ഭാരതത്തിന് ഇതു കുതിപ്പിന്റെ പുതുവര്‍ഷമായി മാറുകയാണ്. മൂന്നു യുദ്ധക്കപ്പലുകള്‍ ഒരുമിച്ചു കടലിലിറക്കി ആഴിയില്‍ ആധിപത്യമുറപ്പിച്ചതിനു തൊട്ടടുത്ത ദിവസം ബഹിരാകാശത്ത് വിപ്ലവകരമായ നേട്ടം കൈവരിച്ച ഭാരതം ചിരിത്രപരമായ മികവാണ്, സ്പെയ്സ് ഡോക്കിങ്ങ് പരീക്ഷണ(സ്പെയ്ഡെക്സ്) വിജയത്തിലൂടെ പ്രകടമാക്കിയിരിക്കുന്നത്. ബഹിരാകാശ ഗവേഷണ, പര്യവേക്ഷണ മേഖലയില്‍ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന കാല്‍വയ്‌പ്പാണിത്. അതി സങ്കീര്‍ണമായ ഈ സാങ്കേതിക വിദ്യ വിജയകരമായി നടപ്പാക്കുന്ന നാലാമത്തെ രാജ്യമായിക്കഴിഞ്ഞു ഇതോടെ ഭാരതം. അമേരിക്ക, റഷ്യ, ചൈന രാജ്യങ്ങള്‍ മാത്രമാണ് നമ്മളെക്കൂടാതെ ഈ നേട്ടം അവകാശപ്പെടാവുന്നവര്‍. ഭാരതത്തിന്റെ ഭാവി ദൗത്യങ്ങള്‍ക്ക് അടിത്തറ പാകുന്ന നേട്ടമായി ഇതു വിശേഷിപ്പിക്കപ്പെടുന്നു. സ്വന്തം ബഹിരാകാശ നിലയം എന്ന സ്വപ്നത്തിലേയ്‌ക്ക് ഉറ്റു നോക്കുന്ന രാജ്യത്തിന് അതിലേയ്‌ക്കുള്ള യാത്രയില്‍ കരുത്തുറ്റ ചവിട്ടുപടിയും ഊര്‍ജ സ്രോതസ്സുമായിരിക്കും ഈ വിജയം. ചന്ദ്രയാന്‍ നാലിലും ഐഎസ്ആര്‍ഒയുടെ മറ്റു ചാന്ദ്ര, സൗര പര്യവേക്ഷണങ്ങളിലും ഉള്‍പ്പെടെ ഇത് വലിയ മുതല്‍ക്കൂട്ടാകും. ബഹിരാകാശത്തുവച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിയോജിപ്പിക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണമാണ് ഭരതം ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കിയത്. ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള ചെയ്‌സര്‍ (എസ്ഡിഎക്‌സ് 01), ടാര്‍ഗറ്റ് (എസ്ഡിഎക്‌സ് 02) എന്നീ ഉപഗ്രഹങ്ങളെയുംകൊണ്ട് പിഎസ്എല്‍വി സി 60 കുതിച്ചുയര്‍ന്നത് ഇക്കഴിഞ്ഞ ഡിസംബര്‍ 30ന് ആണ്. ബഹിരാകാശത്ത് എത്തിച്ച ഇവ 20 കിലോമീറ്റര്‍ അകലത്തിലാണു സഞ്ചരിച്ചുകൊണ്ടിരുന്നത്. ഇവയുടെ അകലം ക്രമത്തില്‍ കുറച്ചുകൊണ്ടുവന്ന് പരസ്പരം യോജിപ്പിക്കുന്ന പ്രക്രിയയാണ് പൂര്‍ത്തിയായത്. പത്തുദിവസംകൊണ്ടു പൂര്‍ത്തിയാക്കാമെന്നു കരുതിയ പരീക്ഷണം പതിനേഴാം ദിവസമാണ് വിജയിച്ചത്. ബഹിരാകാശത്തു വച്ചുള്ള നാലാം പരീക്ഷണത്തിലാണ് ലക്ഷ്യം കാണാനായത്.
ഉപഗ്രഹങ്ങളെ ഭൂമിയില്‍ നിന്ന് 476 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് എത്തിച്ചത്. പിന്നീട് ഉപഗ്രഹങ്ങള്‍ 10-15 കിലോമീറ്റര്‍ അകലത്തിലെത്തിയതുമുതല്‍ 5 കിലോമീറ്റര്‍, ഒന്നര കിലോമീറ്റര്‍, 500 മീറ്റര്‍, 15 മീറ്റര്‍, മൂന്ന് മീറ്റര്‍ എന്നിങ്ങനെ സാവധാനം അകലം കുറച്ച് കൊണ്ടുവന്നു. തുടര്‍ന്നായിരുന്നു ബന്ധിപ്പിക്കല്‍. 18 ഗ്രൗണ്ട് സ്റ്റേഷനുകളും അന്താരാഷ്‌ട്ര സൗകര്യങ്ങളും ഉപയോഗിച്ച് ഐഎസ്ആര്‍ഒ ഈ ഉപഗ്രഹങ്ങളെ കൃത്യമായി നിരീക്ഷിച്ചിരുന്നു. ഉപഗ്രഹങ്ങളിലൊന്നായ ചേസര്‍ പകര്‍ത്തിയ ഭൂമിയുടെ സെല്‍ഫി വീഡിയോയില്‍ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.
ചലിക്കുന്ന ഭൂമിയെ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാമായിരുന്നു. മേഘങ്ങളെ അടയാളപ്പെടുത്തുന്ന വെള്ള നിറത്തിനിടയില്‍ നീലചാലുകളും കാണപ്പെട്ടു. സമുദ്രങ്ങളാണ് നീല നിറത്തില്‍ ദൃശ്യമായതെന്നാണ് നിഗമനം. ചേസറിലെ വീഡിയോ നിരീക്ഷണ കാമറയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
നേരത്തെ ചന്ദ്രോപരിതലത്തില്‍ ഏറെ ദുര്‍ഘടം പിടിച്ച ഭാഗത്ത് ഉപഗ്രഹം സോഫ്റ്റ് ലാന്‍ഡ് ചെയ്യിച്ച് ഭാരതം ചരിത്രം കുറിച്ചിരുന്നു. ആ നേട്ടം കൈവരിച്ച ആദ്യ രാജ്യമാണ് നമ്മുടേത്. രണ്ടാം ശ്രമത്തിലാണ് അതു സാധ്യമായതെങ്കിലും, തുടങ്ങിവച്ചതില്‍ നിന്നു പിന്‍മാറാതെ, അപാകത പഠിച്ച്മനസ്സിലാക്കി വിജയത്തിലേയ്‌ക്കു കയറാനുള്ള ദൃഢനിശ്ചയം അന്നു ലോകം കണ്ട് ആദരിച്ചിരുന്നു. അവസാന നിമിഷങ്ങളില്‍ പാളിപ്പോയ ആദ്യ പരീക്ഷണത്തിലെ പിഴവ് എന്തെന്നു മനസ്സിലാക്കി അതു പരിഹരിച്ച് നടത്തിയ രണ്ടാം ശ്രമത്തിലെ വിജയം രാജ്യത്തിനു നല്‍കിയ ആത്മവിശ്വാസവും ആഗോളതലത്തില്‍ കിട്ടിയ അംഗീകാരവും ചെറുതല്ല. ബഹിരാകാശ നിലയത്തോടൊപ്പം ഭാരതത്തിന്റെ സ്വപ്നമാണ് മനുഷ്യനെ ബഹിരാകാശത്തും അതുവഴി ചന്ദ്രനിലും എത്തിക്കുക എന്നതും. ചന്ദ്രനില്‍ നിന്ന് സൂര്യനിലേയ്‌ക്കും കണ്ണും മനസ്സും നട്ടുള്ള പരീക്ഷണങ്ങള്‍ക്കും ഭാരതം തുടക്കം കുറിച്ചു കഴിഞ്ഞിട്ടുമുണ്ട്. മറ്റുള്ളവര്‍ തോറ്റു പിന്‍മാറുന്നിടത്ത് പൊരുതി നില്‍ക്കാനും പരാജയങ്ങളിലും വിടാതെ പിന്‍തുടര്‍ന്നു വിജയം എത്തിപ്പിടിക്കാനുമുള്ള ഭാരതത്തിന്റെ കരുത്തിനു പിന്നില്‍, വിജയം മാത്രം മുന്നില്‍ക്കണ്ടു നിസ്വാര്‍ഥ സേവനം നടത്തുന്ന ശാസ്ത്രജ്ഞരുടെ അര്‍പ്പണബോധമാണുള്ളത്. ഒപ്പം, എന്നും കൂടെനിന്നു പ്രോല്‍സാഹിപ്പിക്കുന്ന ഭരണ നേതൃത്വവും. ചന്ദ്രയാന്‍ രണ്ടിന്റെ അപ്രതീക്ഷിത പരാജയത്തിലും ശാസ്ത്രജ്ഞരെ തോളില്‍ത്തട്ടി ആശ്വസിപ്പിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ആത്മവിശ്വാസം പകരുകയും ചെയ്ത നരേന്ദ്ര മോദിയെപ്പോലൊരു പ്രധാനമന്ത്രിയാണ് ശാസ്ത്ര ലോകത്തും നമ്മുടെ കരുത്ത്. വിജയത്തിലേയ്‌ക്കുള്ള യാത്രയില്‍ സാങ്കേതിക മികവു മാത്രമല്ല മനസ്സും ഒരു ഘടകമാണല്ലോ. ആ തിരിച്ചറിവാണ് ഭാരതത്തിന്റെ ശക്തി. അതാണ് സീമകളെ മറികടക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: