ന്യൂദെൽഹി:ദെൽഹിയിലെ കനത്ത മൂടൽമഞ്ഞ് 100 വിമാന സർവ്വീസുകളെയും 26 ട്രെയിൻ സർവീസുകളെയും ബാധിച്ചതായി റിപ്പോർട്ട്’. കൊച്ചുവേളി സമ്പർക്കക്രാന്തി എക്സ്പ്രസ് ഉൾപ്പെടെയുള്ള 26 ട്രെയിനുകളാണ് ഇത് മൂലം വൈകി ഓടിക്കൊണ്ടിരിക്കുന്നത്. ദെൽഹി,ഗാസിയാബാദ് എന്നിവ ഉൾപ്പെടെയുള്ള ദേശീയ തലസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദൂരക്കാഴ്ച്ച പൂജ്യമാണ്. നൂറു വിമാനങ്ങളാണ് ഇന്ദിര ഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ വൈകിയെത്തിയത്. എന്നാൽ ഒരു വിമാനവും ഇതുവരെ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തിട്ടില്ലെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. എല്ലാ എയർലൈൻസുകളും തങ്ങളുടെ യാത്രക്കാർക്ക് ഇത് സംബന്ധിച്ച് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ദെൽഹിയിലെ കുറഞ്ഞ ദൃശ്യപരത വിമാനം ലാൻഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് താമസം ഉണ്ടായേക്കാമെന്നായിരുന്നു മുന്നറിയിപ്പ്. എയർലൈൻസുകളുടെ വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴി യാത്രക്കാരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ എല്ലാ എയർലൈൻസ് കമ്പനികളും യാത്രക്കാരോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ന് കാലത്ത് മുതൽ 4 കിലോമീറ്റർ വേഗതയിൽ തണുത്ത കാറ്റ് വീശിയിരുന്നു. ഇത് ഉച്ചകഴിഞ്ഞ് ഇതിന്റെ വേഗത ക്രമേണ വർദ്ധിക്കുമെങ്കിലും രാത്രിയിൽ ഇത് മണിക്കൂറിൽ 4 കിലോമീറ്റർ താഴെയായി കുറയുകയും ചെയ്യും. ഇന്ന് രാത്രിയോടെ ദേശീയ തലസ്ഥാനത്ത് നേരിയ മഴയുണ്ടാകാനുള്ള സാധ്യതയും ഇന്ത്യൻ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. നഗരത്തിലെ കൂടിയ താപനില 19 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമെന്നാണ് ഒരു മുന്നറിയിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: