മുംബൈ : ചൈനയിലെ ഒരു അനുഭവം പങ്കുവെയ്ക്കുകയും എല്‍ ആന്റ് ടിയിലെ തൊഴിലാളികളും ചൈനയിലേതുപോലെ ആഴ്ചയില്‍ 90 മണിക്കൂര്‍ നേരം ജോലി ചെയ്യുക എന്ന സംസ്കാരം അനുകരിക്കണമെന്നും പ്രസ്താവിച്ച എല്‍ ആന്റ് ടി ചെയര്മാന് സുബ്രഹ്മണ്യനെതിരെ കൂട്ട വിമര്‍ശനം ഉയരുന്നു. നടി ദീപിക പദുക്കോണാണ് ആദ്യമായി എല്‍ ആന്റ് ടി ചെയര്മാന് എതിരെ തിരിഞ്ഞത്. “ഇതുപോലെ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം കമന്റുകള്‍ നടത്തുന്നത് ഞെട്ടലുണ്ടാക്കുന്നു”- ഇതായിരുന്നു ദീപിക പദുക്കോണിന്റെ പ്രതികരണം.
ചൈനയിലെ ഒരു തൊഴിലാളി പറഞ്ഞ കഥയാണ് കഴിഞ്ഞ ദിവസം സുബ്രഹ്മണ്യന് പങ്കുവെച്ചത്. ചൈനയിലെ തൊഴിലാളി പറഞ്ഞത് ചൈന തീര്‍ച്ചയായും യുഎസിനെ മറികടക്കും എന്നായിരുന്നു. അതിന് കാരണം ചൈനയിലെ തൊഴിലാളികള്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട് എന്നതായിരുന്നു ഈ ചൈനീസ് തൊഴിലാളി ഇതിന് കാരണമായി പറഞ്ഞത്. ഈ അനുഭവ കഥ പറഞ്ഞശേഷമാണ് എല്‍ ആന്റ് ടിയിലെ തൊഴിലാളികളും ചൈനയിലെ ഈ തൊഴില്‍ സംസ്കാരം അനുകരിച്ച് ജോലി ചെയ്യണമെന്ന് ചെയര്മാന് സുബ്രഹ്മണ്യന് പറഞ്ഞത്. “നിങ്ങള്‍ക്ക് ലോകത്തിന്റെ നെറുകെയില്‍ എത്തണമെങ്കില്‍ ആഴ്ചയില്‍ 90 മണിക്കൂര്‍ നേരം ജോലി ചെയ്യണം. “- സുബ്രഹ്മണ്യന് പറഞ്ഞു. എല്‍ ആന്റ് ടിയുടെ പ്രധാനലക്ഷ്യം രാഷ്ടനിര്മ്മാണം കൂടിയാണെന്നും വേണ്ടി വന്നാല്‍ താന്‍ ഞായറാഴ്ചയും ജോലി ചെയ്യുമെന്നും എത്ര നേരമാണ് ഭാര്യയുടെ മുഖത്ത് നോക്കി ഇരിക്കാന്‍ സാധിക്കുകയെന്നും സുബ്രഹ്മണ്യന് പറഞ്ഞിരുന്നു. നേരത്തെ ഇന്‍ഫോസിസ് സ്ഥാപകനായ നാരായണമൂര്‍ത്തി ജപ്പാനെപ്പോലെ ഇന്ത്യ മുന്നേറണമെങ്കില്‍ തൊഴിലാളികള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ നേരം ജോലി ചെയ്യണമെന്ന് പ്രസ്താവിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു സുബ്രഹ്മണ്യന്റെ പുതിയ പ്രസ്താവന.
ജോലിയുടെ അളവല്ല, ഗുണനിലവാരമാണ് പ്രശ്നമെന്നും തനിക്ക് എത്ര നേരം വേണമെങ്കിലും ഭാര്യയുടെ മുഖത്ത് നോക്കി ഇരിക്കാന്‍ കഴിയുമെന്നും സുബ്രഹ്മണ്യത്തിന്റെ പ്രസ്താവനയെ തള്ളി മഹീന്ദ്ര ആന്റ് മഹീന്ദ്ര ചെയര്മാന് ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിരുന്നു. തെറ്റായ വഴിയിലാണ് കാര്യം നീങ്ങുന്നതെന്നും ആനന്ദ് മഹീന്ദ്ര സുബ്രഹ്മണ്യനെ വിമര്‍ശിച്ചിരുന്നു.
ഇപ്പോഴിതാ കോവിഡ് വാക്സിന് രംഗത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച അദാര്‍ പൂനവാലയും സുബ്രഹ്മണ്യത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഞായറാഴ്ച പോലും തന്റെ ഭാര്യ തന്റെ മുഖത്ത് നോക്കിയിരിക്കുമെന്നായിരുന്നു അദാര്‍ പൂനവാലെയുടെ പ്രതികരണം. ജോലിയുടെ ഗുണനിലവാരമാണ് അല്ലാതെ ജോലിയുടെ അളവല്ല പ്രധാനമെന്നും അദാര്‍ പൂനവാല പറഞ്ഞു.
വര്‍ക്ക്-ലൈഫ് ബാലന്‍സിനെക്കുറിച്ച് അദാനിയും പ്രതികരിച്ചിരുന്നു. ഒരാളുടെ നിയമം മറ്റൊരാളുടെ മേല്‍ അടിച്ചേല്പിക്കരുതെന്നും എട്ട് മണിക്കൂര്‍ നേരം ഭാര്യയുടെ മുഖത്ത് നോക്കിയിരുന്നാല്‍ ഭാര്യ ഓടിപ്പോകുമെന്നായിരുന്നു അദാനിയുടെ പ്രതികരണം.അതേ സമയം ഭാര്യയ്ക്കൊപ്പം നാല് മണിക്കൂര്‍ ചെലവഴിച്ചാലും സന്തോഷമുള്ളവരും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: