ന്യൂദെൽഹി:ആം ആദ്മി പാർട്ടിയും ദെൽഹി കോൺഗ്രസ് ഘടകവും തമ്മിലുള്ള പോര് തുടരുമ്പോൾ കോൺഗ്രസ് കേന്ദ്ര നേതൃത്വം കൂടുതൽ പ്രതിസന്ധിയിലാകുകയാണ്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കളാകെ പരിഭ്രാന്തിയിലാണ്. അരവിന്ദ് കെജ്രിവാളിനെതിരായ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ദെൽഹിയിലെ കോൺഗ്രസ് നേതൃത്വത്തിൽ ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ ആം ആദ്മി പാർട്ടിക്കെതിരെ അത്തരമൊരു നിലപാട് വേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട്. അത് ഇന്ത്യ സഖ്യത്തിൽ വലിയ വിള്ളലുണ്ടാക്കുന്നതായും സഖ്യത്തിലെ പ്രമുഖ കക്ഷികൾ കോൺഗ്രസിനെ കൈവിടുന്നതായുമാണ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം. ദെൽഹി തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും സമാജ് വാദി പാർട്ടിയുമടക്കം ആം ആദ്മി പാർട്ടിയെ പിന്തുണച്ചു കഴിഞ്ഞു. ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുമായുള്ള മത്സരം ഒരു സൗഹൃദ മത്സരമായി കാണണമെന്നതാണ് രാഹുൽഗാന്ധിയുടെ നിലപാട്. എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി സന്ദീപ് ദീക്ഷിതും അജയ് മാക്കനുമടക്കമുള്ള നേതാക്കന്മാർ അരവിന്ദ് കെജ്രിവാളിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ടു പോവുകയാണ്. ഇത് കോൺഗ്രസ് ഹൈക്കമാൻഡിനെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇരു പാർട്ടികളും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങൾ ദെൽഹിയിൽ ശക്തമായി തുടരുന്നതാണ് ഈ ദിവസങ്ങളിൽ കാണാൻ കഴിയുന്നത്.
ദെൽഹിയിലെ പ്രതിപക്ഷ ഐക്യം തകർത്തത് എഎപി ആണെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് അജയമാക്കാൻ പറഞ്ഞു. ഹരിയാനയിലും ദെൽഹിയിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എഎപിയുമായി സഖ്യം ഉണ്ടാക്കാൻ കോൺഗ്രസ് ആഗ്രഹിച്ചിരുന്നു. എന്നാൽ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ ഈ നീക്കത്തെ തകർത്തുകളഞ്ഞുവെന്ന് അജയമാക്കാൻ ആരോപിച്ചു. ദെൽഹിയിൽ കോൺഗ്രസിനെ തള്ളി ആം ആദ്മി പാർട്ടിയെ പിന്തുണയ്ക്കാനുള്ള ചില ഇന്ത്യൻ സഖ്യത്തിലെ പാർട്ടികളുടെ നിലപാടിനെ അജയമാക്കാൻ പരിഹസിച്ചു. കോൺഗ്രസിനെ ദുർബലപ്പെടുത്തി ബിജെപിയെ നേരിടാൻ കഴിയില്ല. ബിജെപിയെ കോൺഗ്രസ് ദെൽഹിയിൽ ശക്തമായി നേരിട്ടിരുന്നു. ആം ആദ്മി പാർട്ടി ദെൽഹിയിൽ അധികാരത്തിൽ വന്നശേഷം ദെൽഹിയിൽ ബിജെപിയുടെ ശക്തി വർദ്ധിക്കുകയാണ് ചെയ്തത്. 2013 ന് ശേഷം ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നതിനെ തുടർന്ന് ഡൽഹിയിലെ മുഴുവൻ ലോകസഭാ സീറ്റുകളിലും ബിജെപി ജയിക്കാൻ തുടങ്ങി. ബിജെപിയെ തടയുന്നതിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടു. ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ദെൽഹിയിൽ കോൺഗ്രസ് ബിജെപിയെ പൂർണ്ണമായും നിർവീര്യമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ബിജെപിയെ നേരിടാൻ ദേശീയതലത്തിൽ കോൺഗ്രസ് ശക്തമാകണം. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: