തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയുള്ള നിലപാടിൽ ഉറച്ച് കോൺഗ്രസ് എം പി ശശി തരൂർ. തന്റെ നിലപാടിൽ മാറ്റമില്ലെന്നും, സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണമെന്നും ശശി തരൂർ പറഞ്ഞു.
‘ രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണം . കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നല്ല കാര്യങ്ങൾ ചെയ്താൽ അംഗീകരിക്കണം . തന്റെ നിലപാടിൽ മാറ്റമില്ല. വർഷങ്ങളായി താൻ പറയുന്ന കാര്യങ്ങളാണിത് . വസ്തുതകളുടെ അടിസ്ഥാനത്തിലാണ് താൻ ലേഖനം എഴുതിയത്.
കണക്ക് ഏതെന്ന് അറിയാൻ പ്രതിപക്ഷനേതാവ് ലേഖനം വായിക്കണം . വിദേശകാര്യങ്ങളിൽ രാജ്യതാല്പര്യം നോക്കണം . രാഷ്ട്രീയ താല്പര്യം നോക്കരുത് . ഇതാണ് തന്റെ നിലപാട് . മോദി ട്രമ്പിനെ കണ്ടത് രാജ്യത്തിനുള്ള അംഗീകാരമാണ് . വ്യവസായ സൗഹൃദത്തിൽ കേരളം ഒന്നാമതായെങ്കിൽ കാരണം ദേശീയ റാങ്കിങ് ആണെന്നും ശശി തരൂര്‍ പറഞ്ഞു. ലേഖനത്തെ അനുകൂലിച്ച് കോണ്‍ഗ്രസിൽ നിന്ന് ചിലര്‍ വിളിച്ചിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രശംസയ്ക്ക് പിന്നാലെയാണ് തരൂരിന്റെ വാക്കുകള്‍. ‘‘മോദിയോട് വിലപേശല്‍ എളുപ്പമല്ല. അക്കാര്യത്തില്‍ അദ്ദേഹം എന്നേക്കാളും കടുപ്പക്കാരനും മെച്ചപ്പെട്ടയാളുമാണ്’’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ട്രംപ് അങ്ങനെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ കുറിച്ച് പറഞ്ഞുവെങ്കില്‍, അതു വെറുതെയാവില്ലെന്നായിരുന്നു തരൂരിന്റെ പ്രതികരണം.
‘‘ഞങ്ങളുടെ ജനങ്ങളെ നിങ്ങള്‍ക്ക് അപമാനിച്ചയയ്ക്കാന്‍ കഴിയില്ലെന്ന് അടച്ചിട്ട മുറിക്കുള്ളില്‍ മോദി തീര്‍ച്ചയായും ട്രംപിനോട് പറഞ്ഞിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. അനധികൃതമായി കുടിയേറിയവരെ നിങ്ങള്‍ക്ക് തിരികെ ഇന്ത്യയിലേക്ക് അയയ്ക്കാം, ഞങ്ങള്‍ അവരെ നോക്കും, അവര്‍ ഞങ്ങളുടെ പൗരന്മാരാണ്. കയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ട് സൈനിക വിമാനത്തില്‍ അവരെ അയയ്ക്കുന്നത് ശരിയല്ല എന്ന് മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്. വാസ്തവം അറിയില്ല’’ – തരൂർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: