന് കണക്കുകൂട്ടുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുനരാവിഷ്കരിക്കണം. ആകെ സര്‍വ്വീസും അവസാന കാലയളവിലെ 60 മാസത്തിലെ കോണ്‍ട്രിബ്യൂട്ടറി ശമ്പളത്തിന്റെ ശരാശരിയും ഗുണിച്ച് കിട്ടുന്ന സംഖ്യയെ 70 കൊണ്ട് ഹരിച്ച് കിട്ടുന്ന സംഖ്യയാണ് പെന്ഷന്. ഇതൊരു അശാസ്ത്രീയ രീതിയാണ്. അത് പുനഃപരിശോധിക്കണം. അവസാനം വാങ്ങിയ ശമ്പളത്തില്‍ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെന്‍ഷനായും ക്ഷാമബത്താ വര്‍ധനവിന് ആനുപാതികമായി പെന്ഷന് വര്‍ധനവും നല്‍കേണ്ടതാണ്.
എംപിമാരായും എംഎല്‍എമാരായും രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചവര്‍ക്കും പെന്ഷന് അര്‍ഹതയുണ്ട്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി രണ്ട് വര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്കും ആജീവനാന്ത പെന്ഷന് നല്കുന്നു. ഒരേ ആളുകള്‍ തന്നെ എംപി പെന്‍ഷനും എംഎല്‍എ പെന്‍ഷനും മറ്റു പെന്‍ഷനുകളും കൈപ്പറ്റുന്ന സാഹചര്യവും ഉണ്ട്. സാര്‍വ്വത്രികമായി എല്ലാവര്ക്കും പെന്ഷന് ലഭ്യമാകണം. ഇതൊരു സാമൂഹ്യ നീതിയാണ്. നിലവിലുള്ള അസന്തുലിതാവസ്ഥയും വേര്‍തിരിവും വിവേചനവും അവസാനിപ്പിക്കണം.രാജ്യത്തെ 50 കോടിയില്‍പരം വരുന്ന തൊഴിലാളികളില്‍ നാമമാത്രമായ പെന്ഷന് ഉള്‍പ്പെടെ ലഭിക്കുന്നതു നാലു കോടി ഇരുപത് ലക്ഷത്തില്‍ താഴെയുള്ള ആളുകള്‍ക്കു മാത്രമാണ്. അങ്കണവാടി, ആശാവര്‍ക്കര്‍മാര്‍, മറ്റു സ്കീം വര്‍ക്കേഴ്സ് എന്നിവര്‍ക്കും പെന്ഷന് ഇല്ല. കര്‍ഷകത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ശുചീകരണത്തൊഴിലാളികള്‍, പരമ്പരാഗത തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ എന്നിവര്‍ക്ക് പെന്ഷന് ലഭ്യമല്ല.
എല്ലാവര്ക്കും പെന്ഷന് ലഭ്യമാക്കാനുള്ള നടപടിയെടുക്കണമെന്ന ആവശ്യമാണ് ബിഎംഎസ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മുമ്പാകെ വയ്ക്കുന്നത്. ചുരുങ്ങിയ പെന്ഷന് 5000 രൂപയായി നിശ്ചയിക്കണം. ഒപിഎസ് പുനഃസ്ഥാപിക്കണം. തൊഴിലാളി എന്ന നിര്‍വ്വചനത്തില്‍ വരുന്ന എല്ലാവര്ക്കും പെന്ഷന് ലഭ്യമാക്കണം. സര്‍വ്വീസ് പെന്‍ഷനും ഇപിഎഫ് പെന്‍ഷനും തൊഴിലാളി ക്ഷേമനിധി പെന്‍ഷനും നിലവിലുള്ള സംവിധാനത്തില്‍ പുനഃപരിശോധിച്ച് പരിഷ്കൃത വികസിത സമൂഹത്തിന് അനുയോജ്യമായ രീതിയില്‍ മാറ്റണം. ഈ സാമൂഹ്യനീതി ഉറപ്പാക്കുകയാണ് ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ലക്ഷ്യം. വികസനത്തിന്റെ ഗുണഭോക്താവായി രാജ്യത്തെ എല്ലാ പൗരന്മാരും മാറ്റപ്പെടേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: