വാഷിംഗ്ടൺ : അധികാരമേറ്റതിനുശേഷം ഒന്നിനുപുറകെ ഒന്നായി കടുത്ത തീരുമാനങ്ങൾ കൈക്കൊണ്ടുവരുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇപ്പോഴിത ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും സംബന്ധിച്ച് മറ്റൊരു പ്രധാന ഉത്തരവ് പുറപ്പെടുവിച്ചു. മറ്റൊന്നുമല്ല ബൈഡൻ ഭരണകൂടത്തിലെ എല്ലാ അഭിഭാഷകരെയും പിരിച്ചുവിടാൻ ഉത്തരവിട്ടുകൊണ്ടാണ് ട്രംപ് തന്റെ ഏറ്റവും പുതിയ ഉത്തരവിൽ കോളിളക്കം സൃഷ്ടിച്ചത്.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ട്രംപ് ഈ വിവരം അറിയിച്ചത്. “കഴിഞ്ഞ നാല് വർഷത്തിനിടയിൽ നീതിന്യായ വകുപ്പ് ഇത്രയധികം രാഷ്ട്രീയവൽക്കരിക്കപ്പെട്ടിട്ടില്ല. അതിനാൽ ശേഷിക്കുന്ന ബൈഡൻ കാലഘട്ട യുഎസ് അഭിഭാഷകരെ പിരിച്ചുവിടാൻ നിർദ്ദേശിച്ചിരിക്കുന്നു. നമ്മൾ ഉടനടി ശുദ്ധീകരിക്കുകയും വിശ്വാസം പുനഃസ്ഥാപിക്കാൻ പ്രവർത്തിക്കുകയും വേണം. അമേരിക്കയുടെ സുവർണ്ണ കാലഘട്ടം ഇന്ന് മുതൽ നീതിയുക്തമായ ഒരു നീതിന്യായ വ്യവസ്ഥയെ അവതരിപ്പിക്കണം. ” – ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി.
ട്രംപ് അധികാരമേറ്റതുമുതൽ യുഎസ് നീതിന്യായ വകുപ്പ് വിമർശനത്തിന് വിധേയമാണ്. നിരവധി അഭിഭാഷകർ ഇതിനകം തന്നെ രാജിവച്ചു. തിങ്കളാഴ്ച നിരവധി അഭിഭാഷകരും രാജി പ്രഖ്യാപിച്ചിരുന്നു. ബൈഡൻ ഭരണകൂടം നീതിന്യായ വകുപ്പിനെ തനിക്കെതിരെ ആയുധമായി ഉപയോഗിക്കുന്നുവെന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് ആരോപിച്ചിരുന്നു.
ബൈഡൻ ഭരണകൂടത്തിന്റെ കാലത്ത് ട്രംപിനെതിരെ നിരവധി കേസുകൾ ഫയൽ ചെയ്യപ്പെട്ടതാണ് ഈ ആരോപണങ്ങൾക്ക് പിന്നിൽ. ട്രംപിനെതിരായ വാദം കേൾക്കലുകളിൽ പങ്കെടുക്കുകയും ട്രംപിനെതിരെ അന്വേഷണം നടത്തുകയും ചെയ്ത അഭിഭാഷകരെ ട്രംപ് ഇതിനകം തന്നെ നീതിന്യായ വകുപ്പിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
യുഎസ് നീതിന്യായ വകുപ്പിൽ പ്രസിഡന്റ് മാറ്റത്തിന് ശേഷം അഭിഭാഷകർ രാജിവയ്ക്കുന്ന ഒരു പാരമ്പര്യമുണ്ട്. അതിൽ പുതിയ ഭരണകൂടം സാധാരണയായി അഭിഭാഷകന്റെ രാജി ആവശ്യപ്പെടും. എന്നാൽ ഇത്തവണ ട്രംപ് അത് മാറ്റി അഭിഭാഷകനെ പിരിച്ചുവിടാനാണ് ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: