കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ആദി ശങ്കരാചാര്യരുടെ പേരില്‍ പുതിയ റെയില്‍വേ സ്റ്റേഷന് ആരംഭിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് ബിജെപി എറണാകുളം ജില്ല കമ്മിറ്റി നിവേദനം സമര്‍പ്പിച്ചത് കഴിഞ്ഞ നവംബറില്‍. മൂന്നു മാസത്തിനുള്ളില്‍ തന്നെ തീരുമാനമായി. വിമാനത്താവളത്തിന് സമീപം റെയില്‍വേ സ്റ്റേഷന് യാഥാര്‍ത്ഥ്യമാകുന്നു. കഴിഞ്ഞദിവസം ദക്ഷിണ റെയില്‍വേ വിഭാഗം പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും.
19 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്. ഹാള്‍ട്ട് സ്റ്റേഷന് മാതൃകയില്‍ ഒരു വര്‍ഷത്തിനകം റെയില്‍വേ സ്റ്റേഷന് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. രണ്ട് പ്ലാറ്റ്ഫോമുകള്. വന്ദേ ഭാരതിനും ഇന്റര്‍ സിറ്റി ട്രെയിനുകള്‍ക്കും സ്റ്റോപ്പ് ഉണ്ടാകും.
2011ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് മന്ത്രിയായിരുന്ന ഇ.അഹമ്മദ് ശിലാസ്ഥാപനം നടത്തിയ ശില ഇന്നും സ്മാരകമായി നിലനില്‍ക്കുകയാണെന്നും നെടുമ്പാശ്ശേരിയില്‍ ഒരു റെയില്‍വേ സ്റ്റേഷന് വന്നാല്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ഗുണകരമാണെന്ന കാര്യവും എയര്‍പോര്‍ട്ടിന്റെ 500 മീറ്ററിനുള്ളില്‍ റെയില്‍വേ സ്റ്റേഷന് വന്നാല്‍ അതുവഴി വരാവുന്ന വികസനത്തെ കുറിച്ചും ബിജെപി നേതൃത്വം നല്കിയ നിവേദനത്തിലൂടെ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു വിഷയം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ബി ജെപി നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു.
ജന്മഭൂമി സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ മന്ത്രി അശ്വിനി വൈഷ്ണവ് എത്തിയപ്പോഴായിരുന്നു കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്, ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്, മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു എന്നിവരുടെ സാന്നിധ്യത്തില്‍ ബിജെപി എറണാകുളം ജില്ലാ അധ്യക്ഷന്‍ അഡ്വ. കെ. എസ്. ഷൈജു, മുന്‍ ജനറല്‍ സെക്രട്ടറി എസ്. സജി, നെടുമ്പാശ്ശേരി മണ്ഡലം മുന്‍ പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, സേതുരാജ് ദേശം, എം. എന്‍. ഗോപി എന്നിവര്‍ ചേര്‍ന്ന് നിവേദനം നല്‍കിയത്.
പുതിയ രൂപരേഖയില്‍ സ്റ്റേഷന്റെ സ്ഥാനം സോളര്‍ പാടത്തിന്റെ ഭാഗത്തേക്ക് മാറ്റിയിട്ടുണ്ട്. ട്രാക്കിന് സമീപം ഇരുവശത്തും റെയില്‍വേയുടെ ഭൂമി ലഭ്യമാണ്. അത്താണി ജംഗ്ഷന്എയര്പോര്ട്ട് റോഡിലെ മേല്‍പാലം കഴിഞ്ഞാകും പ്ലാറ്റ്ഫോം തുടങ്ങുക. 24 കോച്ച് ട്രെയിനുകള്‍ നിര്‍ത്താനാകുന്ന 2 പ്ലാറ്റ്ഫോമുകള് നിര്‍മിക്കും. വന്ദേ ഭാരത് ട്രെയിനുകള്‍ക്കും ഇന്റര്‍സിറ്റി ട്രെയിനുകള്‍ക്കും സ്റ്റോപ്പ് ഉണ്ടായിരിക്കും. പ്ലാറ്റ്ഫോമില്‍നിന്ന് പുറത്തേക്കിറങ്ങുക റണ്‍വേയുടെ അതിര്‍ത്തിയിലുള്ള ചൊവ്വരനെടുവന്നൂര്എയര്പോര്ട്ട് റോഡിലേക്കാണ്.
മേല്‍പാലത്തിനു താഴെയുള്ള റോഡിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിമാനത്താവളത്തിലെത്താം. ഈ റൂട്ടില്‍ ഇലക്ട്രിക് ബസ് സേവനം ആരംഭിക്കാമെന്നു കൊച്ചി വിമാനത്താവള കമ്പനി അധികൃതര്‍ (സിയാല്‍) റെയില്‍വേയെ അറിയിച്ചിട്ടുണ്ട്. ‘കൊച്ചിന് എയര്‍പോര്‍ട്ട്’ എന്ന പേരാണ് സ്റ്റേഷനു ശുപാര്‍ശ ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: