ഭുവനേശ്വര്‍: അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായി ഭാരതത്തെ മാറ്റുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള അമേരിക്കയുടെയും ചൈനയുടേയും വാഹന വിപണിയെ പിന്നിലാക്കുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഒഡീഷയിലെ റാവന്‍ഷോ യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ അമേരിക്കയില്‍, കഴിഞ്ഞ വര്‍ഷം മാത്രം ഈ മേഖലയില്‍ 79 ലക്ഷം കോടി രൂപയുടെ വ്യവസായമാണ് നടന്നത്. ചൈനയില്‍ 48 ലക്ഷം കോടിയുടേയും. 22 ലക്ഷം കോടി രൂപയാണ് ഭാരതത്തിന്റെ വാഹന വിപണി കഴിഞ്ഞ വര്‍ഷം നേടിയതെന്നും മന്ത്രി അറിയിച്ചു. വാഹന വിപണിയില്‍ 13 ലക്ഷം കോടി രൂപയുടെ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
2024ല്‍ പാസഞ്ചര്‍ കാറുകളുടെ വില്പനയില്‍ സര്‍വകാല റിക്കാര്‍ഡാണ് ഭാരതം കൈവരിച്ചത്. 4.3 മില്ല്യണ്‍ കാറുകള്‍ ഈ ഒരുവര്‍ഷം നിരത്തുകളില്‍ എത്തി. ഇതില്‍ തന്നെ 65 ശതമാനവും എസ്യുവികളായിരുന്നു. ഇരുചക്ര വാഹനങ്ങളുടെ വില്പന 20.5 മില്ല്യണിലെത്തി. ഇതും മുന്‍ വര്‍ഷങ്ങളിലേതിനെക്കാള്‍ കൂടുതലാണ്. വാണിജ്യ വാഹനങ്ങളുടെ വില്പനയില്‍ ഇടിവുണ്ടായി, 2.7 ശതമാനം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഏറ്റവുമധികം തൊഴില്‍ നല്കുന്ന മേഖലയാണ് വാഹന വിപണി. 4.5 കോടി ആളുകളാണ് വാഹന വ്യവസായവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നത്. മേഖലയില്‍ നിന്നുള്ള ജിഎസ്ടിയിലൂടെ വലിയ സംഖ്യയാണ് ഖജനാവിലേക്ക് എത്തുന്നതെന്നും ഗഡ്കരി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: