വരള്‍ച്ചയുടെ തീവ്രതയില്‍ ചുട്ടുപൊള്ളുന്ന സത്താറയില്‍ ഒരു മരപ്പച്ചയുണ്ട്. സഹ്യന്റെ ഓരത്ത് ഡക്കാന്‍ പീഠഭൂമിയുടെ ഊഷരതയില്‍ പൊട്ടിമുളച്ച ഒരു ഹരിതശോഭ. അത് കണ്ട് ആസ്വദിക്കണമെങ്കില്‍ വിന്ചുര്ണി ഗ്രാമം വരെ പോകണം. അവിടെയാണ് 91 കാരനായ ബാബുലാല്‍ ഗാന്ധി താമസിക്കുന്നത്. അവിടെയാണ് തനിക്കു ചുറ്റുമുള്ള നൂറ് ഏക്കര്‍ ഭൂമിയെ അദ്ദേഹം ഹരിതഭംഗി കൊണ്ട് അലങ്കരിച്ചത്.
വരണ്ട ഭൂമിയിലൂടെ നിരവധി കിലോമീറ്ററുകള്‍ സഞ്ചരിക്കുമ്പോഴാണ് നാം വിന്ചുര്ണിയിലെത്തുക. അവിടെ വലിയൊരു തടാകം കാണാം. ഏതാണ്ട് 25 ഏക്കര്‍ വിസ്തൃതിയുള്ള വമ്പന്‍ തടാകം. അതിനു ചുറ്റും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച പഴന്തോട്ടങ്ങളാണ്. പേരയും സപ്പോര്‍ട്ടയും മാവും മുതല്‍ മത്തനും തണ്ണിമത്തനും വരെ. ഒപ്പം കരിമ്പും മുളയും ഔഷധസസ്യങ്ങളും. അതിനുമപ്പുറം കാടാണ്. കൃത്യമായി പറഞ്ഞാല്‍ കോടാലി നിരോധനമേഖല. അവിടെ വന്യമൃഗങ്ങളുടെ വലിയൊരു നിര തന്നെയുണ്ട്. മാനും മുയലും കുറുക്കനും മയിലും മുതല്‍ ഹയാന വരെ. തടാകത്തിലും ചുറ്റുമായി നൂറ് കണക്കിന് ദേശാടന കിളികള്‍.
ബാബുലാല്‍ ഗാന്ധി അക്ഷരാര്‍ത്ഥത്തില്‍ ഒരു ഗാന്ധിയനാണ്. പൂനെയില്‍നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ഫുല്ട്ടാനിലാണ് ജനനം. പഠനം ന്യൂദല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളജില്‍. അവിടെ നിന്നാണ് മാസ്റ്റര്‍ ബിരുദം. തുടര്‍ന്ന് അദ്ദേഹം വിനോബ ഭാവെയുടെ അനുയായി ആയി ഭൂദാന പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയായി. ഭൂമിയില്ലാത്ത ദരിദ്രര്‍ക്ക് സമ്പന്നരില്‍ നിന്ന് ഭൂമി വാങ്ങി സംഭാവന ചെയ്യുന്ന മഹായജ്ഞമായിരുന്നു ഭൂദാനം. അതിന്റെ ഭാഗമായി ഭാരതത്തിന്റെ മിക്ക ഭാഗങ്ങളിലും ബാബുലാല്‍ കാല്‍നടയായി സഞ്ചരിച്ചു. അതിനിടെ പശുരക്ഷയില് ശ്രദ്ധ കേന്ദ്രീകരിച്ചു. ഗോഹത്യക്കെതിരെ നടത്തിയ നിരന്തര ഇടപെടലുകള്‍ അദ്ദേഹത്തെ ജറുനാബന് പുരസ്കാരത്തിന് അര്‍ഹനാക്കി. പക്ഷേ രാജ്യത്തിന്റെ മുക്കും മൂലയും കണ്ടറിഞ്ഞ ഭൂദാന യാത്രകളായിരുന്നു ബാബുലാലിനെ യഥാര്‍ത്ഥ ‘ഗാന്ധിജി’ ആക്കിയത്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയതിലുള്ള ദുഃഖം അദ്ദേഹം തീര്‍ത്തത് മണ്ണില്‍ പൊന്നു വിളയിക്കുന്നതിന് നേതൃത്വം നല്‍കിയതിലൂടെയാണ്. ‘സുസ്ഥിര കൃഷി’എന്നതായി അദ്ദേഹത്തിന്റെ മുദ്രാവാക്യം.
അങ്ങനെ അദ്ദേഹം തനിക്ക് പൂര്‍വിക സ്വത്തായി ലഭിച്ച വില്ചുര്ണിയിലെത്തി. ഉണങ്ങി വരണ്ട് പാറ നിറഞ്ഞ നൂറ് ഏക്കര്‍ പറമ്പ് മാറ്റി മറിച്ച് ഹരിത സ്വര്‍ഗമാക്കി മാറ്റാന്‍ അദ്ദേഹത്തിന് വേണ്ടി വന്നത് അരനൂറ്റാണ്ട്. ഗ്രാമത്തിലെത്തിയ ബാബുലാലിന്റെ ആദ്യ ലക്ഷ്യം ജല സമ്പാദനമായിരുന്നു. അതിന് വലിയൊരു കുളംകുത്തി. അതിന്റെ വലിപ്പം ഏതാണ്ട് 25 ഏക്കര്‍. ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യുന്നതിന് ഏതാണ്ട് അഞ്ച് കിലോമീറ്റര്‍ നീളത്തില്‍ കാനകള്‍ കുത്തി. പാറകളെ തുരന്നിളക്കാനും അതിലൂടെ ആഴത്തില്‍ വേരുകള്‍ കടത്താനും ശേഷിയുള്ള ഗൂഗാല് (കോമിഫോറ വെയ്റ്റി) എന്ന ഔഷധ സസ്യം വ്യാപകമായി കൃഷി ചെയ്തു. പരക്കെ ഫലവൃക്ഷങ്ങള്‍ നട്ടു. അതിന് മുളകള്‍ അതിരുകള്‍ തീര്‍ത്തു. പാറ നിറഞ്ഞ പറമ്പിനു പറ്റിയ മരങ്ങളെ കണ്ടെത്തി നട്ടുപിടിപ്പിച്ചു. കാട് വളര്‍ന്നു തുടങ്ങിയപ്പോള്‍ ബാബുലാല്‍ തന്റെ നയം വ്യക്തമാക്കി-ഇവിടെ കോടലി പാടില്ല.
മണ്ണില്‍ പുതയിടല്‍ നിര്‍ബന്ധമായിരുന്നു. അത് കൊടുംചൂടിലും മണ്ണിന്റെ ഈര്‍പ്പത്തെ കാത്തു. ബണ്ടുകളും തടയണകളും ആ ശ്രമത്തിന് ബലം പകര്‍ന്നു. ബാബുലാലിന്റെ സ്വര്‍ഗത്തില്‍ പശുക്കള്‍ക്ക് വലിയ പ്രാധാന്യമായിരുന്നു നല്‍കിയത്. പാല് വരുമാനം നല്കി. പശുവിന്റെ ചാണകവും മൂത്രവും ബയോഗ്യാസ് ആയി മാറി. അതില്‍നിന്ന് പുറത്തുവരുന്ന സ്ലറി ഫലവൃക്ഷങ്ങളില്‍ കനകം വിളയിച്ചു. ബാബുലാലിന്റെ കുതിപ്പിനും കിതപ്പിനും അനുജന് മഖന്‍ലാല്‍ ഗാന്ധിയും കൂട്ടുനിന്നു. ചാണകത്തിന്റെ പ്രാധാന്യം നന്നായറിഞ്ഞ ബാബുലാല്‍ തന്റെ പറമ്പില്‍ കാലി മേയ്ക്കാന്‍ അയല്‍ക്കാരെ ക്ഷണിച്ചു. അവയുടെ ചാണകവും മൂത്രവും മണ്ണിനെ മെരുക്കി. രണ്ട് തട്ടുകളായുള്ള കൃഷിയാണ് ബാബുലാലിന്റെ കരുത്ത്. ഒരേ സ്ഥലത്ത് സമ്മിശ്ര കൃഷി നടപ്പാക്കിയത് വരുമാനം വര്‍ധിപ്പിച്ചു. ഒപ്പം മണ്ണിന്റെ ശോഷണം തടഞ്ഞ് ഫലപുഷ്ടി വര്‍ധിപ്പിക്കാന്‍ സഹായിച്ചു. പരമാവധി കുറവ് വെള്ളമാണ് അദ്ദേഹം കൃഷിയിടത്തില്‍ ഉപയോഗിച്ചത്. തുള്ളിനന അഥവാ ഡ്രിപ് ഇറിഗേഷന്‍ അതിന് സഹായിച്ചു. ഭൂമി വരണ്ടുണങ്ങിക്കിടന്ന ആദ്യ നാളുകളില്‍ തന്റെ തോട്ടത്തില്‍ തണ്ണിമത്തന് വളര്‍ത്താന്‍ ബാബുലാല്‍ കാണിച്ച ധൈര്യം ഏറെ കര്‍ഷകര്‍ക്ക് ആവേശം പകര്‍ന്നു. തണ്ണിമത്തന്റെ ഇലകള്‍ കളകളെ ഒതുക്കി. അവയ്ക്കൊപ്പം നട്ട പയര്‍ ചെടികള്‍ മണ്ണിന് നൈട്രജന്‍ നല്കി; ഉടമയ്ക്ക് പണവും. വെള്ളം കുറച്ച് മാത്രം ആവശ്യപ്പെടുന്ന വിളകളായ കാബേജ്, കോളിഫഌവര്‍, പയര്‍ എന്നിവയും ബാബുലാലിന്റെ സ്വര്‍ഗത്തില്‍ വ്യാപകമായി കൃഷി ചെയ്യുന്നു. ജനങ്ങളുടെ പട്ടിണി മാറ്റാനുള്ള എളിയ ശ്രമത്തിന്റെ തുടക്കമായിരുന്നു. തന്റെ കൃഷിയിടത്തില്‍ ആരംഭിച്ചതെന്ന് ബാബുലാല്‍ പറയുന്നു. പക്ഷേ അതിനൊപ്പം പരിസ്ഥിതി സംരക്ഷിക്കാനും ജൈവവൈവിധ്യം നിലനിര്‍ത്താനും കഴിഞ്ഞു.
ബാബുലാലിന്റെ ഹരിതോദ്യാനം ഇന്ന് രാജ്യത്തിനു തന്നെ മാതൃകയാണ്. ജലസംരക്ഷണത്തിന്റെയും ജൈവ സന്തുലനത്തിന്റെയും ഉദാത്ത മാതൃക. ആഗ്രഹവും ആശയവും അധ്വാനിക്കാനുള്ള കരുത്തുമുണ്ടെങ്കില്‍ മരുഭൂമിയിലും മരുപ്പച്ച സൃഷ്ടിക്കാനും അതില്‍നിന്ന് വരുമാനം ഉണ്ടാക്കാനും കഴിയുമെന്നതിന്റെ മഹാമാതൃക. ഇന്ന് കുട്ടികളുടെയും കര്‍ഷകരുടെയും സര്‍വകലാശാലയാണ് ബാബുലാലിന്റെ ഭൂമി. അവിടെയെത്തുന്ന കുട്ടികള്‍ കൃഷി പഠിക്കുന്നു; കള പറിക്കുന്നു; വിളവിറക്കുന്നു; വിളവെടുക്കുകയും ചെയ്യുന്നു. മരുമക്കളായ മാധവി, മാധുരി, മിദോരി, മരുമകന് യോഗേഷ് എന്നിവര്‍ക്കൊപ്പം ബാബുലാല്‍ അതിനൊക്കെ നേതൃത്വം നല്കുന്നു.
കൃഷിയും പ്രകൃതി പരിപാലനവും മാത്രവുമല്ല ബാബുലാല്‍ ഗാന്ധിയുടെ ഇഷ്ടവിഷയം. അനന്തരവന് യോഗേഷ് ഫാല്ട്ടണില് തുടങ്ങിയ മെഡിക്കല്‍ സ്റ്റോറിന്റെ ഉദ്ഘാടനത്തിനെത്തിയ ബാബുലാല്‍ പറഞ്ഞത് അതിനുദാഹരണം ”നമ്മുടെ നഗരങ്ങളില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ഉണ്ടാവരുത്. നമുക്കു വേണ്ടത് നല്ല ഭക്ഷണവും ശുദ്ധമായ അന്തരീക്ഷവുമാണ്. അത് നമ്മുടെ ആരോഗ്യം മെച്ചപ്പെടുത്തും. ജനക്ഷേമം റപ്പാക്കും. നമുക്ക് മെഡിക്കല്‍ ഷോപ്പുകള്‍ വേണ്ട. അതുകൊണ്ട് നമുക്കെന്താണ് പ്രയോജനം?”
പ്രതികരിക്കാൻ ഇവിടെ എഴുതുക: