ചെന്നൈ : ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പേരിൽ സ്റ്റാലിൻ സർക്കാർ രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ . വിദ്യാർത്ഥികളുടെ ഭാവി വച്ചാണ് ഡിഎംകെ രാഷ്ട്രീയം കളിക്കുന്നത്. ഇടുങ്ങിയ രാഷ്ട്രീയ നേട്ടങ്ങൾക്കായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു.ഡിഎംകെയുടെ നിലപാട് “ജനാധിപത്യവിരുദ്ധവും അപരിഷ്കൃതവു”മാണെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
എൻഇപിയുടെ ചില വശങ്ങൾ നടപ്പിലാക്കാൻ തമിഴ്നാട് ആദ്യം സമ്മതിച്ചിരുന്നുവെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. എന്നാൽ, ഒരു “സൂപ്പർ മുഖ്യമന്ത്രി” ഇടപെട്ട് തീരുമാനം പെട്ടെന്ന് മാറ്റിമറിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലുടനീളമുള്ള സ്കൂളുകൾ അപ്ഗ്രേഡ് ചെയ്യാൻ ലക്ഷ്യമിടുന്ന പിഎം-എസ്ആർഐ പദ്ധതി, ബിജെപി ഭരിക്കാത്ത നിരവധി സംസ്ഥാനങ്ങളിൽ എതിർപ്പില്ലാതെ നടപ്പിലാക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഇതിന് നിങ്ങളുടെ പദ്ധതി നടപ്പിലാക്കാൻ ഞങ്ങൾ തയ്യാറല്ല എന്നായിരുന്നു സ്റ്റാലിന്റെ മറുപടി . മാത്രമല്ല കേന്ദ്രമന്ത്രി അച്ചടക്കം പാലിക്കണമെന്നാണ് സ്റ്റാലിന്റെ പ്രതികരണം.
അതേസമയം സംസ്ഥാന നയത്തിൽ ഇത്രയും സ്വാധീനം ചെലുത്തുന്ന സൂപ്പർ മുഖ്യമന്ത്രി ആരാണെന്ന് വെളിപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ സ്റ്റാലിനോട് ആവശ്യപ്പെട്ടു. മാത്രമല്ല ഡിഎംകെ അംഗങ്ങൾ സത്യസന്ധതയില്ലാത്തവരും അപരിഷ്കൃതരുമാണെന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയിൽ നിങ്ങൾ എന്താണ് തെറ്റ് കണ്ടെത്തിയതെന്നും അണ്ണാമലൈ എക്സിൽ എഴുതിയ കുറിപ്പിൽ ചോദിച്ചു.
ജനങ്ങളുടെ അഭിപ്രായങ്ങൾക്കനുസരിച്ച് മാത്രമേ ഞങ്ങൾ പ്രവർത്തിക്കൂ എന്ന് നിങ്ങൾ പറയുന്നു, ആ ഞങ്ങൾ ആരൊക്കെയാണ്? സ്വകാര്യ സിബിഎസ്ഇ, മെട്രിക്കുലേഷൻ സ്കൂളുകൾ നടത്തുന്നത് നിങ്ങളുടെ മകനോ, മകളോ, മരുമകനോ, നിങ്ങളുടെ പാർട്ടി അംഗങ്ങളോ, അവരുടെ ബന്ധുക്കളോ ആണോ?എന്നും അണ്ണാമലൈ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: