പത്തനംതിട്ട: അമിത വില നല്കി പുറത്തു നിന്നും വൈദ്യുതി വാങ്ങുന്ന കെഎസ്ഇബി, സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികള്‍ പൂര്‍ണതോതില്‍ വിനിയോഗിക്കാത്തത് കോടികളുടെ സാമ്പത്തിക ബാധ്യത വരുത്തുന്നു. ആയിരത്തോളം കോടി രൂപയാണ് ഈ ഇനത്തില്‍ കേരളത്തിന് ചെലവാകുന്നത്.
സംസ്ഥാനത്തിന് വേണ്ട വൈദ്യുതിയുടെ 30ശതമാനമേ ജലവൈദ്യുത പദ്ധതികളില്‍ നിന്നും ലഭിക്കുന്നുള്ളൂ. ബാക്കി 70 ശതമാനം, കേന്ദ്ര വിഹിതം, പവര്‍ പര്‍ച്ചേസ് എന്നീ മാര്‍ഗങ്ങളിലൂടെയാണ് കണ്ടെത്തുന്നത്. കൊടും വേനലില്‍ പോലും 30ശതമാനം ജലം ഉണ്ടായിരിക്കെ അത് ഉപയോഗിക്കാതെ പുറത്തു നിന്നും അധിക വൈദ്യുതി വാങ്ങുന്നതാണ് പ്രശ്നം.
വൈകുന്നേരം 6 മുതല്‍ 11 വരെയുള്ള പീക്ക് സമയത്തു മാത്രമാണ് ജലവൈദ്യുത പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത്. അതും പൂര്‍ണ തോതില്‍ ഇല്ല. കാരണം ദീര്‍ഘകാല കരാറിലൂടെ കേരളം 24 മണിക്കൂറും പുറത്തു നിന്നും ആവശ്യത്തില്‍ അധികം വൈദ്യുതി വാങ്ങുന്നുണ്ട്. കേന്ദ്ര വിഹിതമായി 1600 മെഗാവാട്ടും പവര്‍ പര്‍ച്ചേസിലൂടെ 750 മെഗാവാട്ടും വൈദ്യുതി വാങ്ങുന്നു. കൂടാതെ വൈദ്യുതി ബോര്‍ഡിന്റെ സൗരോര്‍ജ പ്ലാന്റുകളില്‍ നിന്നും പുരപ്പുറ സൗരോര്‍ജത്തില്‍ നിന്നും 1,200 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നുണ്ട്.
കേരളത്തിലെ ജലവൈദ്യുത പദ്ധതികളിലൂടെ ലഭിക്കുന്നത് 1,600 മെഗാവാട്ടാണ്. ഇത്തരത്തില്‍ സംസ്ഥാനത്തിന് ആകെ ലഭിക്കുന്നത് 5,650 മെഗാവാട്ടാണെന്ന് വൈദ്യുതി ബോ
ര്‍ഡിന്റെ കണക്കുകളില്‍ വ്യക്തമാണ്.
പകല്‍ കേരളത്തിന്റെ വൈദ്യുതി ആവശ്യം 3,814 മെഗാവാട്ട് മാത്രം. രാത്രി ആവശ്യം 4,303 മെഗാവാട്ട്. അപ്പോഴും 1,347 മെഗാവാട്ട് വൈദ്യുതി അധികമാണ്. ഇങ്ങനെ ലഭിക്കുന്ന അധിക വൈദ്യുതി കുറയ്ക്കാന്‍ കെഎസ്ഇബി ആഭ്യന്തര ഉത്പാദന മാര്‍ഗമായ ജലവൈദ്യുതിയുടെ പ്രവര്‍ത്തനം കുറയ്ക്കാനാണ് ശ്രമിക്കുന്നത്.
ഇതിന് പരിഹാരമായി 24 മണിക്കൂറും പുറത്തുനിന്നും വൈദ്യുതി വാങ്ങുന്നതിന് പകരം രാത്രി പീക്ക് സമയങ്ങളില്‍ മാത്രം (വൈകിട്ട് 6 മുതല്‍ 11 വരെ) വൈദ്യുതി പുറത്തു നിന്നും വാങ്ങുകയാണ് നല്ലതെന്ന് വൈദ്യുതി ബോര്‍ഡിലെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ അധിക വൈദ്യുതി സറണ്ടര്‍ ചെയ്യുന്ന രീതിയാണ് ബോര്‍ഡ് സ്വീകരിച്ചു വരുന്നത്. അങ്ങനെ വരുമ്പോള്‍ ഫിക്സഡ് ചാര്‍ജ് കമ്പനികള്‍ക്ക് നല്‍കണം.
പവര്‍ പര്‍ച്ചേസിലൂടെ വാങ്ങുന്ന വൈദ്യുതിയുടെ ഫിക്സഡ് ചാര്‍ജ് 4-5 രൂപയാണ്. എന്നാല്‍ കേന്ദ്ര ഗ്രിഡില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയുടെ ഫിക്സഡ് ചാര്‍ജ് 2- 3 രൂപാ മാത്രം. അതിനാല്‍ കേന്ദ്ര ഗ്രീഡില്‍ നിന്നും ലഭിക്കുന്ന വൈദ്യുതിയാണ് കെഎസ്ഇബി ഇപ്പോള്‍ തിരികെ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: