ബംഗളൂരു: കർണാടക സന്ദർശിക്കാനെത്തിയ ഇസ്രായേലി ടൂറിസ്റ്റ് ഉൾപ്പെടെ രണ്ട് യുവതികൾ കൂട്ടബലാത്സംഗത്തിനിരയായി. ഹംപിയിലെ സനാപൂർ തടാകത്തിന്റെ തീരത്ത് വച്ചാണ് ഇവർ ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ഹംപിയിലെ ഹോം സ്റ്റേയുടെ ഉടമയായ സ്ത്രീയും, 27കാരിയായ ഇസ്രായേലി വനിതയുമാണ് ബലാത്സംഗത്തിനിരയായത്.
വ്യാഴാഴ്ച രാത്രി ഏകദേശം 11 മണിയോടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്. ഹംപി സനാപുർ കനാലിന് സമീപം നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ മൂന്ന് പുരുഷന്മാർ ചേർന്നാണ് ഇവരെ ബലാത്സംഗം ചെയ്തതത്. കുറ്റകൃത്യത്തിനു മുൻപ് യുവതികൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പുരുഷ യാത്രികരെ പ്രതികൾ തടാകത്തിലേക്ക് തള്ളിയിട്ടിരുന്നു. യുഎസ് സ്വദേശിയായ ഡാനിയേൽ എന്ന യുവാവിനെയും മഹാരാഷ്ട്ര സ്വദേശിയായ പങ്കജ്, ഒഡീഷ സ്വദേശിയായ ബിബാഷ് എന്നിവരെയാണ് കനാലിലേക്ക് തളളിയിട്ടത്.
ഇതിൽ ഡാനിയേലും പങ്കജും നീന്തി രക്ഷപ്പെട്ടു. ബിബാഷ് മുങ്ങി മരിക്കുകയായിരുന്നു. ഇയാളുടെ മൃതദേഹം ഇന്ന് പുലർച്ചയോടെയാണ് കനാലിൽ നിന്ന് കണ്ടെടുത്തത്.
ഹോം സ്റ്റേ ഉടമയായ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
ബൈക്കിലാണ് പ്രതികൾ എത്തിയിരുന്നത്. യുവതികളുടെയും സുഹൃത്തുക്കളുടെയും അടുത്ത് നിര്‍ത്തി പെട്രോൾ എവിടെ നിന്ന് കിട്ടുമെന്ന് പ്രതികൾ ചോദിച്ചു.
തുടര്‍ന്ന് ഇസ്രായേലില്‍ നിന്നെത്തിയ യുവതിയോട് 100 രൂപ നല്കാന് ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞപ്പോള്‍ തര്‍ക്കമായി.
തുടർന്ന് പ്രതികൾ പുരുഷ യാത്രികരെ ആക്രമിച്ച് തടാകത്തിലേക്ക് തള്ളിയിടുകയും യുവതികളെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ഇതിന് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു. പ്രതികളെ കണ്ടെത്തുന്നതിനായി ആറ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചതായി കൊപ്പൽ പോലീസ് സൂപ്രണ്ട് റാം എൽ അരസിദ്ദി പറഞ്ഞു. അന്വേഷണം ഊർജിതമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: