ന്യൂദല്‍ഹി: കേരളത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിലല്ലെങ്കില്‍ ഏകപക്ഷീയ നടപടിയെന്ന് സുപ്രീംകോടതി. 2011ലെ സെന്‍സസ് അടിസ്ഥാനത്തിലെ വാര്‍ഡ് വിഭജനം ശരിവച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഉത്തരവിനെതിരേ നല്കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
അപ്പീലില്‍ സംസ്ഥാന സര്‍ക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അഹ്സനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ജനസംഖ്യ വര്‍ധിച്ച സാഹചര്യത്തിലാണ് വാര്‍ഡ് വിഭജനമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ജനസംഖ്യാ വര്‍ധന അടിസ്ഥാനമാക്കിയ കണക്ക് ഏതാണെന്ന് കോടതി ചോദിച്ചു. കൃത്യമായ കണക്കില്ലാതെയുള്ള വാര്‍ഡ് വിഭജനം ഏകപക്ഷീയമല്ലേ എന്ന വാക്കാലുള്ള നിരീക്ഷണവും ജസ്റ്റിസ് അഹ്സനുദ്ദീന്‍ അമാനുള്ള നടത്തി. 2011ലെ സെന്‍സസ് അടിസ്ഥാനത്തില്‍ ഒരു തവണ വിഭജിച്ചതാണെന്നും വീണ്ടും വിഭജിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. തുടര്‍ന്ന് വിശദമായ വാദത്തിനായി കേസ് രണ്ടാഴ്ചത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: