പ്രയാഗ് രാജ് : മഹാകുംഭമേളയ്‌ക്ക് പ്രയാഗ് രാജില്‍ എത്തി ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിച്ച് മടങ്ങിയ പ്രീതി സിന്‍റയ്‌ക്ക് തീരാത്ത ദു:ഖം. ഗംഗയില്‍ മുങ്ങിക്കുളിച്ചതിന് ശേഷം പങ്കുവെച്ച കുറിപ്പില്‍ ജീവിതം, സ്നേഹബന്ധങ്ങള്‍, ആത്മീയത എന്നിവയെ സ്പര്‍ശിക്കുന്നതാണ് പ്രീതി സിന്‍റ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ്.
അമ്മയ്‌ക്കൊപ്പമാണ് നടി പ്രീതി സിന്‍റ മഹാകുംഭമേളയ്‌ക്ക് എത്തിയത്. അവിടുത്തെ ആത്മീയ അന്തരീക്ഷം പ്രീതിസിന്‍റയ്‌ക്ക് വലിയ ആവേശം പകര്‍ന്നിരുന്നു. പ്രയാഗ് രാജിലെ വിവിധ ക്ഷേത്രങ്ങളും പ്രീതി സിന്‍റ സന്ദര്‍ശിച്ചിരുന്നു. “ഇത് തന്റെ മൂന്നാമത്തെ കുംഭമേളയാണ്. ഇവിടുത്തെ അനുഭവം ഊഷ്മളമായിരുന്നു. ആ അനുഭവം മാന്ത്രികവുമായിരുന്നു. അമ്മയെയും കൂട്ടിവന്നതിനാലാണ് അത് മാന്ത്രിക അനുഭവമായി തോന്നുന്നത്. ഇവിടുത്തെ അനുഭവം ഊഷ്മളമായ ഒരു അനുഭവമായി തോന്നിയത് അത്രയ്‌ക്ക് വൈകാരികമായ അനുഭവം ആയതുകൊണ്ടാണ്. പക്ഷെ ഞാന്‍ അല്‍പം ദു:ഖിത കൂടിയാണ്.”
“ജീവിതത്തിലെ ജനന-മരണ ചക്രങ്ങളില്‍ നിന്നും മോചിതയാകാന്‍ കഴിയുന്നില്ലല്ലോ എന്ന ചിന്തയാണ് എന്നെ ദുഖിതയാക്കുന്നത്. അതുകൊണ്ട് ജീവിതത്തിന്റെ ദ്വന്ദഭാവവും സ്നേഹബന്ധങ്ങളും അനുഭവിക്കേണ്ടിവരുന്നു. എന്റെ കുടുംബത്തെ, കുട്ടികളെ, ഞാന്‍ സ്നേഹിക്കുന്ന മറ്റ് ആളുകളെ ഉപേക്ഷിക്കാന്‍ എനിക്കാവുമോ? ഇല്ല, ഒരിയ്‌ക്കലുമില്ല.”- പ്രീതി സിന്‍റ പറയുന്നു. ജീവിതത്തിലെ ജനന-മരണ ചക്രങ്ങളില്‍ നിന്നും മോചിപ്പിക്കപ്പെട്ട് മോക്ഷം നേടണമെങ്കില്‍ എല്ലാമുപേക്ഷിച്ച് സന്യാസിനിയാകണം. അതിന് ഏറെ മോഹമുണ്ടെങ്കിലും സ്നേഹബന്ധങ്ങള്‍ അറുത്തെറിഞ്ഞ് മോക്ഷപദത്തില്‍ എത്താന്‍ കഴിയുന്നില്ലല്ലോ എന്നതാണ് പ്രീതി സിന്‍റയുടെ ദുഖത്തിന് കാരണം.
“പക്ഷെ മടങ്ങുമ്പോള്‍ എന്റെ ഉള്ളില്‍ തോന്നുന്നത് നമ്മള്‍ ആത്മീയാനുഭവം തേടുന്ന മനുഷ്യര്‍ ആണെന്നല്ല. മനുഷ്യാനുഭവം തേടുന്ന ആത്മീയ ജീവികളാണെന്നാണ്. എന്തായാലും എന്റെ ജിജ്ഞാസ എന്റെ ചോദ്യങ്ങള്‍ക്ക് ഞാന്‍ തേടുന്ന ഉത്തരങ്ങളിലേക്ക് എന്നെ എത്തിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – ഇങ്ങിനെ പറഞ്ഞുകൊണ്ടാണ് പ്രീതി സിന്‍റ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: