ന്യൂദെൽഹി:പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിംഗിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബൽവന്ത് സിംഗ് രജോനയുടെ ദയാഹർജിയിൽ മാർച്ച് 18 നകം തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിന് ഇക്കാര്യത്തിൽ ഒരു അവസാന അവസരം നൽകുകയാണ്. ഒന്നുകിൽ നിങ്ങൾ തീരുമാനമെടുക്കുക, അല്ലെങ്കിൽ ഞങ്ങളത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ കേട്ട് തീരുമാനിക്കും. ജസ്റ്റിസ് ബി ആർ ഗവായി, ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് പറഞ്ഞു. തന്റെ ദയാഹർജി തീർപ്പാക്കുന്നതിൽ അസാധാരണമായ കാലതാമസം ചൂണ്ടിക്കാട്ടി വധശിക്ഷ ജീവപര്യന്തമായി കുറക്കാൻ നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ബൽവന്ത് സിംഗ് രജോന നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഇതൊരു സെൻസിറ്റീവായ വിഷയമാണെന്നും ദയാഹർജി കേന്ദ്രസർക്കാരിന്റെ പരിഗണയിലാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതൊരു ഭീകരാക്രമണത്തിൽ മുഖ്യമന്ത്രിയായിരിക്കുന്ന ഒരാളെ കൊല ചെയ്ത സംഭവമാണ്. ഗുരുതരവും ഒട്ടേറെ അനന്തരഫലങ്ങൾ സൃഷ്ടിച്ചതുമായ സംഭവമാണ്. കേന്ദ്രസർക്കാരിന് മറുപടി നൽകാൻ തുഷാർ മേത്ത ആറാഴ്ച സമയം അഭ്യർത്ഥിച്ചു. 29 വർഷത്തോളമായി തന്റെ കക്ഷി ജയിലിൽ കഴിയുകയാണെന്ന് രജോനയുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. 1995 ലാണ് അന്ന് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ബിയാന്ത് സിംഗിനെ ബൽവന്ത് സിംഗ് രജോന വെടിവെച്ച് കൊലപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: