തിരുവനന്തപുരം: ആശാ പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് സമരത്തിനെതിരെ സിഐടിയു സംഘടിപ്പിച്ച ബദല്‍ സമരം പൊളിഞ്ഞു. തിരുവനന്തപുരത്തും കോട്ടയത്തും സിഐടിയു കേന്ദ്രസര്‍ക്കാരിനെതിരെ നടത്തിയ സമരത്തില്‍ പങ്കെടുത്തത് വിരലില്‍ എണ്ണാവുന്നവര്‍. അങ്കണവാടി, ഹരിതകര്‍മസേന, കുടുംബശ്രീ പ്രവര്‍ത്തകരെയാണ് സിഐടിയു സമരത്തിനിറക്കിയത്.
സംസ്ഥാന സര്‍ക്കാരിനെതിരെ ആശാ പ്രവര്‍ത്തകരുടെ സമരത്തിന് ജനപിന്തുണ ഏറിയതോടെയാണ് സിഐടിയു ബദല്‍ സമരവുമായി രംഗത്ത് എത്തിയത്. 21,000 ആശാപ്രവര്‍ത്തകരും സിഐടിയുവിലാണെന്ന അവകാശ വാദത്തോടെ നടത്തിയ സമരത്തില്‍ ആശാപ്രവര്‍ത്തകര്‍ വിട്ടുനിന്നു.
സമരം പൊളിഞ്ഞതോടെ സമരസമിതി നേതാക്കള്‍ക്കെതിരെ അധിക്ഷേപവുമായി സിഐടിയു നേതാക്കള്‍ രംഗത്തെത്തി. സമരസമിതി നേതാവ് എസ്.മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്നാണ് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി.ബി.ഹര്‍ഷകുമാര്‍ പറഞ്ഞത്. കേരളത്തിലെ ബസ്സ്റ്റാന്‍ഡുകളുടെ മുന്നില്‍ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നിലെന്നും ഹര്‍ഷകുമാര്‍ പറഞ്ഞു.
എന്നാല്‍ സിഐടിയുക്കാര്‍ 51 വെട്ട് വെട്ടാഞ്ഞത് ഭാഗ്യമെന്നായിരുന്നു അധിക്ഷേപത്തിന് മറുപടിയുമായി എസ്.മിനിയുടെ പ്രതികരണം. അധിക്ഷേപത്തിനെതിരെ സമരസമിതി പ്രതിഷേധ പ്രകടനവും നടത്തി.
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം ഇരുപതാംദിവസത്തിലേക്ക് കടന്നു. പകരക്കാരെ നിയമിക്കുമെന്ന സര്‍ക്കാര്‍ ഭീഷണി മറികടന്ന് കൂടുതല്‍ ആശാ പ്രവര്‍ത്തകര്‍ സമരത്തിലേക്ക് എത്തുകയാണ്. ഇന്നലെ വൈകിട്ട് പെയ്ത മഴയിലും ആശാവര്‍ക്കര്‍മാര്‍ സമരം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: