കണ്ണൂര്‍: കണ്ണാടിപ്പറമ്പ് ദേവസ്വം ഭൂമിയില്‍ സ്വകാര്യ വ്യക്തിക്ക് അനധികൃതമായി പട്ടയം അനുവദിച്ചതായി പരാതി. കണ്ണാടിപ്പറമ്പ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിനോട് ചേര്‍ന്ന 7.87 ഏക്കര്‍ ഭൂമിക്കാണ് ലാന്‍ഡ് റവന്യു ഡെപ്യൂട്ടി കലക്ടര്‍ പട്ടയം അനുവദിച്ചത്. ദേവസ്വത്തിന്റെ ഭാഗത്ത് നിന്ന് ഹാജരായ അഭിഭാഷകന് തന്റെ ഭാഗം ട്രിബ്യൂണല്‍ മുമ്പാകെ അവതരിപ്പിക്കാന്‍ മതിയായ സമയം അനുവദിക്കാതെയാണ് ഡെപ്യൂട്ടി കലക്ടറുടെ നടപടിയെന്ന് പരാതിയുണ്ട്.
ക്ഷേത്രസ്വത്തുക്കളില്‍ പട്ടയം അനുവദിക്കുമ്പോള്‍ കര്‍ശനമായി വ്യവസ്ഥകള്‍ പാലിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം നിലനില്‍ക്കെയാണ് ലാന്‍ഡ് റവന്യു ഡെപ്യൂട്ടി കലക്ടർ ഇത്തരത്തില്‍ ഏകപക്ഷീയമായ തീരുമാനമെടുത്തത്. കണ്ണാടിപ്പറമ്പ് ക്ഷേത്രത്തിന് മുന്‍വശത്ത് പ്രധാന റോഡിനോട് ചേര്‍ന്നാണ് ഭൂമി.
കണ്ണാടിപ്പറമ്പ് ദേവസ്വവുമായി രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലമാണിത്. കഴിഞ്ഞദിവസം ദേവസ്വം ഭൂമി കൈയേറി അതിര് നിര്‍മിക്കവെ പ്രദേശവാസികള്‍ തടഞ്ഞിരുന്നു. ഈ സ്ഥലം കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ പട്ടയം നല്‍കിയത്.
ട്രിബ്യൂണലില്‍ നിന്ന് നോട്ടീസ് ലഭിച്ച് അഭിഭാഷകന് ഹാജരായപ്പോള്‍ ദേവസ്വത്തിന്റെ ഭാഗം കേള്‍ക്കാന്‍ തയ്യാറായില്ല. നേരത്തെ അഭിഭാഷകന് നോട്ടീസ് ലഭിച്ചപ്പോള്‍ ഡെപ്യൂട്ടി കളകടര്‍ മുമ്പാകെ ഹാജരായി കേസില്‍ കൃത്യമായി കൗണ്ടര്‍ ഫയല്‍ ചെയ്തിരുന്നു. അതിന് ശേഷമാണ് കഴിഞ്ഞ ദിവസം നടത്തിയ ഹിയറിങ്ങില്‍ ദേവസ്വം ഭാഗം കേള്‍ക്കാതെ പട്ടയം അനുവദിച്ചത്. കണ്ണൂരില്‍ ഇത്തരത്തില്‍ പട്ടയം അനുവദിച്ചതിനെതിരെ ലോകായുക്തയിലും വിജിലന്‍സിലും പരാതി നിലനില്‍ക്കെയാണ് പുതിയ സ്ഥലത്തിന് പട്ടയം നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് നിയമനടപടിക്കൊരുങ്ങുകയാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: