മാവേലിക്കര: സ്കൂളുകളിലെ വിദ്യാഭ്യാസം രാജ്യസുരക്ഷയ്ക്ക് അടിസ്ഥാനമാക്കി മാറ്റണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സൈനിക് സ്കൂൾ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആധ്യാത്മിക, മൂല്യാധിഷ്ടിതമായ, ദേശാഭിമാനം വളർത്തുന്ന വിദ്യാഭ്യാസം നാം നൽകിയില്ലെങ്കിൽ അടുത്ത തലമുറ അപകടത്തിലേക്കാവും സഞ്ചരിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്ര സുരക്ഷ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സൈനിക് സ്കൂളുകളിൽ പഠിച്ച് പുറത്തിങ്ങുന്ന കുട്ടികൾക്ക് ഒരു സൈനികന്റെ എല്ലാ അച്ചടക്കവും നാടിന്റെ സാംസ്കാരിക, ധീര പാരമ്പര്യവും കൈവരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാധിരാജ എഡ്യൂക്കേഷണൽ ആൻ്റ് ചാരിറ്റബിൾ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റി എം.എൻ. ശശിധരൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് പ്രസിഡൻ്റ് ജയപ്രകാശ് വല്യത്താൻ ആമുഖ പ്രഭാഷണം നടത്തി.
ട്രസ്റ്റ് സെക്രട്ടറി വി.അനിൽകുമാർ കേന്ദ്രമന്ത്രിയെ ആദരിച്ച്, ഉപഹാരം കൈമാറി. മാവേലിക്കര നഗരസഭ ചെയർമാൻ കെ.വി. ശ്രീകുമാർ, ആർ.എസ്.എസ് ദക്ഷിണകേരള പ്രാന്ത സംഘചാലക് പ്രഫ. എം. രമേശൻ, ഭാരതീയ വിദ്യാനികേതൻ സംസ്ഥാന പ്രസിഡന്റ് ഗോപാലൻകുട്ടി മാസ്റ്റർ, ബി.ജെ.പി ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, സ്കൂൾ ക്ഷേമസഭ പ്രസിഡന്റ് എച്ച്. മേഘനാഥൻ, മാതൃസമിതി പ്രസിഡൻ്റ് ധന്യ രഞ്ജിത്ത്, സ്കൂൾ പ്രിൻസിപ്പൽ ഡോ. ബി. സന്തോഷ് എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: