തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തി ധനമന്ത്രി കെ. എൻ ബാലഗോപാലിന്റെ ബജറ്റ്. സംസ്ഥാനത്തിന്റെ ധന ഞെരുക്കത്തിന് കാരണം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണെന്നാണ് കണ്ടെത്തൽ. കടം വാങ്ങാനുള്ള അവകാശം കേന്ദ്രം വെട്ടിക്കുറച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.അതോടൊപ്പം നികുതി വിഹിതവും കുറച്ചെന്നു ബാലഗോപാൽ ആരോപിച്ചു.
കടമെടുക്കാൻ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല. കിഫ്ബി വായ്പ കടമായി കണക്കാക്കുന്നു. കിഫ്ബി വായ്പ മുൻകാല പ്രാബല്യത്തോടെയാണ് കടപരിധിയിൽപെടുത്തിയത്. ധനകമ്മീഷൻ ഗ്രാന്റ് തുടർച്ചയായി വെട്ടിക്കുറക്കുന്നു. പദ്ധതി വിഹിതം വെട്ടികുറക്കുന്നു. 14ാം ധനക്കമ്മീഷനിൽ ഗ്രാൻ്റ് കൂടുമെന്ന് കരുതുന്നു. ഏതെങ്കിലും സംസ്ഥാനത്തിന് ഇനിയും ഗ്രാൻ്റ് കുറയ്ക്കാൻ ധനക്കമ്മീഷന് സാധിക്കാത്ത സ്ഥിതിയാണ്.
കിഫ്ബിയോട് കേന്ദ്രം എതിർപ്പ് ഉയർത്തുന്നു. മുഴുവൻ കിഫ്ബി പദ്ധതികളുടെയും ഭാരം സംസ്ഥാന ബജറ്റിന് മേലായി. സംസ്ഥാന ബജറ്റിൽ നിന്നാണ് ഇപ്പോൾ പണം കണ്ടെത്തുന്നതെന്നും ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തിന്റെ ധന സ്ഥിതി മെച്ചപ്പെട്ടതിന് കാരണം തനത് നികുതി വർദ്ധനയാണ്. 47660 കോടിയിൽ നിന്ന് 81000 കോടിയിലേക്ക് നാല് വർഷം കൊണ്ട് വർധിപ്പിക്കാനായി. ധനകമ്മി 2.9% ആയി കുറഞ്ഞു. അനാവശ്യ ചെലവ് ഒഴിവാക്കിയും ചെലവിന് മുൻഗണന തീരുമാനിച്ചുമാണ് പിടിച്ച് നിന്നത്.
റവന്യു കമ്മി 1.58% ആയി കുറക്കാൻ സാധിച്ചു. സർക്കാരിന്റെ ചെലവുകൾ കൂടി. മുൻകാല ബാധ്യതകൾ കൊടുത്തുതീർക്കാനായത് കൊണ്ടാണ് ധനസ്ഥിതി മെച്ചപ്പെടുമെന്ന് പറയുന്നതെന്നും ബാലഗോപാൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: