ന്യൂദല്‍ഹി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ പാരീസിലെത്തി. നാലു ദിവസത്തെ ഫ്രാന്‍സ്, യുഎസ് സന്ദര്‍ശനത്തിന് പ്രധാനമന്ത്രി ഇന്നലെ ഉച്ചയോടെയാണ് ദല്‍ഹിയില്‍ നിന്നു യാത്ര തിരിച്ചത്. പാരീസില്‍ ഇന്നു ലോക നേതാക്കളുടെയും ആഗോള ടെക് സിഇഒമാരുടെയും സമ്മേളനം എഐ ആക്ഷന്‍ ഉച്ചകോടിയില്‍ അധ്യക്ഷത വഹിക്കുന്നതിനും ഫ്രാന്‍സുമായുള്ള സഹകരണം ശക്തമാക്കുന്നതിനുമാണ് സന്ദര്‍ശനമെന്നു യാത്രയ്ക്കു മുമ്പുള്ള സന്ദേശത്തില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
ഭാരതവും ഫ്രാന്‍സും തമ്മിലെ തന്ത്രപരമായ പങ്കാളിത്തത്തിനുള്ള 2047 ഹൊറൈസണ്‍ റോഡ് മാപ്പിന്റെ പുരോഗതി പ്രസിഡന്റ് മാക്രോണിനൊപ്പം അവലോകനം ചെയ്യും. മാര്‍സെയില്‍, ഫ്രാന്‍സിലെ ആദ്യ ഭാരത കോണ്‍സുലേറ്റ് ഫ്രഞ്ച് പ്രസിഡന്റിനൊപ്പം ഉദ്ഘാടനം ചെയ്യും. ആഗോള നന്മയ്ക്കായി ഊര്‍ജം വിനിയോഗിക്കുന്നതിനു ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള പങ്കാളി രാജ്യങ്ങളുടെ കണ്‍സോര്‍ഷ്യത്തില്‍ ഭാരതം അംഗമായ ഇന്റര്‍നാഷനല്‍ തെര്‍മോ ന്യൂക്ലിയര്‍ എക്സ്പെരിമെന്റല്‍ റിയാക്ടര്‍ പദ്ധതി സന്ദര്‍ശിക്കും. ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളില്‍ വീരമൃത്യു വരിച്ച ഭാരത സൈനികര്‍ക്കു മസാര്‍ഗൂസ് യുദ്ധ സെമിത്തേരിയില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിക്കും. നവീകരണത്തിനും പൊതുനന്മയ്ക്കുമുള്ള സഹകരണ സമീപനങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഫ്രഞ്ച് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ കൈമാറുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫ്രാന്‍സ് സന്ദര്‍ശന ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ക്ഷണ പ്രകാരം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു വാഷിങ്ടണിലേക്കു പോകുമെന്നും മോദി തുടര്‍ന്നു. സുഹൃത്തായ പ്രസിഡന്റ് ട്രംപിനെ കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഈ സന്ദര്‍ശനത്തിലൂടെ സാങ്കേതികവിദ്യ, വ്യാപാരം, പ്രതിരോധം, ഊര്‍ജം, വിതരണ ശൃംഖല, പുനരുജ്ജീവനം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം കൂടുതല്‍ ഉയര്‍ത്തുന്നതിനുള്ള തീരുമാനങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: