ന്യൂദെൽഹി:ബ്രിട്ടനിലെ ഖാലിസ്ഥാൻ അനുകൂല സിഖ് ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടർന്ന് കങ്കണാ റാവത്തിന്റെ അടിയന്തരാവസ്ഥ എന്ന സിനിമയുടെ പ്രദർശനം തടസ്സപ്പെട്ടു. സിനിമ സിഖ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി യുകെയിൽ പല സ്ഥലങ്ങളിലുള്ള തിയേറ്ററുകളിൽ പ്രദർശനം തടസ്സപ്പെടുത്തുകയായിരുന്നു. സിഖ് പ്രസ് അസോസിയേഷൻ എന്ന സംഘടന ഈ ചിത്രം സിഖ് വിരുദ്ധമാണെന്ന് ആരോപിച്ചു. വെസ്റ്റ് മിഡ്ലാൻഡിലെ ബർമിംഗ്ഹാം, വോൾവർ ഹാംപ്ടൺ തുടങ്ങിയ നഗരങ്ങളിൽ ഇതേ തുടർന്ന് പ്രദർശനം റദ്ദാക്കി. വടക്ക് പടിഞ്ഞാറൻ ലണ്ടനിലെ ഹാരോയിലെ ഒരു സിനിമ തിയേറ്ററിൽ പ്രതിഷേധക്കാർ പ്രദർശനം തടസ്സപ്പെടുത്തിയതായി ഒരു കമ്മ്യൂണിറ്റി സംഘടനയായ ഇൻസൈറ്റ് യുകെയിലെ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു. ഖാലിസ്ഥാൻ അനുകൂല തീവ്രവാദികൾ സിനിമാപ്രദർശനം തടഞ്ഞതായാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കാലത്ത് 1975 – 1977കാലത്തെ അടിയന്തരാവസ്ഥയെ ചിത്രീകരിക്കുന്ന സിനിമക്കെതിരെയാണ് തീവ്രവാദ സംഘടനകൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്. സിനിമയിൽ സിഖ് സമുദായത്തിനെതിരെ പ്രകോപനപരമായ സംഭാഷണങ്ങൾ ഉള്ളതായി അവർ ആരോപിക്കുന്നു. ഈ പ്രതിഷേധത്തിനെതിരെ കങ്കണാ എംപി പ്രതികരിച്ചു. എന്റെ മനസ്സ് വേദനിക്കുകയാണെന്നും പഞ്ചാബിൽ എന്റെ സിനിമകൾ നല്ല പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്നതാണെന്നും കങ്കണ പറഞ്ഞു. എന്നാൽ ഇന്ന് എന്റെ സിനിമയെ പഞ്ചാബിൽ പോലും പ്രദർശനം നടത്താൻ അനുവദിക്കാത സാഹചര്യമാണുള്ളത്. അതുപോലെതന്നെ കാനഡയിലും ബ്രിട്ടനിലും പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾക്കെതിരെ ആക്രമണങ്ങൾ നടത്തുകയാണ്. ചില ചെറിയ മനസ്സുകൾ ഈ നാടിന്റെ സാമൂഹിക അന്തരീക്ഷത്തിന് തീക്കൊളുത്താൻ ശ്രമിക്കുകയാണ്. അവർ ചൂണ്ടിക്കാട്ടി. ഈ പ്രതിഷേധങ്ങൾക്കിടയിലും സിനിമ ആദ്യവാരത്തിൽ 12.26 കോടി രൂപ നേടിയെന്ന് സിനിമ നിർമ്മാതാക്കൾ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: