പാലക്കാട്: എലപ്പുള്ളി മദ്യനിര്‍മാണ കമ്പനിക്ക് വീണ്ടും റവന്യുവകുപ്പിന്റെ ഇരുട്ടടി. ചട്ടവിരുദ്ധമായി ഭൂമി കൈവശംവെച്ചതിന് കേസെടുക്കാന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് അന്വേഷിക്കാന്‍ സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് പാലക്കാട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന് നിര്‍ദേശം നല്‍കി.
ഭൂപരിഷ്‌കരണ നിയമത്തിലെ 81 (3) പ്രകാരം പറയുന്നത് സംസ്ഥാനത്ത് ഒരു കമ്പനിക്ക് 12 മുതല്‍ 15 ഏക്കര്‍ വരെ ഭൂമി കൈവശം വയ്‌ക്കാവൂ എന്നാണ്. എന്നാല്‍ പാലക്കാട് എലപ്പുള്ളിയില്‍ സര്‍ക്കാര്‍ മദ്യനിര്‍മാണത്തിന് അനുമതി നല്‍കിയ ഒയാസിസ് കമ്പനിക്ക് 23.92 ഏക്കര്‍ ഭൂമിയുണ്ട്. ഇതില്‍ അഞ്ചേക്കറോളം കൃഷിഭൂമിയാണ്. 8.92 ഏക്കര്‍ ഭൂമിയാണ് കമ്പനി അധികമായി കൈവശംവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ കമ്പനിക്കെതിരെ മിച്ചഭൂമി കേസുമായി മുന്നോട്ടു പോവുകയാണ് റവന്യുവകുപ്പ്. പ്രതിപക്ഷ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, എം. വിന്‍സന്റ്, സി.ആര്‍. മഹേഷ് എന്നിവരുടെ ചോദ്യത്തിന് റവന്യുമന്ത്രി കെ. രാജന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേരത്തെ ഒയാസിസ് കമ്പനി അഞ്ച് ഏക്കറോളം നെല്‍വയല്‍ തരംമാറ്റുന്നതിനുള്ള നീക്കങ്ങളും നടത്തിയിരുന്നു. എന്നാല്‍ റവന്യു വകുപ്പ് അപേക്ഷ തള്ളുകയാണുണ്ടായത്. എലപ്പുള്ളിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി തരംമാറ്റാനുള്ള അപേക്ഷ അനുവദിക്കാന്‍ കഴിയില്ലെന്നും ഭൂമിയില്‍ നിര്‍മാണം അനുവദിക്കില്ലെന്നും കൃഷി ചെയ്യണമെന്നും ആര്‍ഡിഒ വ്യക്തമാക്കിയിരുന്നു. കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്റ് സെന്ററിന്റെ ഉപഗ്രഹ ചിത്ര നിരീക്ഷണ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് തരംമാറ്റല്‍ അപേക്ഷ തള്ളിയത്. 2008 തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം തയാറാക്കിയ ഡാറ്റാബാങ്കില്‍ ഭൂമിയുടെ തരം തെറ്റായി വയല്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇത് തിരുത്തി നല്‍കണമെന്നും ആവശ്യപ്പെട്ട് ഫോം അഞ്ച് പ്രകാരമാണ് കമ്പനി ആര്‍ഡിഒക്ക് അപേക്ഷ നല്‍കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: