ന്യൂഡല്‍ഹി: ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ പെടുത്തിയ സംഭവത്തില്‍ പ്രതി നാരായണ ദാസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി. കോടതിയില്‍ നിന്ന് ഒരു സഹതാപവും പ്രതീക്ഷിക്കേണ്ടെന്നും ഷീല സണ്ണി 72 ദിവസമാണ് ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നതെന്നും ജസ്റ്റിസ് വിക്രം നാഥ് വ്യക്തമാക്കി.
ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും ഏഴു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങണമെന്ന് ഉത്തരവിടുകയും ചെയ്ത സാഹചര്യത്തിലാണ് ഒളിവില്‍ കഴിയുന്ന പ്രതി അഭിഭാഷകന് മുഖേന സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ മൂന്ന് മാസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനും അന്തിമ റിപ്പോര്‍ട്ട് നല്കി നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ഷീല സണ്ണിയുടെ മകന്റെ ഭാര്യയുടെ സഹോദരിയും ബംഗളൂരുവിലെ വിദ്യാര്‍ത്ഥിനിയുമായ ലിവിയ ജോസിന്റെ സുഹൃത്താണ് നാരായണ ദാസ്. ലിവിയ ആവശ്യപ്പെട്ട പ്രകാരമാണ് വ്യാജ എല്‍എസ്ഡി സ്റ്റാമ്പ് ഷീല സണ്ണിയുടെ ബാഗില്‍ വെച്ച ശേഷം വിവരം എക്സൈസിന് നല്‍കിയത്. മെഡിക്കല്‍ എക്സാമിനറുടെ പരാതിയില്‍ ഇത് വ്യാജ എല്‍എസ്ഡി സ്റ്റാമ്പാണെന്ന് വ്യക്തമായെങ്കിലും എക്സൈസ് സംഘം ഇക്കാര്യം മറച്ചുവെച്ചു. റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഷീല സണ്ണി 72 ദിവസത്തിനു ശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: