ന്യൂദെൽഹി:ദെൽഹി സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനിറങ്ങിയ രാഹുൽഗാന്ധിയും എഎപി നേതാവും ഡൽഹി മുൻമുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും തമ്മിലുള്ള പോർവിളി ഇന്ത്യാ സഖ്യത്തിലെ ഭിന്നത രൂക്ഷമാക്കി. കോൺഗ്രസ് പ്രചരണ റാലിയിൽ പ്രസംഗിച്ച രാഹുൽ ഗാന്ധി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷമായ വിമർശനമാണ് നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതേ രീതിയിലാണ് കെജ്രിവാൾ ദെൽഹിയിൽ പ്രചരണം നടത്തുന്നതെന്നാണ് രാഹുൽഗാന്ധിയുടെ ആരോപണം. ഇരുവരും നൽകുന്നത് തെറ്റായ വാഗ്ദാനങ്ങളാണെന്ന് രാഹുൽ ഗാന്ധി പറയുന്നു. ദെൽഹിയെ അഴിമതി വിമുക്തമാക്കുന്നതിൽ അരവിന്ദ് കെജ്രിവാൾ പരാജയപ്പെട്ടുവെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടുന്നു. ഷീലാ ദീക്ഷിത് രാജ്യ തലസ്ഥാനത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ദെൽഹിയിൽ അരവിന്ദ് കെജ്രിവാൾ പറഞ്ഞത് ഓർമ്മയുണ്ടോ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ചോദ്യം. ദെൽഹിയെ അഴിമതി രഹിതമാക്കി വൃത്തിയാക്കും എന്നായിരുന്നു കെജ്രിവാളിന്റെ അവകാശവാദം. എന്നാൽ നരേന്ദ്ര മോദിയെ പോലെ ജനങ്ങൾക്ക് തെറ്റായ വാഗ്ദാനമാണ് അരവിന്ദ് കെജ്രിവാളും നൽകുന്നത്. രാഹുൽ ഗാന്ധി ആരോപിക്കുന്നു. രാജ്യത്തെ പിന്നാക്ക സമുദായങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും അവരുടെ അവകാശങ്ങൾ അനുവദിച്ചു കൊടുക്കാൻ അരവിന്ദ് കെജ്രിവാളും നരേന്ദ്രമോദിയും ആഗ്രഹിക്കുന്നില്ലെന്നും രാഹുൽഗാന്ധി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജരിവാളും ജാതി സെൻസസിനെ കുറിച്ച് സംസാരിക്കുന്നില്ല. പിന്നാക്ക സമുദായങ്ങൾക്കും ദളിതർക്കും ആദിവാസികൾക്കും ന്യൂനപക്ഷങ്ങൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കരുതെന്നാണ് ഇരുവരും ആഗ്രഹിക്കുന്നത്. രാഹുൽ ഗാന്ധി പറയുന്നു.
എന്നാൽ ലോകസഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നടത്തുന്ന ഈ പ്രചരണം കോൺഗ്രസിനെ രക്ഷിക്കാനാണെന്ന് അരവിന്ദ് കെജരിവാൾ പരിഹസിച്ചു. ഞാൻ പ്രചരണം നടത്തുന്നത് രാജ്യത്തെ രക്ഷിക്കാനാണ്. ഇന്ന് രാഹുൽ ഗാന്ധി ഡൽഹിയിൽ വന്നു. അദ്ദേഹം എന്നെ ഒരുപാട് അധിക്ഷേപിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പ്രസ്താവനകളെക്കുറിച്ച് ഞാൻ പ്രതികരിക്കാനില്ല, കാരണം കോൺഗ്രസിനെ രക്ഷിക്കാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ പോരാട്ടം. എന്റെ പോരാട്ടം രാജ്യത്തെ രക്ഷിക്കാനാണ്. അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കുന്നു. ഇത്രയും ദിവസം കോൺഗ്രസിന്റെ പ്രാദേശിക നേതാക്കളും എഎപിയുടെ പ്രാദേശിക നേതാക്കളും തമ്മിലുള്ള വാക്ക് പോര് ഒടുവിൽ രാഹുൽഗാന്ധിയും അരവിന്ദ് കെജരിവാളും ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും തമ്മിലുള്ള ഈ പോരാട്ടം ഇന്ത്യ സഖ്യത്തെ കൂടുതൽ ദുർബലമാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: