ന്യൂദല്‍ഹി : ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 699 സ്ഥാനാർത്ഥികളിൽ 555 പേർക്കും കെട്ടി വച്ച പണം നഷ്ടമായി. 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന്റെ കാര്യമാണ് ഏറെ ദയനീയം . 67 സീറ്റുകളിലും പണം നഷ്ടമായി. അതേസമയം ബിജെപി , എഎപി , സഖ്യകക്ഷികളായ ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (റാം വിലാസ്) എന്നിവയുടെ സ്ഥാനാർത്ഥികൾക്ക് കെട്ടിവച്ച പണം നഷ്ടമാവില്ല. രണ്ടിടത്ത് മത്സരിച്ച അസദുദ്ദീന്‍ ഒവൈസിയുടെ മജ്ലിസ് പാര്‍ട്ടിക്കും കെട്ടിവെച്ച തുക പോയിട്ടില്ല.
അഭിഷേക് ദത്ത് (കസ്തൂർബ നഗർ), രോഹിത് ചൗധരി (നംഗ്ലോയ് ജാട്ട്), ദേവേന്ദ്ര യാദവ് (ബാദ്ലി) എന്നീ മൂന്ന് കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് മാത്രമാണ് കെട്ടിവച്ച തുക നിലനിർത്താൻ കഴിഞ്ഞത്.പത്ത് വർഷത്തെ ഭരണത്തിന് ശേഷം, നിയമസഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി നേരിട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങൾ പ്രകാരം, ഒരു സ്ഥാനാർത്ഥിക്ക് ആകെ സാധുവായ വോട്ടുകളുടെ ആറിലൊന്ന് നേടാൻ കഴിയുന്നില്ലെങ്കിൽ, സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ ജനറൽ വിഭാഗത്തിൽപ്പെട്ടവർ 10,000 രൂപയും പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ടവർ 5,000 രൂപയും കെട്ടിവയ്ക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: