മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ആദ്യ റൗണ്ടില്‍ അനായാസ ജയവുമായി അരൈന സബലെങ്ക. അമേരിക്കയില്‍ നിന്നുള്ള സ്ലൗവേന് സ്റ്റെഫെന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. പുരുഷ സിംഗിള്‍സില്‍ ജര്‍മന്‍ താരം അലക്സാണ്ടര്‍ സ്വരേവും ആദ്യ കളിയില്‍ തകര്‍പ്പന്‍ ജയത്തോടെ മുന്നേറി. ഭാരത താരം സുമിത്ത് നാഗല്‍ തോറ്റ് പുറത്തായി.
ഒന്നാം സീഡ് താരമായി മത്സരിച്ച ലോക ഒന്നാം റാങ്കുകാരി ബെലാറൂസില്‍ നിന്നുള്ള സബലെങ്ക നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്റ്റെഫെന്‍സിനെ തോല്‍പ്പിച്ചത്. സീഡില്ലാ താരമായി മത്സരിച്ച സ്റ്റെഫെന്‍സിനെ സ്കോര്‍: 63, 62ന് മറികടക്കുകയായിരുന്നു. വനിതാ സിംഗിള്‍സില്‍ ആദ്യ ദിവസം വലിയ അട്ടിമറികളൊന്നുമില്ല. അതേസമയം 29-ാം സീഡ് താരമായി മത്സരിച്ച ലിന്‍ഡ നോസ്കോവ പരാജയപ്പെട്ടു. സീഡില്ലാ താരമായി മത്സരിച്ച ക്ലാരാ ടൗസണിന് മുന്നിലാണ് നോസ്കോവ കീഴടങ്ങിയത്. സ്കോര്‍: 5-7, 6-3, 6-4.
അഞ്ചാം സീഡായി ഇറങ്ങിയ ചൈനയുടെ ക്വിന്‍വെന്‍ ഷെങ് ആദ്യ വിജയം നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നേടിയത്. സ്കോര്‍: 7-6(6-3), 6-1ന് അന്‍കാ ടൊഡോണിയെ തോല്‍പ്പിച്ചു. കാനഡയുടെ ലൈല ഫെര്‍ണാണ്ടസ്, തത്ജാനാ മരിയ, മിറ ആന്‍ഡ്രീവ, സൂസന് ലാമെന്‍സ്, ഡോന്ന വെകിച്, പോളോ ബഡോസ, ക്രിസ്റ്റീന ബുസ്ക, ജെസ്സീക്ക ബൗസാസ് എന്നിവരും വനിതാ സിംഗിള്‍സില്‍ ആദ്യ കടമ്പ കടന്നു.
പുരുഷ സിംഗിള്‍സില്‍ ലൂക്കാസ് പൗവില്ലിയെ നേരിട്ട രണ്ടാം സീഡ് താരം സ്വരേവ് നേരിട്ടുള്ള സെറ്റിന്റെ തകര്‍പ്പന്‍ ജയമാണ് ഇന്നലെ കൈവരിച്ചത്. സ്കോര്‍: 6-4, 6-4, 6-4ന്
വിജയിച്ചു. സ്പാനിഷ് താരം പെഡ്രോ മാര്‍ട്ടിനെസിന് രണ്ടാം റൗണ്ടിലേക്ക് വാക്കോവര്‍ ലഭിച്ചു. ടൂര്‍ണമെന്റിലെ ആദ്യ വാക്കോവറാണിത്. ആദ്യറൗണ്ടില്‍ എതിരാളി ലുസിയാനോ ഡാര്ഡെറി പിന്മാറിയതിനെ തുടര്‍ന്നായിരുന്നു വാക്കോവര്‍. യുഗോ ഹംബെര്‍ട്ട്, കാസ്പര്‍ റൂഡ്, കെയ് നിഷിയക്കോരി, ഹ്യൂഗോ ഗാസ്റ്റണ്‍, ആര്‍തര്‍ ഫില്‍സ് തുടങ്ങിയവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
ഭാരതത്തിന്റെ പ്രതീക്ഷ കാക്കാനിറങ്ങിയ സുമിത് നാഗല്‍ ആദ്യ മത്സരത്തില്‍ തന്നെ വീണു. റുമാനിയയുടെ ടോമസ് മഷാക്കിനോട് നേരിട്ടുള്ള സെറ്റിന്റെ തോല്‍വി വഴങ്ങുകയായിരുന്നു. സ്കോര്‍: 36, 61, 7-5.
പ്രതികരിക്കാൻ ഇവിടെ എഴുതുക: