ചെന്നൈ : ഹിന്ദി ഭാഷ നടപ്പിലാക്കുന്നതിനെതിരെ വീണ്ടും പ്രതിഷേധവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനത്ത് ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും തമിഴും അതിന്റെ സംസ്കാരവും സംരക്ഷിക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
“ഹിന്ദി അടിച്ചേൽപ്പിക്കലിനെ എതിർക്കും. ഹിന്ദി മുഖംമൂടിയാണ്, സംസ്കൃതം മറഞ്ഞിരിക്കുന്ന മുഖമാണ്,” – അദ്ദേഹം പാർട്ടി അംഗങ്ങൾക്ക് എഴുതിയ കത്തിൽ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എൻഇപി) ഭാഗമായി ത്രിഭാഷാ ഫോർമുലയിലൂടെ കേന്ദ്രം ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ഭരണകക്ഷിയായ ഡിഎംകെ ആരോപിക്കുന്നത്. ബിഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ സംസാരിക്കുന്ന നിരവധി ഉത്തരേന്ത്യൻ ഭാഷകളായ മൈഥിലി, ബ്രജ്ഭാഷ, ബുന്ദേൽഖണ്ഡി, അവധി എന്നിവയെ ഹിന്ദി നശിപ്പിച്ചുവെന്നും കത്തിൽ സ്റ്റാലിൻ ആരോപിച്ചു.
കൂടാതെ ആധിപത്യ ഹിന്ദി-സംസ്കൃത ഭാഷകളുടെ അധിനിവേശം മൂലം 25 ലധികം ഉത്തരേന്ത്യൻ മാതൃഭാഷകൾ നശിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള ദ്രാവിഡ പ്രസ്ഥാനം തമിഴിനെയും അതിന്റെ സംസ്കാരത്തെയും സംരക്ഷിച്ചത് അത് സൃഷ്ടിച്ച അവബോധത്തിന്റെയും വിവിധ പ്രക്ഷോഭങ്ങളുടെയും ഫലമായാണെന്നും ഡിഎംകെ മേധാവി പറഞ്ഞു. വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം ഹിന്ദിയും സംസ്കൃതവും അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനാലാണ് തമിഴ്നാട് എൻഇപിയെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഭരിക്കുന്ന രാജസ്ഥാൻ ഉറുദു ഇൻസ്ട്രക്ടർമാർക്ക് പകരം സംസ്കൃത അധ്യാപകരെ നിയമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കൂടാത തമിഴ്നാട് ത്രിഭാഷാ നയം അംഗീകരിച്ചാൽ, മാതൃഭാഷ അവഗണിക്കപ്പെടുകയും ഭാവിയിൽ സംസ്കൃതവൽക്കരണം ഉണ്ടാകുകയും ചെയ്യുമെന്നാണ് സ്റ്റാലിന്റെ കത്തിൽ പറയുന്നത്. ഇതിനു പുറമെ ഹിന്ദി-സംസ്കൃതത്തിലൂടെ ആര്യൻ സംസ്കാരം അടിച്ചേൽപ്പിക്കുന്നതിനും തമിഴ് സംസ്കാരത്തെ നശിപ്പിക്കുന്നതിനും അനുവദിക്കില്ലെന്നും സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടി.
അതേ സമയം സ്റ്റാലിന്റെ വാദങ്ങൾ പൊള്ളത്തരമാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കേന്ദ്ര സർക്കാർ സ്റ്റാലിന്റെ എല്ലാ വാദങ്ങളേയും നിഷേധിച്ചു. സ്റ്റാലിന്റെ ഹിന്ദി വിരോധത്തിനെതിരെ നിരവധി പ്രതിഷേധങ്ങളാണ് പ്രമുഖർ രേഖപ്പെടുത്തിയത്. ത്രിഭാഷാ ഫോർമുലയോടുള്ള സ്റ്റാലിന്റെ എതിർപ്പിനെ രാഷ്ട്രീയ അവസരവാദം എന്നാണ് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ വിശേഷിപ്പിച്ചത്. 2015 ൽ അധികാരത്തിലെത്തിയാൽ ഉറുദു നിർബന്ധമാക്കുമെന്ന് ഡി എം കെ നേതാവ് അന്ന് പറഞ്ഞിരുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ഇത് സ്റ്റാലിന്റെ മുസ്ലീം പ്രീണനത്തിന്റെ ഭാഗമാണെന്നും ബിജെപി വിലയിരുത്തി. ഇതിനു പുറമെ
പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നത് തടയരുതെന്നും കുട്ടികളെ ഹിന്ദി പഠിക്കാൻ അനുവദിക്കണമെന്നും തമിഴ്നാട്ടിലെ പ്രമുഖ വ്യവസായികളും സ്റ്റാലിനോട് അഭ്യർത്ഥിച്ചിരുന്നു. തമിഴ്നാട്ടിലെ യുവാക്കൾക്ക് രാജ്യത്തിന്റെ ഏതു കോണിലും തൊഴിൽ നേടാൻ ഹിന്ദി ഗുണകരമാകുമെന്നാണ് വ്യവസായികളും വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: