കോഴിക്കോട് : ക്ഷേത്രങ്ങളിലെ അശാസ്ത്രീയ ആനയെഴുന്നള്ളിപ്പിനെ വിമര്‍ശിച്ച് കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി.
ആനയിടഞ്ഞ് മനുഷ്യജീവനുകള്‍ ചവിട്ടിമെതിക്കപ്പെടുന്ന സാഹചര്യത്തിലെങ്കിലും മാറിചിന്തിച്ചു കൂടെയെന്ന് ചിദാനന്ദപുരി ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് സ്വാമിയുടെ അഭിപ്രായപ്രകടനം. ആരാധനാലയങ്ങളിലും രാഷ്ട്രീയവേദികളിലും ശബ്ദനിയന്ത്രണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന കരിമരുന്നുകളില്‍നിന്ന് മതരാഷ്ട്രീയഭേദമില്ലാതെ ഏവരും വിട്ടുനില്‍ക്കട്ടെ. ഉത്സവങ്ങളില്‍ രക്തചൊരിച്ചിലും ആപത്തുകളും മരണങ്ങളും ഉണ്ടാകാതിരിക്കട്ടെ. ഭക്തിയുടെയും ശാസ്ത്രബോധത്തിന്റെയും ചൈതന്യവര്‍ദ്ധനവിന്റെയും വേദികളാവട്ടെ ഉത്സവങ്ങളെന്നും അദ്ദേഹം കുറിച്ചു.
ആശാസ്ത്രീയ ആനയെഴുന്നള്ളത്തിനെയും കരിമരുന്നു പ്രയോഗങ്ങളെയും കുറിച്ച് കഴിഞ്ഞ മൂന്നരദശകങ്ങളായി താന്‍ സംസാരിക്കുന്നുണ്ടെന്ന് സ്വാമി ചിദാനന്ദപുരി കുറിച്ചു.അതിന്റെ പേരില്‍ പലപ്പോഴും ആചാരവിരുദ്ധന്‍ എന്ന വിമര്‍ശനം കേള്‍ക്കേണ്ടിവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് ജില്ലയില്‍ ആനയെഴുന്നള്ളിപ്പ് ഉള്ള സ്ഥലമായിരുന്നു വേങ്ങേരി ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രം.അവിടെ നവീകരണം നടക്കുമ്പോള്‍ ‘രക്ഷാധികാരിയെന്ന പേരു വയ്ക്കട്ടെ’ എന്ന് ചോദിച്ചപ്പോള്‍ ഈ ദുഷിച്ച ചെയ്തി നിര്‍ത്തണമെന്നവരോടു താന്‍ പറഞ്ഞു.ഏതായാലും അവിടുത്തെ സജ്ജനങ്ങളായ പ്രവര്‍ത്തകര്‍ ആ ക്ഷേത്രത്തില്‍ നല്ല രഥം നിര്‍മ്മിച്ച് ഭഗവാനെ അതില്‍ എഴുന്നള്ളിക്കാനാരംഭിച്ചു. ആനയെ മാറ്റി. ഇപ്പോള്‍ വളരെ നല്ല നിലയ്ക്ക് ഉത്സവാദിനൈമിത്തികങ്ങള്‍ നടക്കുന്ന ശ്രേഷ്ഠമായ ക്ഷേത്രമാണത്. എല്ലാ ക്ഷേത്രകാര്യങ്ങളും സമംഗളം നടക്കുന്നുവെന്ന് സ്വാമി ചിദാനന്ദപുരി പറഞ്ഞു.
ജീവന്‍രക്ഷാപ്രവര്‍ത്തനം നടത്തുന്ന ആംബുലന്‍സുകള്‍ക്കുപോലും മലിനീകരണം നിശ്ചിതപരിധിക്കുള്ളിലാണെന്നുള്ള സാക്ഷ്യപത്രം വേണം. എന്നാല്‍ കരിമരുന്നുപ്രയോഗത്തില്‍ ഒന്നും ആവശ്യവുമില്ലെന്നും സ്വാമി ചിദാനന്ദപുരി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: