കോട്ടയം: പാര്‍ട്ടി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും പാലാ മുനിസിപ്പല്‍ ചെയര്‍മാന്‍ പദവിയില്‍ നിന്ന് ഒഴിയാന്‍ തയ്യാറാവാതെ ഷാജി വി തുരുത്തന്‍. തനിക്ക് രണ്ടു വര്‍ഷമാണ് ചെയര്‍മാന്‍ പദം പാര്‍ട്ടി അനുവദിച്ചതെന്നാണ് തുരുത്തന്റെ വാദം. എന്നാല്‍ അങ്ങനെയല്ല അവസാന എട്ടുമാസം കൗണ്‍സിലര്‍ തോമസ് പീറ്ററിനാണ് അധ്യക്ഷ സ്ഥാനം പറഞ്ഞുവച്ചിരിക്കുന്നതെന്നാണ് കേരള കോണ്‍ഗ്രസ് എം നേതൃത്വം ഇപ്പോള്‍ പറയുന്നത്. സ്ഥാനമൊഴിയാത്തതിനെ ചൊല്ലി കേരള കോണ്‍ഗ്രസിലെ തര്‍ക്കം നിലനില്‍ക്കെ വെള്ളിയാഴ്ച അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുകയാണ് പ്രതിപക്ഷം. യുഡിഎഫിന് ഒപ്പം നില്‍ക്കുന്ന സ്വതന്ത്ര കൗണ്‍സിലര്‍ ജിമ്മി ജോസഫ് ആണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. 26 അംഗ പാലാ നഗരസഭാ കൗണ്‍സിലില്‍ കേരള കോണ്‍ഗ്രസ് എമ്മിന് 10 അംഗങ്ങളും സിപിഐക്ക് ആറാംഗങ്ങളും സിപിഐക്ക് ഒരു അംഗവുമാണ് ഉള്ളത്. ആകെ 17 അംഗ ഭരണസമിതി. ഇതില്‍ സിപി എം അംഗം ബിനു പുളിക്കക്കണ്ടത്തെ പാര്‍ട്ടി പുറത്താക്കിയിരിക്കുകയാണ്. ബിനുവിന് ഒപ്പം തന്നെയാണ് മറ്റൊരു സ്വതന്ത്ര സിപിഎം കൗണ്‍സില്‍ ആയ ഷീബാ ജിയോയും നില്‍ക്കുന്നത്. എങ്കില്‍പോലും ഭരണപക്ഷത്തിന് തുരത്തനെ കൂടാതെ 14 അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ട്. പ്രതിപക്ഷത്ത് 9 അംഗങ്ങളാണുള്ളത്. പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസപ്രമേയം പാസാവില്ലെങ്കില്‍ പോലും പ്രമേയാവതരണ സമയത്ത് സ്വന്തം ചെയര്‍മാനെതിരെ കേരള കോണ്‍ഗ്രസ് എന്ത് നിലപാടെടുക്കും എന്നത് പ്രധാനമാണ്. വെള്ളിയാഴ്ച അവിശ്വാസ പ്രമേയത്തെ എതിര്‍ക്കുകയോ കൗണ്‍സിലില്‍ നിന്ന് വിട്ടുനില്‍ക്കുകയോ വേണ്ടി വരും. രാജിവെക്കാന്‍ തയ്യാറാകാത്ത സ്വന്തം കൗണ്‍സിലറെ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു വോട്ട് ചെയ്ത് പുറത്താക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ വിവാദത്തിന് തിരികൊളുത്തും. ഇത്തരം ഒരു നിലപാടെടുക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറാവില്ലെന്ന് സൂചന. ജോസ് കെ മാണി അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടിട്ടും കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തട്ടകത്തില്‍ തന്നെയുള്ള നഗരസഭയിലെ ചെയര്‍മാന്‍ തങ്ങള്‍ക്ക് വഴങ്ങാത്തത് പാര്‍ട്ടിക്ക് വലിയ നാണക്കേടായിരിക്കയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: