ന്യൂദല്‍ഹി: നിരോധിത ഭീകര സംഘടനയുമായി (PFI) ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്ത എസ് ഡി പിഐ ദേശീയ അദ്ധ്യക്ഷൻ എംകെ ഫൈസിയുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി ദൽഹി കോടതി. ഇഡി കൂടുതല്‍ ചോദ്യം ചെയ്യലിന് ഇദ്ദേഹത്തെ വിധേയനാക്കും.
അഞ്ച് ദിവസത്തേക്ക് കൂടി കസ്റ്റഡി നീട്ടണമെന്ന ഇ.ഡിയുടെ അപേക്ഷയിൽ അഡീഷണൽ സെഷൻസ് ജഡ്ജി ചന്ദർജിത് സിംഗ് ആണ് വിധി പറഞ്ഞത്. മാർച്ച് 3 ന് രാത്രി ദൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
എസ് ഡിപിഐ നേതാവിന് കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിക്കുന്ന സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റ്. തിരഞ്ഞെടുപ്പുകൾക്ക് എസ് ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പിഎഫ്ഐ ആണെന്നും രാജ്യത്ത് ആക്രമണം നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും പണം സമാഹരിച്ചുവെന്നുമാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്.
എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പിഎഫ്ഐ ആണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. എസ്ഡിപിഐക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടിൽ നിന്നാണെന്ന് ഇഡി വ്യക്തമാക്കുന്നു. എസ്ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പിഎഫ് ഐ ആണ്. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി സാമൂഹിക പ്രസ്ഥാനമായും ഇവർ പ്രവർത്തിക്കുന്നതായും ഏജൻസി വ്യക്തമാക്കുന്നു.
പരിശോധനയിൽ നാല് കോടി രൂപയോളം നൽകിയതിന്റെ തെളിവ് ലഭിച്ചു. ഗൾഫിൽ നിന്ന് അടക്കം നിയമവിരുദ്ധമായി പണം എത്തി. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒപ്പം റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.
കേസുകളിലകപ്പെട്ട എസ് ഡിപിഐ പ്രതികളെ പുറത്തിറക്കാനും തെരഞ്ഞെടുപ്പിന് ചെലവാക്കാനും ഫണ്ട് എത്തിക്കുന്നത് പിഎഫ്ഐ ആണ്. ഇത്തരത്തിൽ നാല് കോടിയോളം രൂപ എസ്ഡിപിഐക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. പിഎഫ്ഐയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇതുവരെ 61.72 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 26 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: