കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചതിന് പിന്നാലെ കണ്ണൂരിലെ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പി.ജയരാജനെ പുകഴ്ത്തി ഫഌക്സ് ബോര്‍ഡുകള്‍. ”തൂണിലും തുരുമ്പിലും ദൈവമുണ്ടെന്നു പറയുന്നതുപോലെ ഈ മണ്ണിലും ജനമനസ്സിലും എന്നെന്നും ഈ സഖാവ് പിജെ” എന്നെഴുതിയ ജയരാജന്റെ ചിത്രമടക്കമുള്ള ഫഌക്സ് ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ‘റെഡ് യംഗ്സ് കക്കോത്ത്’ എന്ന പേരിലാണ് ബോര്‍ഡുകള്‍. ഇത്തവണ സിപിഎം സംസ്ഥാന സമ്മേളനത്തിന് ശേഷം പി. ജയരാജന് പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ഉണ്ടാകുമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ കരുതിയിരുന്നത്. എന്നാല്‍ അതുണ്ടായില്ല. സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് തഴഞ്ഞെങ്കിലും പിന്നീട് കേന്ദ്രകമ്മിറ്റിയില്‍ ഇടം നല്‍കുമെന്നാണ് ജയരാജനെ അനുകൂലിക്കുന്ന വിഭാഗം കരുതിയിരുന്നത്. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചിട്ടും അനുകൂല നടപടി ഉണ്ടാകാതെ വന്നതോടെയാണ് ജയരാജനെ അനുകൂലിച്ച് ഫഌക്സുകള്‍ പ്രത്യക്ഷപ്പെട്ടത്.
പ്രായപരിധി മാനദണ്ഡം മൂലം ജയരാജന് സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്ര കമ്മിറ്റിയിലും ഇനിയൊരവസരം ഉണ്ടാകാനുമിടയില്ല. ഇതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നത്. ജയരാജന്മാരിലെ സീനിയോരിറ്റി പരിഗണിച്ചാല്‍ ഇ.പി. ജയരാജന് കഴിഞ്ഞാല്‍ പിന്നെ പി. ജയരാജനാണ്. എന്നാല്‍ മൂന്നാം സ്ഥാനത്തുള്ള എം.വി. ജയരാജന് ഇത്തവണ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പ്രതിനിധിയായി എത്തിയിട്ടുണ്ട്.
സംസ്ഥാന സമ്മേളനത്തില്‍ പി. ജയരാജനെ സെക്രട്ടറിയേറ്റിലേക്ക് ഉള്‍പ്പെടുത്താതിരുന്നപ്പോഴും ജില്ലയിലെ പാര്‍ട്ടി അനുഭാവികള്‍ സാമൂഹിക മാധ്യമങ്ങളില്‍ സമാനമായ പോസ്റ്റിട്ടിരുന്നു. പി. ജയരാജനെ പൂര്‍ണമായും പാര്‍ട്ടി തഴയുന്നതിന്റെ അതൃപ്തി ജയരാജാനുകൂലികളായ പാര്‍ട്ടി അണികള്‍ക്കിടയിലുണ്ട്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെയാണ് പി. ജയരാജനെ പാര്‍ട്ടി 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയാക്കിയത്. ആ ഘട്ടത്തിലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന് ജില്ലാ സെക്രട്ടറിയായത്. എന്നാല്‍ അതേ സാഹചര്യത്തില്‍ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍ വാസവന് മത്സരിച്ചെങ്കിലും പാര്‍ട്ടി അതിന് ശേഷം അദ്ദേഹത്തെ വീണ്ടും തിരികെ സെക്രട്ടറിയാക്കി. പക്ഷേ പി. ജയരാജന്റെ കാര്യത്തില്‍ പാര്‍ട്ടി മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. ഇതിലെല്ലാം പാര്‍ട്ടിക്കുള്ളിലെ ജയരാജനുകൂലികളില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഫഌക്സും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: