പത്തനംതിട്ട: സർക്കാർ ജീവനക്കാരുടെ സമരത്തിന്റെ ഭാഗമായി കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷയും. ജോയിന്റ് കൗണ്‍സില്‍ സമരത്തോട് ഐക്യാദാർഢ്യം പ്രകടിപ്പിച്ച് മഞ്ജുഷ ഇന്ന് ജോലിക്ക് ഹാജരായില്ല. ഇന്ന് ജോലിക്ക് എത്തില്ലെന്ന് ചൂണ്ടിക്കാട്ടി മഞ്ജുഷ രേഖാമൂലം കത്ത് നൽകി.
നിലവിൽ കളക്ടറേറ്റിലെ സീനിയർ സൂപ്രണ്ട് തസ്തികയിലാണ് മഞ്ജുഷ ജോലി ചെയ്യുന്നത്. നേരത്തെ ഏന്‍ജിഒ യൂണിയന്റെ സജീവ പ്രവര്‍ത്തകയായിരുന്നു മഞ്ജുഷ. നവീന്‍ ബാബുവും ദീര്‍ഘകാലം എന്‍ജിഒ യൂണിയന് ഭാരവാഹിയായിരുന്നു. യുഡിഎഫ് അനുകൂല സർവീസ് സംഘടന സെറ്റോയും സിപിഐ അനുകൂല സംഘടന ജോയിന്റ് കൗൺസിലുമാണ് സമരം നടത്തുന്നത്.
പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്ഷന് പുനഃസ്ഥാപിക്കണം എന്നതാണ് സമര സമിതിയുടെ പ്രധാന ആവശ്യം. പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കണം, ക്ഷാമബത്ത-ശമ്പള പരിഷ്കരണ കുടിശ്ശികകള്‍ പൂര്‍ണമായും അനുവദിക്കണം, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കണം, കേന്ദ്ര സര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കണം, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ സർക്കാർ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും.അവശ്യ സാഹചര്യങ്ങളിൽ ഒഴികെ അവധി നൽകരുതെന്നാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം.ജോലിക്ക് എത്തുന്ന ജീവനക്കാർക്ക് സംരക്ഷണം നൽകാനും നിർദ്ദേശം ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: