തിരുവനന്തപുരം: പാതിവില തട്ടിപ്പ്കേസിൽ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.എന്‍ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കേസിൽ ആനന്ദകുമാറിന്റെ ജാമ്യഹർജി തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെയാണ് ആനന്ദകുമാറിനെ കസ്റ്റഡിയിലെടുത്തത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. പോലീസ് റിപ്പോർട്ട് ലഭിക്കാതിരുന്നതിനെത്തുടർന്ന് അഞ്ചു തവണ മാറ്റിവെച്ച കേസിൽ തിങ്കളാഴ്ച കോടതി കോടതി വാദം കേൾക്കുകയായിരുന്നു. തട്ടിപ്പിനെക്കുറിച്ച് വ്യക്തമായ ബോധ്യം ആനന്ദകുമാറിന് ഉണ്ടായിരുന്നെന്നാണ് പോലീസ് പറയുന്നത്.
കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് 50 ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തെന്നാണ് പോലീസ് കേസ്. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറി പള്ളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ മോഹനന് നല്കിയ പരാതിയിലാണ് ആനന്ദകുമാര്‍ അടക്കം ഏഴുപേരെ പ്രതികളാക്കി കണ്ണൂർ ടൗണ്‍ പോലീസ് കേസെടുത്തത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയത്.
തന്റെ അക്കൗണ്ടിൽ വന്ന പണമെല്ലാം ട്രസ്റ്റിന് ലഭിച്ചതാണെന്നും ഇത് വ്യക്തിപരമായി കിട്ടിയതല്ലെന്നുമായിരുന്നു ആനന്ദകുമാർ ജാമ്യഹർജിയിൽ വാദിച്ചത്. രേഖാമൂലം നികുതി അടച്ച പണമാണെന്നും അത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ തയാറാണെന്നും ആനന്ദകുമാർ വാദിച്ചിരുന്നു. എന്നാൽ, ആനന്ദകുമാറിന് ആരും വെറുതെ പണം നൽകില്ലെന്നും പൂർണ അറിവോടെ നടത്തിയ തട്ടിപ്പാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: