തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകർ ഉടൻ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടറുടെ സർക്കുലർ. പൊതുജനാരോഗ്യപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിന്നില്ലെന്ന് ഉറപ്പാക്കണം എന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കുലര്‍.
ആശാപ്രവര്‍ത്തകര്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നില്ലെങ്കില്‍ ഇതിനുള്ള പകരം സംവിധാനം ഏര്‍പ്പെടുത്തണം. തദ്ദേശസ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് മെഡിക്കല്‍ ഓഫീസര്‍മാര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പണിമുടക്കുന്നവര്‍ക്ക് പകരം തൊട്ടടുത്ത വാര്‍ഡുകളിലെ ആശാപ്രവര്‍ത്തകര്‍ക്ക് അധിക ചുമതല നല്‍കിയോ ആരോഗ്യമേഖലയിലെ സന്നദ്ധപ്രവര്‍ത്തകര്‍ മുഖാന്തിരമോ സേവനം ലഭ്യമാക്കണമെന്നാണ് നിര്‍ദേശം.
പണിമുടക്കുന്ന ആശ പ്രവർത്തകരുടെ കണക്ക് ശേഖരണം നേരത്തെ ആരോഗ്യവകുപ്പ് തുടങ്ങിയിരുന്നു. കഴിഞ്ഞ ദിവസം മുതൽ ഡിഎംഒ മാരുടെ നേതൃത്വത്തിൽ ജില്ലകളിൽ ഗൂഗിൽ ഫോം വഴിയാണ് കണക്കെടുത്ത് തുടങ്ങിയത്. സെക്രട്ടറിയേറ്റിന് മുന്നിൽ ആശവർക്കർമാർ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചർച്ചയക്ക് വിളിക്കുന്നതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പ്രതിപക്ഷ സംഘടനകൾ സമരത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: