കോട്ടയം: എയ്ഡഡ് കോളജുകളിലെ അനദ്ധ്യാപകരുടെ ഒഴിഞ്ഞതസ്തികകള്‍ നികത്താന്‍ വേണ്ട നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്ന് എറണാകുളത്ത് നടന്ന പ്രൈവറ്റ് കോളജ് എംപ്ലോയീസ് സംഘിന്റെ 24-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ശിവജി സുദര്ശന് സമ്മേളനം ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരില്‍ തടഞ്ഞു വയ്ക്കുമ്പോഴും പണം ധൂര്‍ത്തടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. പിഎസ്സി അംഗങ്ങള്‍ക്കും ദല്‍ഹിയിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ക്കുമെല്ലാം പണം വാരിക്കോരി നല്‍കിയത് ഇതിനുദാഹരണമാണ്.
സര്‍ക്കാര്‍ സര്‍വീസിന്റെ ഇരുണ്ട യുഗമാണ് ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉണ്ടായിട്ടുള്ളതെന്ന് മുഖ്യപ്രഭാഷണത്തില്‍ ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ പറഞ്ഞു. 12-ാം ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ക്ഷാമബത്ത ഉള്‍പ്പെടെ തടഞ്ഞുവച്ച മുഴുവന്‍ ആനുകൂല്യങ്ങളും അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
സംസ്ഥാന പ്രസിഡന്റ്് ഉണ്ണികൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു. എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ്കുമാര്‍, ജനറല്‍ സെക്രട്ടറി പ്രദീഷ് ഡി. ഷേണായി, സംസ്ഥാന സെക്രട്ടറി ജി.എന്‍. രാംപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. വിരമിച്ച ജീവനക്കാരെ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് കെ.കെ. ശ്രീകുമാര്‍ ആദരിച്ചു.
പുതിയ ഭാരവാഹികളായി ജി.എന്‍. രാംപ്രകാശ് (പ്രസിഡന്റ്) കെ.എ. ശ്രീഹരി (ജനറല്‍ സെക്രട്ടറി) കെ.എ. നിശാന്ത് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളന തീരുമാനപ്രകാരം പ്രൈവറ്റ് കോളജ് എംപ്ലോയീസ് സംഘിന്റെ പേര് ‘കേരളാ എയ്ഡഡ് കോളജ് എംപ്ലോയീസ് സംഘ്’ എന്നാക്കുന്നത് സമ്മേളനം അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: