ന്യൂദല്‍ഹി: സ്വത്ത് വിഭജിക്കുന്നതില്‍ അഭിപ്രായഭിന്നതയുണ്ടായതിനെ തുടര്‍ന്ന് യുഎസില്‍ ഉപരിപഠനം നടത്തിയ 29 വയസ്സുള്ള കൊച്ചുമകന്‍ വ്യവസായിയായ അപ്പൂപ്പനെ കുത്തിക്കൊലപ്പെടുത്തി. 70 തവണയാണ് കുത്തിയത്.
കൊച്ചുമകന്റെ കുത്തേറ്റ വെല്‍ജാന്‍ ഗ്രൂപ്പ് എന്ന വ്യവസായഗ്രൂപ്പിന്റെ ചെയര്‍മാനായ 86 വയസ്സുകാരനായ വേലമതി ചന്ദ്രശേഖര ജനാര്‍ദ്ദന റാവു ആണ് മരിച്ചത്. 29 വയസ്സായ കൊച്ചുമകന്‍ കിലാരു കീര്‍ത്തി തേജ ആണ് അപ്പൂപ്പനെ സ്വത്തിനോടുള്ള ദുര മൂത്ത് കുത്തിക്കൊലപ്പെടുത്തിയത്.
കിലാരു കീര്‍ത്തി തേജയ്‌ക്ക് പൂര്‍വ്വികസ്വത്തില്‍ നിന്നും 4 കോടി രൂപ അപ്പൂപ്പന്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് പോരെന്ന് കിലാരു കീര്‍ത്തി തേജ അപ്പൂപ്പനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. പിന്നെ ഒരു ദുര്‍ബലനിമിഷത്തില്‍ കത്തി ഉപയോഗിച്ച് കുത്തിവീഴ്‌ത്തുകയായിരുന്നു. ഇതിന് തടസ്സം നിന്ന കിലാരു കീര്‍ത്തി തേജയുടെ അമ്മ സരോജിനി ദേവിയ്‌ക്കും കുത്തേറ്റു.
ഈയിടെ യുഎസില്‍ നിന്നും മാസ്റ്റേഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദില്‍ മടങ്ങിയെത്തിയ കിലാരു കീര്‍ത്തി തേജ അമ്മ സരോജിനിയ്‌ക്കൊപ്പം സ്വത്ത് വിഷയവുമായി ബന്ധപ്പെട്ട് അപ്പൂപ്പനെ കാണാന്‍ പോയതാണ് പിന്നീട് വാക്കേറ്റത്തിലും കത്തിക്കുത്തിലും അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: