ആലുവ : ഷാപ്പിൽ അസഭ്യം പറയരുതെന്നാവശ്യപ്പെട്ട ജീവനക്കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കിഴക്കമ്പലം താമരച്ചാൽ കാച്ചപ്പിള്ളിൽ വീട്ടിൽ ഐവിൻ ബേബി (27), മാറമ്പിള്ളി പൈനാത്തു കുടി ശരത് ശങ്കർ (26), സൗത്ത് വാഴക്കുളം പട്ടേത്ത് വീട്ടിൽ ശ്യാംകുമാർ (34) എന്നിവരെയാണ് പെരുമ്പാവൂർ എ എസ് പി യുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്.
കഴിഞ്ഞ മൂന്നിന് വൈകിട്ട് കിഴക്കമ്പലം മുറിവിലങ്ങ് ഷാപ്പിലെത്തിയ പ്രതികൾ ഷാപ്പിൽ അസഭ്യം പറഞ്ഞു. അസഭ്യം പറയരുതെന്ന് പറഞ്ഞ ഷാപ്പിലെ ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു ഒളിവിൽ പോയ പ്രതികളെ സൗത്ത് വാഴക്കുളം ഭാഗത്ത് നിന്നുമാണ് പിടികൂടിയത്.
ഐവിൻ നിരവധി കഞ്ചാവ് മയക്ക് മരുന്ന് കേസുകളിലെ പ്രതിയാണ്, തട്ടിക്കൊണ്ട് പോകൽ കേസും ഇയാൾക്കെതിരെയുണ്ട്. തടിയിട്ടപറമ്പു സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള ആളുമാണ് ഐവിൻ. ശരത് കഞ്ചാവ് കേസിലെ പ്രതിയാണ്.
എ എസ് പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ എ.എൽ അഭിലാഷ്, എ എസ് ഐമാരായ പി. എ അബ്ദുൽ മനാഫ്, അന്നമ്മ, സീനിയർ സി പി ഒ വർഗീസ് ടി വേണാട്ട് ,സി പി ഒ മാരായ റോബിൻ ജോയ്, മുഹമ്മദ് നൗഫൽ, ജഗതി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: