ഡോ. രാജീവ്. എന്‍, പ്രിന്‍സിപ്പല്‍,
എന്‍എസ്എസ് കോളജ് ഓഫ് എന്‍ജിനീയറിങ്,
പാലക്കാട്
ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ‘യൂണിവേഴ്സല്‍ സയന്‍സ്’ ആണ് ഭാരതീയ വേദങ്ങള്‍. ഏത് ആധുനിക ശാസ്ത്രത്തേക്കാളും മഹത്തായ ധാരാളം ശാസ്ത്രീയതത്ത്വങ്ങള്‍ വേദങ്ങളില്‍ ഒളിഞ്ഞുകിടപ്പുണ്ട്. എല്ലാ ചരാചരങ്ങളുടേയും ഉന്നമനത്തിനായി സൃഷ്ടിക്കപ്പെട്ടതാണ് വേദങ്ങള്‍ എന്ന സത്യം ബോധപൂര്‍വ്വം മറന്ന്, വേദ ഗവേഷണത്തിന്റെ സാധ്യത തടസ്സപ്പെടുത്തുകയാണ് ഇന്നു സംഭവിച്ചുകൊണ്ടിരിക്കുന്നത്. തനതായ വേദപ്രയോഗങ്ങള്‍ എന്നോ നമുക്ക് നഷ്ടമായി. പുരാതനകാലത്ത് ലോകത്തിന്റെ നിറുകയിലായിരുന്നു ഭാരതം. അക്കാലത്ത് യഥാര്‍ത്ഥ വേദ പഠനം നടന്നിരുന്നു. ഇന്ന് വേദാദ്ധ്യായനം എന്ന പേരില്‍ നടക്കുന്നത് ഛന്ദസ്സ് പിഴക്കാതെ ശ്രവണസുഖം നല്കി വേദാലാപനം നടത്തുകമാത്രമാണ്. വേദശബ്ദത്തിന് അറിവ് എന്നാണ് അര്‍ത്ഥം. വിദ്-ജ്ഞാനേന എന്നാണിതിന്റെ നിഷ്്പത്തി.
വിജ്ഞാന വാണികളുടെ അക്ഷര ക്രമമാണ് ഛന്ദസ്സ്. ഇതില്‍ ഊന്നി ഇന്ന് നടക്കുന്നത് വേദ സൂക്തങ്ങളുടെ സംഗീതാവതരണം മാത്രമാണ്. വേദാധ്യയനത്തിന്റെ ഭാഗമായി രൂപമെടുത്തതാണ് വൈദിക ദര്‍ശനങ്ങള്‍. സാംഖ്യം, യോഗം, വൈശേഷികം, ന്യായം, മീമാംസ, വേദാന്തം എന്നിവ. ഇവ ഷഡ്ദര്‍ശനം എന്നറിയപ്പെടുന്നു. വേദാദ്ധ്യയനം ബ്രാഹ്മണര്‍ മാത്രം കൈകാര്യം ചെയ്യേണ്ടതാണെന്ന തെറ്റായ രീതി എങ്ങനെയോ ഇവിടെ പ്രചാരം നേടി. വൈദിക സംസ്കൃതമാണ് വേദ ഭാഷ എന്നത് ഇവ സാധരണ ജനങ്ങളിലേക്കെത്തുന്നതിനെ ഒരു പരിധിവരെ തടഞ്ഞു. അതാവാം വേദപഠനം ബ്രാഹ്മണര്‍ മാത്രം കൈകാര്യം ചെയ്യേണ്ടതാണെന്ന പൊതുധാരണ സമൂഹത്തില്‍ രൂഢമൂലമായത്. ഇന്ന് വേദങ്ങളുടെ ആലാപന സൗകുമാര്യത്തിനാണ് വേദാഭ്യസനത്തില് പ്രാമുഖ്യം. ഉച്ചാരണം മാത്രം ശ്രദ്ധിച്ച് കാണാതെ പഠിച്ചു ചൊല്ലുന്ന(സ്വരിതം) രീതിയാണിന്ന് പ്രചാരത്തിലുള്ളത്.
വേദ പഠനവും, ഗവേഷണവും ഇന്ന് കൂടുതല്‍ നടക്കുന്നത് വിദേശ രാജ്യങ്ങളിലാണ്. നിരവധി വിദേശ ഭാഷകളിലേക്ക് വേദങ്ങള്‍ പരിഭാഷപ്പെടുത്തിയത് അതിന്റെ മഹത്വം വ്യക്തമാക്കുന്നു. ഭാരതം വിദേശികളുടെ സ്വപ്നഭൂമിയാവാന്‍ കാരണം വേദങ്ങളില്‍ അധിഷ്ഠിതമായ ദര്‍ശനങ്ങളും, സംസ്കാരവുമാണ്. പ്രകൃതി എല്ലാ സമ്പത്തും സൗന്ദര്യവും ലോഭവുമില്ലാതെ നല്കിയ രാജ്യമാണ് ഭാരതം. വേദങ്ങളെ അറിയാനും പഠിക്കാനും ശ്രമിച്ച വ്യക്തിയാണ് ജര്‍മ്മന്‍ ചിന്തകനായ മാക്സ്മുള്ളര്‍.
കണക്കിലെ പേടി മാറ്റാനുള്ള എല്ലാ ഉപായങ്ങളും വേദഗണിതത്തിലൂടെ സ്വായത്തമാക്കാം. എന്നാല്‍ അബാക്കസ് എന്ന ചൈനീസ് ഗണിത രീതിക്കാണ് ഇന്ന് കേരളത്തില്‍പോലും പ്രചാരം. ‘അഥര്‍വ്വ’ വേദത്തില്‍ നിന്നാണ് വേദഗണിതം രൂപപ്പെട്ടത്. സംസ്കൃത സൂത്രങ്ങളും അവയുടെ പിരിവുകളും ഉപയോഗിച്ചാണ് വേദഗണിതത്തില്‍ ഉത്തരം കണ്ടുപിടിക്കുന്നത്. എത്ര കഠിനമായ ഗണിതപ്രശ്നമാണെങ്കിലും മനക്കണക്കു കൂട്ടാന്‍ അറിയാമെങ്കില്‍ വളരെവേഗം ഉത്തരം ലഭിക്കും. ഒറ്റവരിയില്‍ നാല് അഞ്ച് അക്ക സംഖ്യകളുടെ ഗുണനഫലം കണ്ടെത്താനുള്ള സൂത്രങ്ങളും വേദഗണിതത്തില്‍ ഉണ്ട്. വേദാദ്ധ്യായനം ചെയ്യുന്ന ഇന്നത്തെ കുട്ടികളും താള, വൃത്ത, സംഗീത നിബദ്ധമായി സൂക്തങ്ങള്‍ ആലപിക്കുന്നതല്ലാതെ വേദങ്ങളിലെ അപാരമായ അറിവുകള്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നില്ല എന്നത് ദുഃഖകരമാണ്. യജ്ഞവേദി രൂപകല്പനയുടെ ഭാഗമായി വികസിച്ച വേദഗണിതത്തിന് ഇന്ന് അപാരസാധ്യതകളാണുള്ളത്. ഇക്കാര്യത്തില്‍ തുടര്‍ ഗവേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു.
ആധുനിക ശാസ്ത്രത്തിന്റെ ഉല്‍പ്പത്തി വേദങ്ങളില്‍ നിന്നാണെന്നു പറഞ്ഞാല്‍ വിവാദമായേക്കാം. എന്നാല്‍ എല്ലാ പ്രധാന ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടേയും സ്രോതസ്സ് വേദങ്ങളാണ്. ഇത് പാശ്ചാത്യ ശാസ്ത്രജ്ഞരും, ദാര്‍ശനികരും സമ്മതിച്ചിട്ടുള്ളതുമാണ്. ബീജഗണിതം, വര്‍ഗ്ഗം, വര്‍ഗ്ഗമൂലം, ഭൂമിശാസ്ത്രം, വൈദ്യശാസ്ത്രം, ജ്യോതിശാസ്ത്രം, വ്യോമയാനം, പ്രപഞ്ചഘടന ഇവയെല്ലാം ആദ്യമായി പരാമര്‍ശിക്കപ്പെട്ടത് വേദങ്ങളിലാണ്. ഈ അറിവുകള്‍ അറബ് രാജ്യങ്ങളിലൂടെ യൂറോപ്പ് മുതലായ പാശ്ചാത്യരാജ്യങ്ങളിലേക്ക് എത്തപ്പെട്ടു.
പിന്നീടുണ്ടായ പല കണ്ടുപിടുത്തങ്ങളും പാശ്ചാത്യരാജ്യങ്ങളുടെ സംഭാവനയായി വ്യാഖ്യാനിക്കപ്പെട്ടു. ഉദാഹരണത്തിന് നമ്മുടെ പുരാണങ്ങളില്‍ വിമാനത്തേപ്പറ്റി പരാമര്‍ശമുണ്ട്. പല കഥാസന്ദര്‍ഭങ്ങളിലും ദേവീദേവന്മാര് വിമാനത്തില്‍ എത്തി അനുഗ്രഹം ചൊരിയുന്നതായി പറയുന്നുണ്ട്. രാമായണത്തില്‍ പുഷ്പക വിമാനത്തെപ്പറ്റി പറയുന്നുണ്ട്. വിമാനത്തിന്റെ എയ്റോഡൈനാമിക് തത്ത്വം അല്ല പൗരാണിക വിമാനങ്ങളില്‍ ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍ പക്ഷിരൂപത്തില്‍ രൂപകല്പന നടത്തിയാല്‍ ആകാശമാര്‍ഗം സഞ്ചരിക്കാനുള്ള വാഹനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന ആശയം തീര്‍ച്ചയായും ഹിന്ദു പുരാണങ്ങളില്‍ നിന്നാണ് ലഭിച്ചതെന്നത് പറയാതെ വയ്യ.
ഇന്ന് ധാരാളം പ്രോഗ്രാമിങ് ഭാഷകള്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നുണ്ട്. കമ്പ്യൂട്ടറുകളുടെ ഭാഷയ്ക്ക് ഏറെ അനുയോജ്യമാണ് സംസ്കൃതഭാഷയെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. വളരെ വിപുലവും ആധികാരികവും ആയ ആത്മീയവും ശാസ്ത്രീയവുമായ പഠനങ്ങള്‍ ഒരു വേര്‍തിരിവുമില്ലാതെ സംസ്കൃതഭാഷ ഉപയോഗിച്ച് വേദങ്ങളില്‍ നടത്തപ്പെട്ടിരിക്കുന്നു. എന്നാല്‍ ഇവയെപ്പറ്റി കൂടുതല്‍ ആധികാരികമായി അറിയാനോ, അവയിലെ ദര്‍ശനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തിക്കാനോ യുവവേദാന്തികള് ശ്രമിക്കുന്നില്ല. ക്ഷേത്രാചാരങ്ങളുടേയും ഭക്തിയുടേയും പൂജാദികാര്യങ്ങളുടേയും ഭാഗമായി ഈ അറിയിപ്പിന്റെ അക്ഷയഖനിയേ പാര്‍ശ്വവല്‍ക്കരിച്ചിരിക്കുന്നു.
ശ്രീശങ്കരാചാര്യ സ്വാമികളുടെ പേരില്‍ നമുക്കൊരു സംസ്കൃത സര്‍വ്വകലാശാല ഉണ്ട്. സാങ്കേതിക സര്‍വ്വകലാശാലകളുമായി ചേര്‍ന്ന് കൂടുതല്‍ ഗവേഷണങ്ങള്‍ ശാസ്ത്രമേഖലകളില്‍ സംസ്കൃത സര്‍വ്വകലാശാല നിര്‍വഹിക്കേണ്ടതാണ്. സാഹിത്യ കാര്യങ്ങളില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതെ കൂടുതല്‍ ശാസ്ത്രീയവും സാങ്കേതികവുമായ മേഖലകളിലേക്കു കൂടി ഗവേഷണം വ്യാപിപ്പിക്കുന്നത് സമൂഹത്തിന് ഗുണം ചെയ്യും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലെ നൂതന ശാസ്ത്രമേഖലയെ വേദങ്ങളുടേയും സംസ്കൃത ഭാഷയുടെയും അപാര സാദ്ധ്യതയുമായി സംയോജിപ്പിച്ച് നൂതന നേട്ടങ്ങളുണ്ടാക്കാന്‍ നമുക്ക് സാധിക്കും. അതിനുവേണ്ടത് കൂടുതല്‍ ജനകീയവും വിശാലവുമായ കാഴ്ചപ്പാടാണ്.
ജാതിക്കും മതത്തിനും അതീതമായി നിലകൊള്ളുന്നതാണ് വേദങ്ങള്‍. ‘ലോകാഃ സമസ്താഃ സുഖിനോ ഭവന്തുഃ’ എന്ന ആശയം ഉയര്‍ത്തിപ്പിടിക്കുന്നു സനാതന ധര്‍മ്മ ദര്‍ശനങ്ങള്‍. ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ വേരൂന്നിയ നിരവധി സംസ്കാരങ്ങള്‍ കാലാന്തരത്തില്‍ തിരോധാനം ചെയ്തപ്പോള്‍ എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് ഭാരതസംസ്കാരത്തിന് ഓജസ്സും ശക്തിയും ഏകത്വവും പ്രദാനം ചെയ്ത് മുമ്പോട്ടുപോകാന്‍ സാധിച്ചതിനു പല കാരണങ്ങള്‍ ഉണ്ട്. സനാതന ധര്‍മ്മത്തില്‍ ഊന്നിയുള്ള ഭാരത സംസ്കാരം അനാദിയായി നിലനിന്നു പോരുന്നതിനുള്ള പ്രധാന കാരണങ്ങള്‍ അവ ഉയര്‍ത്തുന്ന ശാസ്ത്ര സാങ്കേതിക നിലവാരം, അവയിലുള്ള ആദ്ധ്യാത്മികശക്തികളുടെ പിന്‍ബലം എന്നിവയാണ്. ഭാരതീയദര്‍ശനത്തില്‍ വ്യഷ്ടി (വ്യക്തി), സമഷ്ടി (സമൂഹം), സൃഷ്ടി, പരമേഷ്ടി (ഈശ്വരന്) എന്നിങ്ങനെ നാലു വസ്തുതകള്‍ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം പരസ്പരം ഏകാത്മരൂപേണ ബന്ധപ്പെട്ടിരിക്കുന്നു. ഈ ദര്‍ശനങ്ങളുടെ കാതല്‍ അവയുടെ ചിന്താപരമായ ഔന്നത്യമാണ്. പാശ്ചാത്യ തത്ത്വ ശാസ്ത്രങ്ങള്‍ മനുഷ്യകേന്ദ്രീകൃതമായ ജീവിത വ്യവസ്ഥകള്‍ക്കാണ് എന്നും പ്രാധാന്യം കല്പിച്ചിരുന്നത്. പ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണെന്നും മറ്റെല്ലാം അവന്റെ സുഖഭോഗത്തിന് ഉള്ളതാണെന്നുമാണ് അവരുടെ പക്ഷം. എന്നാല്‍ ഏതൊരു വികസന സങ്കല്പങ്ങള്ക്കും, ദര്‍ശനങ്ങള്‍ക്കും രണ്ടു ഗുണങ്ങള്‍ അവശ്യം ഉണ്ടായിരിക്കേണ്ടതാണ്. ദര്‍ശനങ്ങള്‍ സാമൂഹിക നീതിക്ക് നിരക്കുന്നതായിരിക്കണം എന്നതും നിലനിര്‍ത്താവുന്നത് (sustainable) ആയിരിക്കണമെന്നുള്ളതും. ഇവയോട് ഇണങ്ങി സമരസത പ്രാപിച്ചു വര്‍ത്തിക്കുന്നതാണ് വേദങ്ങളില്‍ ഊന്നിയുള്ള ഭാരതീയ തത്ത്വചിന്താ ശാസ്ത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: