കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത ആറളഫാമിലെ വനവാസികളായ നൂറുകണക്കിന് മനുഷ്യര്‍ കാലങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് അടിസ്ഥാനം സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥ. വനവാസികള്‍ മാത്രമല്ല മേഖലയിലെ ഏക്കര്‍ക്കണക്കിന് വരുന്ന ഭൂമിയിലെ കൃഷിയിടങ്ങളും വലിയ പ്രതിസന്ധിയേ നേരിടുകയാണ്. കാട്ടാനകളുടെ അക്രമത്തില്‍ മനുഷ്യ ജീവനുകള്‍ നഷ്ടമാകുന്നത് തുടര്‍ക്കഥയാവുമ്പോഴും വനം വകുപ്പും സംസ്ഥാന ഭരണകൂടവും ഇരുട്ടില്‍ത്തപ്പുകയാണ്.
ആറളം വന്യജീവി പുരരധിവാസ മേഖലയിലെ ജനങ്ങളും ആറളം കൃഷിഫാമിലെ കൃഷിയിടങ്ങളും സംരക്ഷിക്കപ്പെടണമെങ്കില്‍ വനാതിര്‍ത്തിയില്‍ സുരക്ഷിതവും ഉറപ്പുള്ളതുമായ ആന മതില്‍ തന്നെ നിര്‍മിക്കേണ്ടതുണ്ട്. ഇക്കാര്യം ഫാമിലെ വനവാസി ജന വിഭാഗവും ആറളം ഫാം തൊഴിലാളികളും പലതവണ ആവശ്യപ്പെട്ടെങ്കിലും ആനമതില്‍ നിര്‍മ്മണം പൂര്‍ത്തീകരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് ഫാമില്‍ കാട്ടാന കളുടെ താണ്ഡവത്തിന് കാരണമാകുന്നത്. ആറളം ഫാം നേരിടുന്ന പ്രധാന വെല്ലുവിളിയും വന്യജീവി ആക്രമണം തന്നെയാണ്. നിലവില്‍ നിര്‍മിച്ച പഴയ കരിങ്കല്‍കെട്ടുകള്‍ ഏറെയും കാട്ടാനകളും കാട്ടുപന്നിയും ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ തകര്‍ത്തു കഴിഞ്ഞു. ഇതിന്റെ വിടവിലൂടെയാണ് കാട്ടാനകള്‍ കാടിറങ്ങി ജനവാസ കേന്ദ്രത്തിലെത്തി നാശം വിതയ്‌ക്കുന്നത്.
രണ്ട് വര്‍ഷം മുമ്പ് എഴാം ബ്ലോക്കില്‍ യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ശക്തമായ പ്രതിഷേധം നടത്തുകയുണ്ടായി. തുടര്‍ന്ന് സ്ഥലത്തെത്തിയ അന്നത്തെ തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍, വനംമന്ത്രി എ.കെ ശശീന്ദ്രന്‍, പട്ടികജാതിപട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തി ലുള്ള ജനപ്രതിനിധികളും വകുപ്പു മേധാവികളും പ്രദേശിക ഭരണകൂട പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്ന് ആറളം ഫാമിന്റ സുരക്ഷയ്‌ക്ക് ആനമതില്‍ നിര്‍മ്മിക്കാന്‍ തീരുമാനിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മതില്‍ നിര്‍മ്മാണത്തിനായി 22 കോടി രൂപ അനുവദിക്കുകയും ചെയ്തു. ആറളം ഫാമിങ് ഓഫിസായ വളയംചാല്‍ മുതല്‍ ആദിവാസി പുനരധിവാസ മേഖലയും ഫാം കാര്‍ഷിക മേഖലയും ഉള്‍പ്പെടുന്ന വനാതിര്‍ത്തിയോട് ചേര്‍ന്ന പരിപ്പ്‌തോട് വരെയുള്ള ആറളം ഫാമിന്റെ ഭാഗമായ 14 കിലോമീറ്റര്‍ ദൂരത്തില്‍ ആന മതില്‍ നിര്‍മാണത്തിനാണ് അനുമതി നല്‍കിയത്. മതില്‍ നിര്‍മ്മിക്കാന്‍ ഭൂമിശാസ്ത്രപരമായി ബുദ്ധിമുട്ടുള്ള പ്രദേശങ്ങളില്‍ ഹാങ്ങിങ്ങ് ഫെന്‍സിങ്ങും ട്രഞ്ചിങ് സംവിധാനവും ഒരുക്കാനുമാണ് അനുമതി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്‍സ്ട്രക്ഷന്‍ സഹ സ്ഥാപനമായ വടകരയിലെ ഈരാളുങ്കല്‍ സൊസൈറ്റിക്ക് നിര്‍മാണ ചുമതല നല്‍കിയെങ്കിലും ചില നിയമപരമായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മാണ പ്രവൃത്തി ചുമതലയില്‍ നിന്ന് ഇവര്‍ ഒഴിഞ്ഞു മാറുകയും ആനമതില്‍ പ്രവൃത്തി സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ് തന്നെ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ മതില്‍ നിര്‍മ്മാണം ഇനിയും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ 14 പേരുടെ ജീവനാണ് പൊലിഞ്ഞത്. ഫാമിലെ ആനമതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 2023 സെപ്റ്റംബര്‍ 30ന് ആനമതില്‍ നിര്‍മ്മാണം ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 24ന് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടതായിരുന്നു. പിന്നീട് ഈ പ്രവൃത്തി ഇഴഞ്ഞതോടെ വിവിധ തലങ്ങളിലെ ചര്‍ച്ചകള്‍ക്കുശേഷം മാര്‍ച്ച് 31നുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ വകുപ്പ് മന്ത്രിയും മുഖ്യമന്ത്രി ഉള്‍പ്പെടെ നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോഴും 4 കിലോമീറ്റര്‍ മാത്രമാണ് മതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 37.9 കോടി രൂപ ചിലവില്‍ പത്തര കിലോമീറ്ററാണ് മതില്‍ നിര്‍മ്മാണം നടത്തേണ്ടത്. 3.93 കിലോമീറ്റര്‍ ദൂരത്തിലുള്ള മതില്‍ പണിയേണ്ട മരംപോലും മുറിച്ചുനീക്കിയിട്ടില്ല.
ആറളം ഫാമില്‍ കശുവണ്ടി സീസണായതോടെ കാട് വെട്ടിത്തെളിച്ചു. ഇതോടെ കാട്ടാനകള്‍ എല്ലാം പുനരധിവാസ മേഖലയിലേക്ക് ഇറങ്ങുകയായിരുന്നു. പുനരധിവാസ മേഖലയില്‍ കാടുമൂടിയ ധാരാളം പ്രദേശങ്ങളുണ്ട്. പുനരധിവാസ മേഖലയിലുളള കാട് വെട്ടിത്തെളിച്ചാല്‍ വന്യമൃഗ ശല്യം കുറയ്‌ക്കാമെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്. വന്യ ജീവി അക്രമം ഭയന്ന് പ്രദേശവാസികള്‍ പുറത്തിറങ്ങാന്‍ പോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുളളത്. വിദ്യാര്‍ത്ഥികള്‍ പഠനാവശ്യാര്‍ത്ഥം പോലും പല സമയങ്ങളിലും പുറത്തിറങ്ങാനാവാത്ത സാഹചര്യവും നിലനില്‍ക്കുകയാണ്.
ആദിവാസികളുടെ പാരമ്പര്യ ഭൂമിയായിരുന്നു ആറളം ഫാം. 1976-ലാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിനു കീഴിലുള്ള സെന്‍ട്രല്‍ സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ 12,500 ഏക്കര്‍ വരുന്ന ഭൂമി ഏറ്റെടുത്തത്. 5000 ഏക്കര്‍ വന്യജീവി സങ്കേതമായും, 7500 ഏക്കര്‍ ഫാമായും നിലനിര്‍ത്തി. ആ കാലഘട്ടത്തില്‍ ആറളം ഫാം നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഒരുപാട് മോഡല്‍ നഴ്സറികളും അവയുടെ സീഡ്ലിങ് യൂണിറ്റുകളും 45ഓളം തെങ്ങിന്‍ ഇനങ്ങളും കശുമാവ്, റബര്‍ കൃഷിയുമൊക്കെയായി പ്രദേശം സമൃദ്ധമായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഫാമിന്റെ സ്ഥിതി അന്നന്ന് തോറും കുത്തോട്ട് താഴുകയായിരുന്നു. കൃഷിയിടങ്ങള്‍ ശരിയായ രീതിയില്‍ പരിചരിക്കാത്തതിനാലും വന്യജീവി അക്രമങ്ങളാലും ഏതാണ്ട് പൂര്‍ണ്ണമായും നശിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതുമായ കൃഷി ഫാം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. ഫാമിന്റെ പകുതി ആദിവാസികള്‍ക്കു വിതരണം ചെയ്യുക പകുതി ഫാമായി നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് 2004ല്‍ സര്‍ക്കാര്‍ ഫാം ഭൂമി ഏറ്റെടുത്തത്. 7000 ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന ഫാമിന്റെ പകുതിയോളം ഭൂമി വനവാസികളുള്‍പ്പെടെയുളളവര്‍ക്ക് പതിച്ചു നല്‍കിയിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുണ്ടായിരുന്നപ്പോള്‍ സമയാസമയം ശബളം ലഭിച്ചിരുന്ന ഫാമിലെ മുന്നൂറോളം തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതോടെ ഫാമിന്റെ ഭരണതലത്തിലെ കെടുകാര്യസ്ഥത കാരണം വേതനം മാസങ്ങളോളും കുടിശ്ശികയായി. 3000ത്തോളം ഏക്കര്‍ ഭൂമി വനവാസികളുള്‍പ്പെടെയുളളവര്‍ക്ക് സര്‍ക്കാര്‍ പതിച്ചു നല്‍കിയെങ്കിലും വാസ യോഗ്യമല്ലാത്തതിനാലും വന്യ ജീവി അക്രമങ്ങളാലും നിരവധി കുടുംബങ്ങള്‍ ഭൂമി ഉപേക്ഷിച്ച് പോയിരിക്കുകയാണ്. വന്യജീവി ശല്യം കൂടുതലുളള പതിച്ചു നല്‍കിയ ഭൂമികള്‍ക്ക് പകരം താരതമ്യേന മൃഗങ്ങളുടെ ശല്യം കുറഞ്ഞ ഭൂമി മാറ്റി നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. ഫാമില്‍ തമ്പടിച്ച ആനകളെ വനത്തിലേക്ക് തുരത്തി അടിയന്തിര പ്രാധാന്യത്തോടെ ഇലക്ട്രിക്കല്‍ ഫെന്‍സിംഗ് സ്ഥാപിക്കുകയും ആള്‍ താമസമില്ലാത്ത പ്ലോട്ടുകളിലെ അടിക്കാടുകള്‍ തെളിച്ച് ആനകള്‍ക്ക് ഒളിഞ്ഞ് നില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണമെന്നുമുളള ആവശ്യവും ഉയര്‍ന്നു. എന്നാല്‍ സര്‍ക്കാര്‍ അതിന് തയ്യാറായില്ല.
മൂവായിരത്തിലേറെ ആദിവാസി കുടുംബങ്ങളെ ആറളം ഫാം വന്യജീവി കേന്ദ്രത്തിന് ചേര്‍ന്ന് താമസിപ്പിച്ചിട്ടും ആദിവാസി കുടുംബങ്ങളുടെ ജീവനും കൃഷി ഭൂമിയും സംരക്ഷിക്കുന്നതിന് സംവിധാനമൊരുക്കാതെ ആനക്കലിക്ക് വിട്ടു കൊടുത്ത് ആദിവാസികളുടെ ജീവന്‍ സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്ന അധികൃതരുടെ നടപടിയ്‌ക്കെതിരെ വനവാസികള്‍ക്കിടയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അതിന്റെ തുടര്‍ച്ചയാണ് ദമ്പതികളുടെ മരണത്തെ തുടര്‍ന്ന് ഇന്നലെയും മിനിഞ്ഞാന്നുമായി ആറളത്ത് വനവാസികള്‍ നടത്തുന്ന പ്രതിഷേധം. ആദിവാസി പുനരധിവാസ മിഷന്റെ കൂടി ഉത്തരവാദിത്തമാണ് വനവാസികളുടെ ജീവന് സുരക്ഷ നല്‍കുകയെന്നിരിക്കെ വനം വകുപ്പിനെ പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്നും രക്ഷപ്പെടുകയാണ് ഇവരും. ആര്‍ആര്‍ടി ഓഫീസ് പരിസരത്താണ് ദമ്പതികള്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. ഇവരുടെ സേവനം ലഭ്യമായിട്ടില്ലെന്ന ആരോപണവും നിലനില്‍ക്കുകയാണ്. ഇത്തരത്തിലുളള ഓഫീസുകള്‍ എന്തിനെന്ന ആവശ്യവും ഉയരുകയാണ്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇനിയും ഉണര്‍ന്നു പ്രവര്‍ത്തിച്ച് പുനരധിവാസ ഭൂമിയിലേയും ജനങ്ങള്‍ക്ക്, വനവാസികള്‍ക്ക് സൈ്വര്യമായി ജീവിക്കാനുളള സാഹചര്യം ഒരുക്കുന്നതിന് കാലതാമസം വരുത്തിയാല്‍ ഇനിയുമൊരു പാട് പാവപ്പെട്ട മനുഷ്യരുടെ ജീവനുകള്‍ കാട്ടാനകളുടെ അക്രമണങ്ങളാല്‍ നഷ്ടമാകലാകും ഫലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: