റായ്പൂർ : മദ്യ കുംഭകോണ കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മകൻ ചൈതന്യയ്ക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടി മുറുക്കുന്നു. ചോദ്യം ചെയ്യലിനായി മാർച്ച് 15 ന് ഇഡി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ചൈതന്യ ബാഗേലിന് സമൻസ് അയച്ചിട്ടുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ച ഭൂപേഷ് ബാഗേലിന്റെ വസതി ഉൾപ്പെടെ 14 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. മദ്യ കുംഭകോണ കേസിൽ ഭിലായ് 3ലെ വസുന്ധര നഗറിലെ വസതിയും റായ്പൂരിലെ വസതിയും ഉൾപ്പെടെ സംസ്ഥാനത്തുടനീളം 14 സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയത്. ഇഡി സംഘം എല്ലാ രേഖകളും പരിശോധിക്കുകയും ചൈതന്യ ബാഗേലിനെ ചോദ്യം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഇഡി നോട്ടീസും പുറപ്പെടുവിച്ചു.
നേരത്തെ ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ 14 സ്ഥലങ്ങളിൽ പിഎംഎൽഎ പ്രകാരം റെയ്ഡ് നടത്തിയതായി ഇന്നലെ ഇഡി അറിയിച്ചിരുന്നു. ഇതിൽ ചൈതന്യ ബാഗേലിന്റെ വസതിയും മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ അടുത്ത സഹായി പപ്പു ബൻസൽ എന്ന ലക്ഷ്മി നാരായൺ ബൻസലിന്റെ വസതിയും ഉൾപ്പെടുന്നു. മദ്യ കുംഭകോണത്തിൽ ചൈതന്യ ബാഗേൽ ഗുണഭോക്താവാണെന്ന് ഏജൻസിയുടെ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഈ തട്ടിപ്പിന്റെ തുക ഏകദേശം 2161 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് വിവിധ മാർഗങ്ങളിലൂടെ പ്രതികൾ പിൻവലിച്ചതായിട്ടാണ് ഇഡി ആരോപിക്കുന്നത്. ഈ നടപടിയിൽ ഇഡി നിരവധി സുപ്രധാന രേഖകൾ പിടിച്ചെടുത്തുവെന്നും ഇഡി പറയുന്നു. നെഹ്റു നഗറിലെ മുകേഷ് ചന്ദ്രകാർ, രാജേന്ദ്ര സാഹു എന്നിവരുടെ വീടുകളിൽ നിന്ന് ഫയലുകൾ പിടിച്ചെടുത്തതായും ഏജൻസി വൃത്തങ്ങൾ അറിയിച്ചു.
ഇതിനുപുറമെ ആറ് മൊബൈൽ ഫോണുകളും സിം കാർഡുകളും ഇഡി പിടിച്ചെടുത്തു. ഇപ്പോൾ ഈ മൊബൈലുകളിൽ നിന്നുള്ള സംഭാഷണങ്ങളുടെ വിശദാംശങ്ങൾ സൂക്ഷമമായി പരിശോധിച്ചുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: