ചെന്നൈ: ടെക്നീഷ്യന്മാരും ദിവസവേതനക്കാരുമായ സിനിമാപ്രവര്‍ത്തകര്‍ക്ക് വീടുകള്‍ നിര്‍മിക്കാനായി നടന് വിജയ് സേതുപതി 1.30 കോടി രൂപ സംഭാവന നല്കി. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ’ എന്ന സംഘടനയ്ക്കാണ് വിജയ് സേതുപതി പണം കൈമാറിയത്.
ട്രേഡ് അനലിസ്റ്റായ രമേശ് ബാലയാണ് അപ്പാര്‍ട്ട്മെന്റ് നിര്‍മാണത്തിനായി വിജയ് സേതുപതി 1.30 കോടി രൂപ സംഭാവനചെയ്തെന്ന വിവരം എക്സില്‍ പങ്കുവച്ചത്. സംഘടന നിര്‍മിക്കുന്ന അപ്പാര്‍ട്ട്മെന്റിന് വിജയ് സേതുപതി ടവേഴ്സ് എന്നു പേരു നല്‍കും.
വിവിധ സിനിമസംഘടനകള്‍ക്ക് ഭൂമി പാട്ടത്തിന് നല്‍കിയുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുതുക്കിയ ഉത്തരവ് കഴിഞ്ഞ 21ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന് കൈമാറിയിരുന്നു. ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍, സൗത്ത് ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന് തുടങ്ങിയ സംഘടനകള്‍ക്കാണ് ഭൂമി ലഭ്യമാക്കിയത്. ഇതില്‍ തമിഴ് സിനിമ, ടെലിവിഷന്‍ രംഗത്തെ 25,000 അംഗങ്ങളുള്ള പ്രധാന സംഘടനയാണ് ഫിലിം എംപ്ലോയീസ് ഫെഡറേഷന് ഓഫ് സൗത്ത് ഇന്ത്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: