സിറിയ: സിറിയയുടെ മുന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് അനുകൂലികളും സിറിയന്‍ സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മുന്നൂറിലേറെ പേര് കൊല്ലപ്പെട്ടു.
ലതാകിയയിലെ തീരദേശ മേഖലയില്‍ തുടങ്ങിയ സംഘര്‍ഷം ടാര്‍ട്ടസിലേക്കും വ്യാപിച്ചു. അസദ് സേനയിലെ ‘ദ് ടൈഗര്‍’ എന്ന മുന്‍ കമാന്‍ഡര്‍ സുഹൈല്‍ അല്‍ ഹസന്റെ അനുയായികളായ തോക്കുധാരികള്‍ സുരക്ഷാസേനയുടെ ചെക്ക്പോസ്റ്റുകള്‍ ആക്രമിച്ചതോടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. 2015ല്‍ വിമതര്‍ക്കെതിരേ അസദ് സേനയെ നയിച്ചത് ഹസനാണ്. തീര മേഖലയായ ബനിയാസും ജബ്ലെയും ഇപ്പോഴും അസദ് അനുകൂലികളുടെ നിയന്ത്രണത്തിലാണ്. ന്യൂനപക്ഷമായ അല്‍വൈറ്റുകള്‍ അധിവസിക്കുന്ന മേഖലയാണിവിടം.
മുന്‍ പ്രസിഡന്റിന്റെ സുരക്ഷാസേനാ ചുമതലയുണ്ടായിരുന്നവരുടെ ആസൂത്രണത്തിലാണ് ആക്രമണങ്ങള്‍. സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ സേനയിലെ ഏകദേശം 150 പേര് കൊല്ലപ്പെട്ടെന്നും മുന്നൂറോളം പേര് തടവിലാണെന്നുമാണ് വിവരം. നിരവധി സിവിലിയന്മാരും കൊല്ലപ്പെട്ടിട്ടുണ്ട്. അസദ് അനുകൂലികളുടെ ശക്തികേന്ദ്രമായ ലതാകിയന്‍ ഗ്രാമങ്ങളില്‍ സിറിയന്‍ സുരക്ഷാസേന വ്യോമാക്രമണം നടത്തിയതായി ബ്രിട്ടനിലെ സിറിയന്‍ യുദ്ധ നിരീക്ഷണ സംഘടന സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: