ന്യൂദെൽഹി:മുഗൾ കാലഘട്ടത്തിൽ നിർമ്മിച്ചതെന്ന് വിശ്വസിക്കുന്ന യുപിയിലെ സംഭാൽ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഷാഹി ജുമാ മസ്ജിദിന് സമീപം നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. ഹരിഹർ ക്ഷേത്രത്തിന് സമീപമാണ് ഈ കിണർ സ്ഥിതി ചെയ്യുന്നതെന്ന് സമീപത്തെ താമസക്കാരനായ സഞ്ജയ് കുമാർ പറഞ്ഞു. ഈ കിണർ കല്യാണം ഉൾപ്പെടെയുള്ള ഒട്ടനവധി മംഗള കാര്യങ്ങൾക്ക് ആളുകൾ ഉപയോഗിച്ചിരുന്നതായും കാലക്രമേണ ചിലർ ഇത് മൂടുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവിടെ ജില്ലാ ഭരണകൂടം ഖനനം നടത്തുകയാണ്. ചരിത്ര പ്രാധാന്യമുള്ള തീർത്ഥാടന കേന്ദ്രങ്ങളും ഇത്തരം കിണറുകളും പുനരുജ്ജീവിപ്പിക്കാൻ ഉള്ള പദ്ധതിയുടെ ഭാഗമായാണിത്. കയ്യേറ്റം സംബന്ധിച്ച പരാതികൾ പരിഹരിച്ച് ഇത്തരം ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടം നടപടികൾ തുടങ്ങിയത്. സംഭാലിന്റെ ചരിത്രത്തിൽ ആകെ 19 കിണറുകളെ കുറിച്ച് പരാമർശിക്കുന്നതായി സമ്പാലിലെ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് രാജേന്ദ്ര പെൻസിയ പറഞ്ഞു. ഇതിൽ 17 എണ്ണത്തെ തിരിച്ചറിയാൻ ഞങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി ഇവ കയ്യേറ്റം ചെയ്ത് അടച്ചുപൂട്ടിയ നിലയിലായിരുന്നു. ജുമാ മസ്ജിദിനോട് ചേർന്നുള്ള കിണറും കയ്യേറി സിമന്റ് പാകിയ പ്ലാറ്റ്ഫോം നിർമ്മിച്ചതായും അദ്ദേഹം അറിയിച്ചു, ഇതുവരെയാകെ 28 കിണറുകൾ ഈ പ്രദേശങ്ങളിൽ നിന്ന് കണ്ടെത്തിയതായും ഈ സ്ഥലങ്ങൾ കയ്യേറ്റത്തിൽ നിന്നും മോചിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഈ പ്രദേശങ്ങളിൽ മതിയായ സുരക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും ഒരു അഡീഷണൽ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ സേനയെ നിയോഗിച്ചിട്ടുണ്ടെന്നും സംഭാൽ സൂപ്രണ്ട് ഓഫ് പോലീസ് കൃഷൻ കുമാർ ബിഷ്ണോയ് പറഞ്ഞു.
കഴിഞ്ഞ കുറച്ചു മാസങ്ങളായി സംഭാലിലെ ഷാഫി ജുമാ മസ്ജിദ് സംഘർഷങ്ങളുടെ ഒരു കേന്ദ്രമായി മാറിയിരുന്നു. നവംബർ 19ന് കോടതി ഉത്തരവനുസരിച്ച് ഈ പ്രദേശത്ത് സർവ്വേ നടത്തിയിരുന്നു. രണ്ടാം ഘട്ട സർവ്വേക്കായി നവംബർ 24 ന് അധികൃതർ എത്തിയപ്പോൾ പരിശോധന സംഘർഷത്തിൽ കലാശിക്കുകയും അഞ്ചുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: