ന്യൂഡൽഹി : ഭീകരവിരുദ്ധ നിയമമായ യുഎപിഎ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) മുൻ ചെയർമാൻ ഇ അബൂബക്കറിന് ജാമ്യം അനുവദിക്കാതെ സുപ്രീം കോടതി. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അബൂബക്കർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
തനിക്ക് 70 വയസ്സുണ്ടെന്നും പാർക്കിൻസൺസ് രോഗമുണ്ടെന്നും കാൻസർ ചികിത്സയ്ക്കായി ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും അബൂബക്കർ തന്റെ ഹർജിയിൽ അവകാശപ്പെട്ടു. എൻഐഎ തനിക്കെതിരെ കേസ് തയ്യാറാക്കുന്നതിൽ പരാജയപ്പെട്ടതിനാൽ ജാമ്യത്തിന് അർഹതയുണ്ടെന്നും അദ്ദേഹം വാദിച്ചു. എന്നാൽ മെഡിക്കൽ റിപ്പോർട്ട് പരിശോധിച്ച ശേഷം ഈ ഘട്ടത്തിൽ അബൂബക്കറിനെ വിട്ടയക്കാൻ താൽപ്പര്യമില്ലെന്ന് ജസ്റ്റിസുമാരായ എംഎം സുന്ദരേഷും രാജേഷ് ബിൻഡലും അടങ്ങുന്ന ബെഞ്ച് പറഞ്ഞു.
കേന്ദ്ര ഭീകരവിരുദ്ധ ഏജൻസി പറയുന്നതനുസരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിനായി പിഎഫ്ഐയും അതിന്റെ ഭാരവാഹികളും അംഗങ്ങളും ക്രിമിനൽ ഗൂഢാലോചന നടത്തി. ഈ ആവശ്യത്തിനായി അവരുടെ കേഡറിനെ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ക്യാമ്പുകൾ സംഘടിപ്പിക്കുകയായിരുന്നു. ഇതിൽ അബൂബക്കറിന് കാതലായ റോൾ ഉണ്ടായിരുന്നുവെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ.
തുടർന്ന് 2022 സെപ്റ്റംബർ 22 ന് അബൂബക്കറിനെ അറസ്റ്റ് ചെയ്തു. അബൂബക്കറിന് പുറമെ മറ്റ് നിരവധി നിരോധിത സംഘടന പ്രവർത്തകരെ കേരളം, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, അസം, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, പുതുച്ചേരി, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഐസിസ് പോലുള്ള ആഗോള ഭീകര ഗ്രൂപ്പുകളുമായി അവർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി കർശനമായ ഭീകരവിരുദ്ധ നിയമപ്രകാരം 2022 സെപ്റ്റംബർ 28 ന് സർക്കാർ പിഎഫ്ഐയെയും അതിന്റെ നിരവധി അനുബന്ധ സംഘടനകളെയും അഞ്ച് വർഷത്തേക്ക് നിരോധിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: