പ്രയാഗ്രാജ്: ലോകത്തിന്റെ മുഴുവൻ ശ്രദ്ധായാകർഷിക്കുകയാണ് ഉത്തർപ്രദേശിലെ മഹാകുംഭമേള . മേളയിൽ എത്തുന്ന പല സന്യാസിമാരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സ്റ്റീവ് ജോബ്സിന്റെ ഭാര്യ ഉൾപ്പെടെ 21 വിഐപികൾ ഇതിനോടകം പുണ്യ സ്നാനം നടത്തിയതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചിരുന്നു.
ഇപ്പോഴിതാ മഹാകുംഭമേളയിൽ പങ്കെടുക്കുന്ന മുംബൈയിലെ മുസ്ലീം യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 22 കാരിയായ ഷബ്നം ഷെയ്ഖാണ് മഹാകുംഭത്തിൽ പങ്കെടുക്കാൻ പ്രയാഗ് രാജിൽ എത്തിയത് . ഷബ്നം ഷെയ്ഖിനെ മഹാകുംഭ പ്രദേശത്ത് തിലകം ചാർത്തി പുഷ്പവൃഷ്ടിയോടെയാണ് സ്വീകരിച്ചത്. സനാതന ധർമ്മവും ശ്രീമദ് ഭഗവത് ഗീതയും യോഗയും സന്യാസിമാരുടെ കൂട്ടായ്മയിൽ നിന്ന് പഠിക്കാനുള്ള ആഗ്രഹം ശബ്നം പ്രകടിപ്പിച്ചു.
മുസ്ലീമായതിനാൽ മഹാകുംഭത്തിൽ പങ്കെടുക്കാൻ ഭയമായിരുന്നുവെന്ന് ശബ്നം പറയുന്നു. പക്ഷെ ഇവിടെ വന്നതിന് ശേഷം എനിക്ക് കൂടുതൽ സ്നേഹവും ബഹുമാനവും ലഭിച്ചു. 144 വർഷങ്ങൾക്ക് ശേഷം സംഘടിപ്പിക്കുന്ന ഈ മഹാകുംഭത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാന നിമിഷമാണ്. എന്റെ തീരുമാനത്തെ മാതാപിതാക്കൾ ഭയപ്പെട്ടു. എന്നാൽ എനിക്ക് രാമനെയും കൃഷ്ണനെയും ആരാധിക്കണം.
സനാതന ധർമ്മത്തിന്റെ സമത്വവാദവും സ്ത്രീകളെ ദേവതകളായി ആരാധിക്കുന്ന പാരമ്പര്യവും എന്നെ വളരെയധികം ആകർഷിച്ചു. ഞാൻ വളരെക്കാലമായി ശ്രീമദ് ഭഗവത് ഗീത വായിക്കുകയും യോഗ പരിശീലിക്കുകയും ചെയ്യുന്നു. മഹാകുംഭത്തിൽ എത്തിയതിന് ശേഷമുണ്ടായ അനുഭവം വാക്കുകളിൽ വിവരിക്കാൻ പ്രയാസമാണ് – ശബ്നം ഷെയ്ഖ് പറഞ്ഞു. നേരത്തെ അയോദ്ധ്യാ പ്രാണപ്രതിഷ്ഠാവേളയിൽ മുംബൈയിൽ നിന്ന് കാൽനടയായി അയോദ്ധ്യയിലെത്തി തന്റെ പിന്തുണ ശബ്നം അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: