തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പത്തുദിവസത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കുംഭ മാസത്തിലെ കാര്‍ത്തിക നക്ഷത്രമായ ഇന്നലെ രാവിലെ 10 നായിരുന്നു കാപ്പുകെട്ടി കുടിയിരുത്തുന്ന ചടങ്ങ്.രാവിലെ പുറത്തെ പച്ചപ്പന്തലില്‍ തോറ്റംപാട്ടുകാര്‍ ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടിത്തുടങ്ങി. ആടയാഭരണങ്ങള്‍ അണിഞ്ഞ ദേവിയെ പാട്ടിലൂടെ വര്‍ണിച്ച് പാടി കുടിയിരുത്തുന്ന ഭാഗം എത്തിയതോടെ ആചാര വെടികള്‍ മുഴങ്ങി. ഇതോടെ കാപ്പുകെട്ടല്‍ ചടങ്ങുകള്‍ക്ക് തുടക്കമായി.
പഞ്ചലോഹത്തില്‍ നിര്‍മിച്ച രണ്ടു കാപ്പുകളിലൊന്ന് തന്ത്രി കുഴിക്കാട്ടില്ലത്തില്‍ പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേല്‍ശാന്തി വി.മുരളീധരന്‍ നമ്പൂതിരിയുടെ കൈയിലും കെട്ടി. ഉത്സവം കഴിയുന്നതു വരെ മേല്‍ശാന്തി പുറപ്പെടാശാന്തിയായി ക്ഷേത്രത്തില്‍ തുടരും.
പതിമൂന്നിന് രാവിലെ 10.15ന് ആണ് പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാല. ഉച്ചയ്‌ക്ക് 1.15ന് പൊങ്കാല നിവേദിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം ഇന്നലെ വൈകിട്ട് ആറിന് പ്രധാന വേദിയായ അംബയില്‍ നടി നമിതപ്രമോദ് നിര്‍വഹിച്ചു. ആറ്റുകാല്‍ അംബാ പുരസ്‌കാരം സംഗീതജ്ഞ ഡോ. കെ. ഓമനക്കുട്ടിക്ക് ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ സമര്‍പ്പിച്ചു.
ചെയര്‍മാന്‍ എസ്.വേണുഗോപാലന്‍നായര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ ഗീതാകുമാരി, സെക്രട്ടറി കെ.ശരത്കുമാര്‍, വൈസ് പ്രസിഡന്റ് പി.കെ.കൃഷ്ണന്‍നായര്‍, ഉത്സവ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഡി.രാജേന്ദ്രന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: